കൊച്ചി: സ്വർണക്കടത്ത് കേസിൽ അന്വേഷണവുമായി എൻ.ഐ.എ.യുടെ രണ്ടാം സംഘം യു.എ.ഇ.യിലേക്ക്. കേരളത്തിൽനിന്നുള്ള അഞ്ചുപേരാണ് അന്വേഷണത്തിനായി യു.എ.ഇ.യിലേക്കു തിരിക്കുന്നത്. ആദ്യം ഡൽഹിയിൽനിന്നുള്ള എസ്.പി.യടക്കം രണ്ടുപേരാണ് യു.എ.ഇ.യിലേക്കു പോയിരുന്നത്. കേസിലെ തീവ്രവാദ ബന്ധത്തിനു കൂടുതൽ തെളിവുകൾ കിട്ടിയ സാഹചര്യത്തിലാണ് യു.എ.ഇ.യിലെ അന്വേഷണം വിപുലപ്പെടുത്തുന്നതെന്നാണ് സൂചന.
സ്വർണക്കടത്തിലെ പ്രധാന കണ്ണിയായ ഫൈസൽ ഫരീദിനെയും റബിൻസിനെയും വിശദമായി ചോദ്യംചെയ്യലായിരുന്നു ആദ്യസംഘത്തിന്റെ ലക്ഷ്യമെങ്കിൽ തീവ്രവാദ ബന്ധമടക്കമുള്ള കാര്യങ്ങളുടെ അന്വേഷണമാണ് രണ്ടാം സംഘം ലക്ഷ്യമിടുന്നത്.
അധ്യാപകന്റെ കൈവെട്ടിയ കേസിൽ കുറ്റവിമുക്തനായ പ്രതി മുഹമ്മദലിയുടെ കൂട്ടാളികളെയാണ് എൻ.ഐ.എ. ദുബായിൽ തേടുന്നതെന്നാണു വിവരം. സ്വർണക്കടത്തിലെ മുഖ്യകണ്ണിയായ കെ.ടി. റമീസിൽനിന്ന് മുഹമ്മദലി സ്വർണം വാങ്ങിയതായി എൻ.ഐ.എ. കണ്ടെത്തിയിരുന്നു. ഇവരുടെ കൂട്ടുകെട്ട് സാമ്പത്തിക കുറ്റകൃത്യമെന്നതിനപ്പുറത്തേക്ക് പോയിട്ടുണ്ടെന്നാണ് എൻ.ഐ.എ. പറയുന്നത്.
കൈവെട്ടുകേസിൽ മുഹമ്മദലി പ്രതികൾക്കു സാമ്പത്തികസഹായം നൽകിയെന്ന് എൻ.ഐ.എ. കുറ്റപത്രത്തിൽ പറഞ്ഞിരുന്നെങ്കിലും കോടതിയിൽ അതു തെളിയിക്കാനായിരുന്നില്ല. സ്വർണക്കടത്തിലൂടെ മുഹമ്മദലി നേടിയ സാമ്പത്തികലാഭത്തെപ്പറ്റിയുള്ള വിവരങ്ങൾ ഇപ്പോൾ എൻ.ഐ.എ.യുടെ കൈവശമുണ്ട്. ഇതിലൂടെ ലഭിച്ച തുക തീവ്രവാദ പ്രവർത്തനങ്ങൾക്ക് വിനിയോഗിച്ചോ എന്നാണ് അന്വേഷിക്കുന്നത്.
കേസിലെ പ്രധാന കണ്ണിയായ റമീസ് ഹൈദരാബാദിൽ തടി എത്തിച്ചതും അന്വേഷിക്കും. ഹൈദരാബാദിലെ യു.എ.ഇ. കോൺസുലേറ്റിന്റെ നവീകരണവുമായി ബന്ധപ്പെട്ട പ്രവൃത്തികളുടെ കരാർ സ്വപ്നയ്ക്കായിരുന്നു. ഇതിലൂടെ ലഭിച്ച കമ്മിഷനാണ് എൻ.ഐ.എ. ബാങ്ക് ലോക്കറുകളിൽ കണ്ടെത്തിയതെന്ന് സ്വപ്ന സമ്മതിച്ചിരുന്നു. നവീകരണ പ്രവർത്തനങ്ങൾക്ക് ആഫ്രിക്കയിൽനിന്നു കൊണ്ടുവന്ന തടിയുടെ മറവിൽ റമീസ് സ്വർണം കടത്തിയോയെന്നാണ് അന്വേഷിക്കുന്നത്.