തിരുവനന്തപുരം: വിമാനത്താവളം വഴി സ്വർണം കടത്താൻ സഹായിച്ച കസ്റ്റംസ് എയർ ഇന്റലിജൻസ് സൂപ്രണ്ട് വി. രാധാകൃഷ്ണന്റെ അറസ്റ്റിലേക്കു നയിച്ചത് നിരീക്ഷണക്യാമറാ ദൃശ്യങ്ങൾ. നിരീക്ഷണക്യാമറാദൃശ്യങ്ങളിൽനിന്നാണ് സൂപ്രണ്ടിന്റെ ഇടപെടലുകൾ സംബന്ധിച്ച തെളിവുകൾ ലഭിച്ചത്.
സ്വർണക്കടത്ത് സംഘമെത്തുന്ന സമയത്ത് ഹാൻഡ് എക്‌സ്‌റേ മെഷീനിൽ ഡ്യൂട്ടിയിലുള്ള ഇൻസ്‌പെക്ടർമാരെ മാറ്റിയശേഷം ചുമതല സൂപ്രണ്ട് ഏറ്റെടുക്കുകയാണ് ചെയ്തിരുന്നത്. സ്വർണവുമായി സംഘം വിമാനത്താവളത്തിന് പുറത്തെത്തിയെന്ന് ഉറപ്പുവരുത്തിയശേഷമാണ് ഇയാൾ ഡ്യൂട്ടിയിൽനിന്ന് മാറുക. ചുമതല മാറുമ്പോൾ ഡ്യൂട്ടി രജിസ്റ്ററിൽ വിവരം രേഖപ്പെടുത്തണമെന്ന നിബന്ധന പാലിച്ചിട്ടില്ലെന്നും റവന്യൂ ഇന്റലിജൻസ് കണ്ടെത്തി.
കൊച്ചിയിലെ സാമ്പത്തിക കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കാക്കനാട് ജില്ലാ ജയിലിലേക്കാണ് മാറ്റിയത്. കൂടുതൽ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്നും റവന്യൂ ഇന്റലിജൻസ് സംശയിക്കുന്നു. സൂപ്രണ്ടിനൊപ്പം ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെയും ചോദ്യംചെയ്യും.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റുണ്ടാകും. ഒളിവിൽപ്പോയ അഭിഭാഷകൻ കഴക്കൂട്ടം വെട്ടുറോഡ് സ്വദേശി ബിജുമനോഹർ, ഇയാളുടെ പങ്കാളികളായ വിഷ്ണു, കഴക്കൂട്ടം സ്വദേശിനി, പ്രകാശൻ തമ്പി എന്നിവരെക്കുറിച്ചുള്ള വിവരങ്ങൾ അന്വേഷണസംഘം ശേഖരിച്ചു. ഇവർക്കെതിരേ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
മേയ് 13-ന് സ്വർണവുമായി പിടിയിലായ സെറീന, കണ്ടക്ടർ സുനിൽകുമാർ, അഭിഭാഷകന്റെ ഭാര്യ വിനിത എന്നിവർ ഇപ്പോൾ ജയിലിലാണ്.
Content Highlights: Gold smuggling, DRI, customs superintendent,TVM airport