കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിന് അട്ടക്കുളങ്ങര ജയിലിൽ ഭീഷണിയുണ്ടായെന്ന പരാതിയിൽ ജയിൽ വകുപ്പിനെതിരേ രൂക്ഷവിമർശവുമായി കസ്റ്റംസ് ഹൈക്കോടതിയിൽ. ചില ഉന്നതരുടെ പേരുകൾ സ്വപ്ന വെളിപ്പെടുത്തിയെന്ന് ജയിൽ അധികൃതർ അറിഞ്ഞതോടെ കസ്റ്റംസ് ഉദ്യോഗസ്ഥരും സ്വപ്നയുമായുള്ള കൂടിക്കാഴ്ചകൾക്ക് തടയിട്ടു. സംസ്ഥാന ഡി.ജി.പി.യുടെ നിർദേശമനുസരിച്ചായിരുന്നു ഇത്.

സ്വപ്നയുടെ കുട്ടികളുമായി സംസാരിക്കുന്നതിൽവരെ നിയന്ത്രണം ജയിലധികൃതർ കൊണ്ടുവന്നു. സ്വപ്നയ്ക്ക് മതിയായ സംരക്ഷണം നൽകണമെന്നതിനെതിരേ ജയിൽവകുപ്പ് നൽകിയ ഹർജി നിയമപരമായി നിലനിൽക്കുന്നതല്ലെന്നും കോഫെപോസ പ്രതിക്ക് നൽകേണ്ട അടിസ്ഥാനസൗകര്യങ്ങൾപോലും സ്വപ്നയ്ക്ക് നൽകിയില്ലെന്നും കസ്റ്റംസ്‌ ആരോപിച്ചു.

ജീവന് ഭീഷണിയുണ്ടെന്ന സ്വപ്നയുടെ ഹർജിയിൽ മതിയായ സുരക്ഷ ഉറപ്പുവരുത്തണമെന്ന സാമ്പത്തിക കോടതിയുടെ നിർദേശത്തിനെതിരേ ജയിൽ വകുപ്പ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. സ്വപ്നയുടെ ആരോപണങ്ങൾ ശരിയല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ഇതിനെതിരേയാണ് കസ്റ്റംസ് റിപ്പോർട്ട് സമർപ്പിച്ചത്. ഉന്നതരാഷ്ട്രീയ നേതാക്കളുടെ പേരുകൾ പറയാതിരിക്കാൻ തനിക്കുമേൽ സമ്മർദമുണ്ടെന്നും ജീവനുതന്നെ ഭീഷണിയുണ്ടെന്നും സ്വപ്ന വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി കസ്റ്റംസ് അന്വേഷണ ഉദ്യോഗസ്ഥന് സ്വപ്ന കത്തുനൽകി. ഇതാണ് മജിസ്‌ട്രേറ്റിനുമുന്നിൽ രഹസ്യമൊഴി നൽകുന്നതിലേക്ക് എത്തിച്ചത്.

ഉന്നതരുടെ പേരുകൾ സ്വപ്ന പറഞ്ഞു എന്ന് അറിഞ്ഞതുമുതൽ കസ്റ്റംസിന് ജയിലിൽ വിലക്കുവീണു. സ്വപ്നയുമായുള്ള കൂടിക്കാഴ്ച അനുവദിക്കണമെന്ന് കസ്റ്റംസ് രേഖാമൂലം ആവശ്യപ്പെട്ടതിന് ജയിൽ അധികൃതർ 2020 ഡിസംബർ 23-ന് നൽകിയ മറുപടിയിൽ സംസ്ഥാന പോലീസ് മേധാവി സ്വപ്നയുമായുള്ള കൂടിക്കാഴ്ചകൾ വിലക്കിയിട്ടുണ്ടെന്നാണ് ചൂണ്ടിക്കാട്ടിയത്. സംഭവത്തിനുശേഷം കൊഫേപോസ പ്രതികളെ സന്ദർശിക്കുന്നതിൽനിന്നും കസ്റ്റംസ് ഉദ്യോഗസ്ഥരെ വിലക്കിയത് സംശയാസ്പദമാണ്.

ജയിലിലേക്ക് അയക്കുന്ന പ്രതിക്ക് മതിയായ സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ടത് കോടതിയുടെ ഉത്തരവാദിത്വമാണ്. മാനസികമായും ശാരീരികമായും പീഡനം അനുഭവിക്കുന്നില്ലായെന്ന് ഉറപ്പാക്കണം. ഇതാണ് കോടതി ചെയ്തത്. ഇതിനെ ചോദ്യംചെയ്തുള്ള ജയിൽവകുപ്പിന്റെ ഹർജി നിലനിൽക്കുന്നതല്ലെന്ന് കസ്റ്റംസ് ചൂണ്ടിക്കാട്ടുന്നു.