കൊച്ചി: സ്വർണക്കടത്ത് ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യമാണെന്നും ഇതിൽ പങ്കാളികളായവർ വൻ കള്ളക്കടത്ത് സംഘത്തിന്റെ ഭാഗമാണെന്നും കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചു. രണ്ടുപേരെ വിദേശത്തുനിന്ന് അറസ്റ്റ് ചെയ്യാനുണ്ട്. പ്രതികൾക്ക് ജാമ്യം അനുവദിച്ചാൽ തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനുമുള്ള സാധ്യത ഏറെയാണ്. അത് അന്വേഷണത്തെ ദുർബലപ്പെടുത്തും- കസ്റ്റംസ് കോടതിയെ അറിയിച്ചു.
സ്വപ്‌നാ സുരേഷ്, ടി.എം. മുഹമ്മദ് അൻവർ, മുഹമ്മദ് അബ്ദുൾ ഷമീം, ജിഫ്‌സൽ എന്നിവരുടെ ജാമ്യ ഹർജിയാണ് ജസ്റ്റിസ് അശോക് മേനോൻ പരിഗണിച്ചത്.
ജാമ്യ ഹർജി എതിർത്തുകൊണ്ട് ഒരോരുത്തരുടെയും പേരിൽ പ്രത്യേകം റിപ്പോർട്ട് കസ്റ്റംസ് കോടതിയിൽ സമർപ്പിച്ചു. ഹവാല ഇടപാടിലൂടെയാണ് സ്വർണക്കടത്തിനാവശ്യമായ പണം വിദേശത്ത് എത്തിച്ചത്. കടത്തിക്കൊണ്ടുവരുന്ന സ്വർണം ഈ റാക്കറ്റുംകൂടി പങ്കാളിയായ ജൂവലറിയിലൂടെ മാറ്റിയെടുക്കുമെന്ന് കസ്റ്റംസ് പറഞ്ഞു. പ്രതികൾ മൂന്നുപേരും വിദേശത്ത് വിവിധ സ്ഥാപനങ്ങൾ നടത്തുകയായിരുന്നുവെന്നും സ്വർണക്കടത്തിൽ ഒരു പങ്കമില്ലെന്നുമായിരുന്നു ഹർജിയിൽ പറഞ്ഞിരുന്നത്.