തിരുവനന്തപുരം: കസ്റ്റംസ് ചോദ്യം ചെയ്യാൻ കൊണ്ടുപോകവേ വാഹനത്തിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് സ്വകാര്യ ആശുപത്രിയിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നടുവേദനയുണ്ടെന്ന് പറഞ്ഞതിനാൽ സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ഡിസ്‌ക് തകരാർ കണ്ടെത്തിയിരുന്നു. ശനിയാഴ്ച ഉച്ചയ്ക്കുശേഷം വിദഗ്‌ധപരിശോധനകൾക്കായാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. അസ്ഥിരോഗവിഭാഗം ഐ.സി.യു.വിൽ പ്രവേശിപ്പിച്ചു.
സ്വകാര്യ ആശുപത്രിയിൽനിന്ന് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാൻ ആംബുലൻസിലേക്ക് കയറ്റുന്നതിന്റെ ചിത്രങ്ങളെടുക്കാൻ ശ്രമിച്ച മാധ്യമപ്രവർത്തകരെ ആശുപത്രി ജീവനക്കാരൻ കൈയേറ്റംചെയ്തത് സംഘർഷത്തിന് വഴിവെച്ചു. മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചപ്പോഴും മാധ്യമപ്രവർത്തകരെ തടയാൻ ശ്രമമുണ്ടായി.
സ്വകാര്യ ആശുപത്രിയിലെത്തിയപ്പോൾ രക്താതിസമ്മർദവും ഇ.സി.ജി.യിൽ നേരിയ വ്യതിയാനവും കണ്ടതിനെ തുടർന്നാണ് കാർഡിയാക് ഐ.സി.യു.വിൽ പ്രവേശിപ്പിച്ചത്. ശനിയാഴ്ച രാവിലെ ആൻജിയോഗ്രാം പരിശോധനയിൽ പ്രശ്‌നങ്ങളൊന്നും ഉള്ളതായി കണ്ടില്ല. കടുത്ത നടുവേദനയുണ്ടെന്ന് അറിയിച്ചതിനെ തുടർന്ന് അദ്ദേഹത്തിന് ന്യൂറോളജി, ന്യൂറോ സർജറി വിഭാഗങ്ങളിൽ പരിശോധന നടത്തി. എം.ആർ.ഐ. പരിശോധനയിൽ ഡിസ്‌കിന് തകരാറുണ്ടെന്നു കണ്ടതിനെ തുർന്ന് മറ്റൊരിടത്ത് അഭിപ്രായം ആരായാനായിരുന്നു ഡോക്ടർമാർ നിർദേശിച്ചത്. ഇതേത്തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റാൻ തീരുമാനിച്ചു. ഈ സമയം ആശുപത്രിയിലുണ്ടായിരുന്ന കസ്റ്റംസ് ഉദ്യോഗസ്ഥരും സ്ഥിതിഗതികൾ നിരീക്ഷിച്ചിരുന്നു.
മാധ്യമങ്ങളുടെ കണ്ണിൽപ്പെടാതെ ശിവശങ്കറിനെ ആശുപത്രിയിൽനിന്ന് മാറ്റാനുള്ള ശ്രമമാണുണ്ടായത്. ആശുപത്രിയുടെ എമർജൻസി മെഡിസിൻ വഴി പുറത്തേക്ക് എത്തിച്ച് ആംബുലൻസിൽ കയറ്റി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.
മെഡിക്കൽ കോളേജ് ന്യൂറോ വിഭാഗത്തിൽ പരിശോധന നടത്തിയെങ്കിലും ആരോഗ്യപ്രശ്നങ്ങളൊന്നും കണ്ടെത്താനായില്ല. അസ്ഥിരോഗവിഭാഗത്തിലെ പ്രാഥമിക പരിശോധനകൾക്കുശേഷം ഐ.സി.യു.വിലേക്ക് മാറ്റി. വിദഗ്‌ധ പരിശോധനകൾക്കായി ഓർത്തോപീഡിക് വിഭാഗം മേധാവിയുടെ നേതൃത്വത്തിൽ മെഡിക്കൽ ബോഡും രൂപവത്‌കരിച്ചിട്ടുണ്ട്. ആരോഗ്യനില തൃപ്തികരമാണെന്ന് മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ അറിയിച്ചു.