കൊച്ചി: സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് അന്വേഷണസംഘത്തിനെതിരേ കോടതിയുടെ രൂക്ഷവിമർശനം. മുഖ്യമന്ത്രിയുടെ മുൻപ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ കസ്റ്റഡി അപേക്ഷ കേൾക്കുന്നതിനിടെയായിരുന്നു ഇത്. ശിവശങ്കർ വഹിച്ചിരുന്ന പദവികൾ കസ്റ്റഡി അപേക്ഷയിൽ പരാമർശിക്കാതിരുന്നത് ഭയം മൂലമാണോയെന്നും അന്വേഷണത്തിന്റെ അവസാനനിമിഷം അറസ്റ്റിലേക്കുനയിച്ച കാരണമെന്തെന്നും കോടതി ചോദിച്ചു. കസ്റ്റംസ് 10 ദിവസം ആവശ്യപ്പെട്ടെങ്കിലും അഞ്ചു ദിവസത്തേക്കാണ് കോടതി ശിവശങ്കറിനെ കസ്റ്റഡിയിൽ വിട്ടത്. കസ്റ്റംസിനെതിരേ അതൃപ്തി അറിയിക്കുകയും ചെയ്തു.

കസ്റ്റഡി അപേക്ഷ സമർപ്പിക്കുന്നതിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം തുടങ്ങിയത്. അപേക്ഷയിൽ ‘തിരുവനന്തപുരം, പൂജപ്പുര ദേവദർശനയിൽ എൻ.ഡി. മാധവൻ നായരുടെ മകൻ എം. ശിവശങ്കർ’ എന്നുമാത്രമാണ് കസ്റ്റംസ് രേഖപ്പെടുത്തിയിരുന്നത്. മുൻ പ്രിൻസിപ്പൽ സെക്രട്ടറിയാണ് പ്രതി എന്നുപറയാൻ കസ്റ്റംസ് ഭയക്കുന്നുണ്ടോ എന്ന് കോടതി ചോദിച്ചു.

ശിവശങ്കറിന്റെ സ്വാധീനം ഉപയോഗപ്പെടുത്താൻ സ്വപ്‌നയും സരിത്തും എന്തിന് തീരുമാനിച്ചു എന്നും കേസിലുൾപ്പെട്ട മറ്റുള്ളവരും ശിവശങ്കറും തമ്മിലുള്ള ബന്ധമെന്തെന്നും അപേക്ഷയിൽ കാണുന്നില്ല. സ്വർണക്കടത്തിനെ എങ്ങനെയാണ് ശിവശങ്കർ സഹായിച്ചതെന്ന് സത്യവാങ്മൂലത്തിലും പറയുന്നില്ല. കസ്റ്റംസിന്റെ കസ്റ്റഡി അപേക്ഷയിൽ 10 ദിവസം വേണമെന്നും സത്യവാങ്മൂലത്തിൽ അഞ്ചുദിവസത്തെ കസ്റ്റഡി എന്നും രേഖപ്പെടുത്തിയ വൈരുധ്യവും കോടതി ചൂണ്ടിക്കാട്ടി.

എന്നിരുന്നാലും കേസിൽ വിശദമായ അന്വേഷണം നടക്കേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി. സ്വർണക്കടത്ത് നടന്ന സമയത്ത് ശിവശങ്കർ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നതും കോടതി ചൂണ്ടിക്കാട്ടി. ശിവശങ്കറിന്റെ ഫോൺ സിഡാക്കിൽ പരിശോധിച്ചിരുന്നു. ഇതിൽനിന്നും ലഭിച്ച വാട്‌സാപ്പ് ചാറ്റുകളും പ്രതികളുടെ മൊഴികളും പരിശോധിച്ചതിൽ, ശിവശങ്കറിന് പങ്കില്ലെന്ന് സ്വപ്നാ സുരേഷ് നൽകിയ മൊഴി അസത്യമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ വിലയിരുത്തിയിട്ടുണ്ട്. വാട്‌സാപ്പ് ചാറ്റുകളിൽനിന്നു ലഭിച്ച തെളിവുകൾ പ്രഥമദൃഷ്ട്യാ സ്വർണക്കടത്തിന് ശിവശങ്കർ സഹായിച്ചു എന്ന് വ്യക്തമാകുന്നതായി കസ്റ്റംസ് അവകാശപ്പെടുന്നതായും കോടതി ചൂണ്ടിക്കാട്ടി.

കസ്റ്റംസ് അന്വേഷണസംഘം ശിവശങ്കറിനെ കുടുക്കാൻ ശ്രമിക്കുകയാണെന്ന് ശിവശങ്കറിന്റെ അഭിഭാഷകൻ ആരോപിച്ചു. സ്വപ്‌നയുടെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റും കസ്റ്റഡി ആവശ്യവുമെന്ന് കസ്റ്റംസിന്റെ അഭിഭാഷകർ അറിയിച്ചു.

Content Highlights: gold smuggling, M Sivasankar, costumes-Courtcriticizes customs