goldനെടുമ്പാശ്ശേരി: സ്വർണം കുഴമ്പുരൂപത്തിലാക്കി കടത്തിക്കൊണ്ടുവരുന്നതാണ് ഇപ്പോഴത്തെ പുതിയ ട്രെൻഡ്. അടുത്തിടെ ഡൽഹി, ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ, കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നീ വിമാനത്താവളങ്ങളിലെല്ലാം മിശ്രിത രൂപത്തിലുള്ള സ്വർണം പിടികൂടിയിരുന്നു.

അഞ്ചു മാസത്തിനിടെ കൊച്ചിയിൽ മാത്രം 40 കിലോയോളം സ്വർണ മിശ്രിതം പിടികൂടിയിട്ടുണ്ട്. കണ്ടെത്താൻ എളുപ്പമല്ല എന്ന് തിരിച്ചറിഞ്ഞാണ് കള്ളക്കടത്ത് സംഘം സ്വർണം കുഴമ്പുരൂപത്തിലാക്കി കൊണ്ടുവരുന്നത്. ഒളിപ്പിക്കാൻ എളുപ്പമാണ് എന്നതും ഇതിന് കൂടുതൽ സ്വീകാര്യതയേകുന്നു.

ബുധനാഴ്ച മാത്രം കൊച്ചി വിമാനത്താവളത്തിൽ ഏഴ് കിലോ സ്വർണ മിശ്രിതം പിടികൂടി. മലപ്പുറം സ്വദേശികളായ രണ്ട് യാത്രക്കാരിൽനിന്നാണ് ഇത്രയും മിശ്രിതം പിടികൂടിയത്. വേർതിരിച്ചെടുത്തപ്പോൾ 4.9 കിലോ സ്വർണം കിട്ടി. തുണി നിർമിത ബെൽറ്റ് അരയിൽ കെട്ടി അതിനുള്ളിലാണ് സ്വർണ മിശ്രിതം ഒളിപ്പിച്ചിരുന്നത്. സാധാരണ ആഭരണങ്ങളായും സ്വർണക്കട്ടികളായും ബാഗേജിലും ശരീരത്തിലും മറ്റും ഒളിപ്പിച്ചാണ് സ്വർണം കടത്തിക്കൊണ്ടുവന്നിരുന്നത്. വിമാനത്താവളങ്ങളിൽ കസ്റ്റംസ് പരിശോധന കർശനമാക്കിയതോടെ സ്വർണക്കടത്ത് തുടർച്ചയായി പിടിക്കപ്പെടാനും തുടങ്ങി. അതുകൊണ്ടാണ് ഇപ്പോൾ മിശ്രിത രൂപത്തിൽ സ്വർണം കടത്തുന്നത്.

സ്വർണം പൊടി രൂപത്തിലോ ലായനി രൂപത്തിലോ ആക്കിയ ശേഷം തിരിച്ചറിയാൻ കഴിയാത്ത വിധം മറ്റ് വസ്തുക്കളുമായി കലർത്തുകയാണ് ചെയ്യുന്നത്. ഇത്തരത്തിൽ കൊണ്ടുവരുന്ന സ്വർണം എക്സ്‌റേ പരിശോധനയിലോ, മെറ്റൽ ഡിറ്റക്ടർ പരിശോധനയിലോ കണ്ടെത്താൻ കഴിയില്ല. പലപ്പോഴും യാത്രക്കാരുടെ ചലനങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ച ശേഷം സംശയമുള്ളവരെ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുമ്പോഴാണ് ഇത്തരത്തിൽ കടത്തിക്കൊണ്ടുവരുന്ന സ്വർണം പിടികൂടാനാകുന്നത്. മിശ്രിതമാക്കി വ്യാപകമായി സ്വർണം കടത്തിക്കൊണ്ടുവരുന്നുണ്ടെന്നാണ് വിവരം. ഒറ്റനോട്ടത്തിൽ ചോക്ലേറ്റ്, വിവിധ തരം പൊടികൾ, പൾപ്പ് തുടങ്ങിയ എന്തെങ്കിലുമാണെന്നാണ് തോന്നുക. സ്വർണം പൊടിച്ച് മിശ്രിത രൂപത്തിലാക്കാൻ കള്ളക്കടത്ത് സംഘത്തിന് ദുബായിയിൽ പ്രത്യേകം സ്ഥാപനം തന്നെയുണ്ട്. എന്നാൽ, സ്വർണവുമായി എത്തി പിടിക്കപ്പെടുന്നവർക്കാർക്കും ഇതു സംബന്ധിച്ച് കൂടുതലൊന്നും അറിയില്ല. സ്വർണം പൊടിച്ച് ചോക്ലേറ്റ് പൊടിയോടൊപ്പം ചേർത്ത് വരെ കടത്തിക്കൊണ്ടുവരുന്നുണ്ട്. എന്നാൽ, വാഹകർ പിടിക്കപ്പെടുന്നതല്ലാതെ തുടർ അന്വേഷണം പലപ്പോഴും വഴിമുട്ടുകയാണ് പതിവ്.

കേരളത്തിലേക്ക്‌ ദുബായിയിൽ നിന്നാണ് ഏറ്റവും കൂടുതൽ കള്ളക്കടത്ത് സ്വർണം എത്തുന്നത്. ദുബായിയിൽ നിന്ന്‌ എത്തുന്നവരെ കർശനമായി നിരീക്ഷിക്കാൻ തുടങ്ങിയതോടെ ഷാർജ ഉൾപ്പെടെ ഗൾഫിലെ വിവിധ ഇടങ്ങളിൽനിന്നും ശ്രീലങ്ക തുടങ്ങിയ ഇടങ്ങളിലൂടെയും സ്വർണം കടത്താൻ തുടങ്ങി. അവിടെ നിന്നുള്ള യാത്രക്കാരെയും നിരീക്ഷിക്കാൻ തുടങ്ങിയതോടെ മലേഷ്യ വഴിയും സ്വർണ മിശ്രിതം എത്താൻ തുടങ്ങി. ദുബായിയിലുള്ള സംഘമാണ് ഇതിനെല്ലാം പിന്നിലെന്ന് കസ്റ്റംസിന് വിവരം ലഭിച്ചിട്ടുണ്ട്. എന്നാൽ, സംഘത്തെ കണ്ടെത്താൻ കഴിയുന്നുമില്ല. മിശ്രിത രൂപത്തിലാക്കി കൊണ്ടുവരുന്ന സ്വർണം പ്രത്യേക രാസ പ്രവർത്തനത്തിലൂടെയാണ് വേർതിരിച്ചെടുക്കുന്നത്.