കൊച്ചി: ‘‘സ്വർണക്കള്ളക്കടത്ത് നടക്കുമ്പോൾ എം. ശിവശങ്കർ മുഖ്യമന്ത്രിയുടെ ഓഫീസിൽ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നു. അതിനാൽ മറ്റൊരാളെ മറയാക്കണമായിരുന്നു. അതിനായി സ്വപ്നയെ ഉപയോഗിച്ചതിനാണ് സാധ്യത’’ -ഇ.ഡി.യും കസ്റ്റംസും അറസ്റ്റുചെയ്യാൻ സാധ്യതയുള്ളതിനാൽ മുൻകൂർ ജാമ്യം തേടി മുൻ ഐ.ടി. സെക്രട്ടറി എം. ശിവശങ്കർ നൽകിയ ഹർജിയിലെ വാദത്തിൽ അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജുവിന്റെ പ്രധാന വാദമിതായിരുന്നു. ഇക്കാര്യത്തിലൊക്കെ അന്വേഷണം നടക്കുകയാണ്. അതിനാൽ മുൻകൂർ ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കും. മുതിർന്ന ഉദ്യോഗസ്ഥനാണ് ഇത്തരത്തിലുള്ള ഇടപാടിൽ പങ്കാളിയായതെന്നത് നടുക്കമുണ്ടാക്കുന്നതാണ്. സ്വർണമടങ്ങിയ ബാഗേജ് വിട്ടുനൽകാൻ ശിവശങ്കർ കസ്റ്റംസിനെ വിളിച്ചുവെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ ആരോപിച്ചു. ഇ.ഡി.യുടെ അന്വേഷണറിപ്പോർട്ട് മുദ്രവെച്ച കവറിൽ കോടതിക്ക് കൈമാറുകയുംചെയ്തു. ഇതെല്ലാം കണക്കിലെടുത്ത് മുൻകൂർ ജാമ്യം അനുവദിക്കരുത്.

ലോക്കർ താക്കോൽ സ്വപ്നയുടെ കൈയിൽ

എന്നാൽ, ശിവശങ്കർ കസ്റ്റംസിനെ വിളിച്ചിട്ടില്ലെന്ന് 302 പേജുള്ള റിപ്പോർട്ടിൽ പറയുന്നുണ്ടെന്ന് ശിവശങ്കറിനായി ഹാജരായ സീനിയർ അഭിഭാഷകൻ പി. വിജയഭാനു ബോധിപ്പിച്ചു. ശിവശങ്കറും സ്വപ്നാസുരേഷും തമ്മിലുള്ള വാട്‌സാപ്പ് സന്ദേശത്തിൽ പറയുന്നത് 2018-ൽ ലോക്കറിൽ 30 ലക്ഷം രൂപ വെച്ചതിനെക്കുറിച്ചാണ്. ആ പണം മൂന്നോ നാലോ മാസത്തിനുള്ളിൽ പിൻവലിച്ചിരുന്നു. അതിനുശേഷം ചാർട്ടേഡ് അക്കൗണ്ടന്റിന്റെ പക്കൽനിന്ന് ലോക്കറിന്റെ താക്കോൽ സ്വപ്ന വാങ്ങിയിരുന്നു. പിന്നെ എന്തുനടന്നുവെന്ന് അറിയില്ല.

ലോക്കർ ഇപ്പോഴുമില്ലേയെന്ന് കോടതി

ഈഘട്ടത്തിൽ ലോക്കർ ഇപ്പോഴുമില്ലേയെന്ന് കോടതി ചോദിച്ചു. ലോക്കർ ഉണ്ട് എന്നാൽ, ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിനുപോലും എന്താണ് പിന്നീട് നടന്നതെന്ന് അറിയില്ല. ലോക്കർ സ്വപ്നയുടെയും വേണുഗോപാലിന്റെയും പേരിൽ അല്ലേയെന്നും കോടതി ആരാഞ്ഞു. ലോക്കർ തുറക്കാൻ വേണുഗോപാലാണ് പണം നൽകിയത്. അതിനാലാണ് രണ്ടുപേരുടെയും പേരിൽ ലോക്കർ തുറന്നതെന്ന് ശിവശങ്കറിന്റെ അഭിഭാഷകൻ വിശദീകരിച്ചു.

അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നത് തെറ്റ്

60 മണിക്കൂറോളം കസ്റ്റംസും 36 മണിക്കൂറോളം ഇ.ഡി.യും ചോദ്യം ചെയ്തിട്ടും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് പറയുന്നത്. ജാമ്യഹർജി വന്നപ്പോൾ അറസ്റ്റുചെയ്യേണ്ടതില്ലെന്നാണ് എൻ.ഐ.എ.യും വ്യക്തമാക്കിയത്. സാമ്പത്തികകുറ്റകൃത്യത്തിലും മുൻകൂർ ജാമ്യം നൽകുന്നതിന് തടസ്സമില്ല. അന്വേഷണവുമായി സഹകരിക്കാൻ എപ്പോഴും തയ്യാറാണ്. ദിവസവും പുതിയപുതിയ കേസുകൾ എടുക്കുകയാണെന്നും സീനിയർ അഭിഭാഷകൻ ആരോപിച്ചു. തുടർന്നാണ് ഹർജി വിധിപറയാനായി മാറ്റിയത്.

Content Highlights: gold smuggling case- m shivashankar