കൊച്ചി: നയതന്ത്ര ബാഗേജിന്റെ മറവിൽ സ്വർണം കടത്തിയ കേസിൽ തിരുവനന്തപുരം യു.എ.ഇ. കോൺസുലേറ്റിലെ മുൻ കോൺസൽ ജനറൽ ജമാൽ ഹുസൈൻ അൽ സാബിക്കും മുൻ അഡ്മിൻ അറ്റാഷേ റാഷിദ് ഖാമിസ് അലിക്കും നോട്ടീസ് അയക്കാൻ കസ്റ്റംസ് തീരുമാനിച്ചു. ഇതിന് വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു. കേസിൽ പ്രതികളായവർക്കും കേസുമായി ഏതെങ്കിലുംരീതിയിൽ ബന്ധപ്പെട്ടവർക്കും കാരണംകാണിക്കൽ നോട്ടീസ് അയക്കുന്നുണ്ട്.

ക്രിമിനൽനടപടി ചട്ടപ്രകാരം ഇവരെ പ്രതിചേർക്കണോ എന്നതിൽ തീരുമാനമെടുത്തിട്ടില്ല. 30 ദിവസത്തിനുള്ളിൽ മറുപടി ആവശ്യപ്പെട്ടാണ് നോട്ടീസ് അയക്കുക.

സ്വർണക്കടത്തുകേസിലെ പ്രതികളായ സ്വപ്നാ സുരേഷ്, പി.എസ്. സരിത്ത്, കെ.ടി. റെമീസ്, സന്ദീപ് നായർ എന്നിവരാണ് കോൺസൽ ജനറലിനെതിരേയും അഡ്മിൻ അറ്റാഷേക്കെതിരേയും മൊഴിനൽകിയത്. ഓരോതവണ സ്വർണം കടത്തുമ്പോഴും ഇരുവർക്കും വിഹിതം നൽകിയിരുന്നെന്നാണ് മൊഴി.

ഇരുവരെയും ചോദ്യംചെയ്യാൻ കഴിഞ്ഞവർഷം ഓഗസ്റ്റിൽ കസ്റ്റംസ് അനുമതി തേടിയിരുന്നു. നയതന്ത്രപരിരക്ഷയുള്ളതിനാൽ അനുമതി ലഭിച്ചില്ല. പിന്നീട് ‘അഭിമുഖം’ നടത്താൻ ചോദിച്ച അനുമതിയും കിട്ടിയില്ല. കസ്റ്റംസ് രജിസ്റ്റർചെയ്ത സ്വർണക്കടത്ത് കേസ് കുറ്റപത്രം സമർപ്പിക്കുന്നതിലേക്കു നീങ്ങുകയാണ്. നയതന്ത്ര പരിരക്ഷയുള്ളതിനാൽ ഇവരെ പ്രതിചേർക്കാൻ ഒട്ടേറെ കടമ്പകളുണ്ട്.