കൊച്ചി: പ്രതിസന്ധിഘട്ടത്തിലെ സുരക്ഷിതനിക്ഷേപമെന്ന സ്ഥാനമുറപ്പിച്ച് സ്വർണവില കുതിച്ചുയർന്ന് പുതിയ ഉയരത്തിൽ. കേരളത്തിൽ പവൻവില ആദ്യമായി വെള്ളിയാഴ്ച 40,000 രൂപയിലെത്തി. വ്യാഴാഴ്ചത്തെ 39,720 രൂപയിൽനിന്ന് 280 രൂപയുടെ വർധന. ഗ്രാമിന് 35 രൂപ ഉയർന്ന് 5000 രൂപയുമായി.

ഒരുവർഷംകൊണ്ട് 14,080 രൂപയുടെ വർധനയാണ് പവൻ വിലയിലുണ്ടായത്. ജൂലായിൽ മാത്രം 4200 രൂപ കൂടി. ഈ വർഷം ഇതുവരെ 10,920 രൂപ കൂടി.

ആഭരണത്തിന് 45,000 രൂപ

പണിക്കൂലി, ജി.എസ്.ടി., സെസ് എന്നിവ ചേരുന്നതോടെ ഒരു പവൻ ആഭരണം വാങ്ങാൻ ഇപ്പോൾ ചുരുങ്ങിയത് 45,000 രൂപ നൽകേണ്ടിവരും.

അന്താരാഷ്ട്ര വില ഉയരത്തിൽ

അന്താരാഷ്ട്ര വിപണിയുടെ ചുവടുപിടിച്ചാണ് കേരളത്തിലും സ്വർണവില ഉയർന്നത്. ഡോളറുമായുള്ള വിനിമയനിരക്കിൽ രൂപ ദുർബലമായി തുടരുന്നതും വിലവർധനയുടെ തോത് ഉയർത്തി. വെള്ളിയാഴ്ച കേരളത്തിൽ സ്വർണവില നിശ്ചയിക്കുമ്പോൾ അന്താരാഷ്ട്ര വിപണിയിൽ ഒരു ട്രോയ് ഔൺസ് (31.1 ഗ്രാം) തനിത്തങ്കത്തിന് 1968 ഡോളറും രൂപയുടെ ഡോളർ നിരക്ക് 74.75 നിലവാരത്തിലുമായിരുന്നു.

കോവിഡ് വ്യാപനം ആഗോള സമ്പദ്ഘടനയിൽ ഉയർത്തുന്ന വെല്ലുവിളിയാണ് സ്വർണവിലക്കയറ്റത്തിന്റെ പ്രധാന കാരണം. ഇന്ത്യ-ചൈന, യു.എസ്.-ചൈന സംഘർഷങ്ങളും വിലവർധനയ്ക്ക്‌ ആക്കംകൂട്ടി. ലോകത്തിലെ ഏറ്റവും വലിയ സ്വർണ ഉപഭോഗ രാജ്യങ്ങളാണ് ചൈനയും ഇന്ത്യയും.

സാമ്പത്തികമാന്ദ്യം നേരിടാൻ യു.എസും യു.കെ.യും ഉൾപ്പെടെയുള്ള സാമ്പത്തിക ശക്തികൾ ശതകോടികളുടെ ഉത്തേജന പാക്കേജ് അവതരിപ്പിച്ചതോടെ വിപണിയിൽ പണലഭ്യത കൂടിയിട്ടുണ്ട്. ഇത് സ്വർണനിക്ഷേപത്തിലേക്കുള്ള പണമൊഴുക്കിന് കാരണമായി. ലഭ്യതയിലുള്ള കുറവും വിലക്കയറ്റത്തിനു കാരണമായി. സ്വർണത്തിലെ ഏറ്റവും വലിയ നിക്ഷേപമാർഗങ്ങളിലൊന്നായ ‘ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകൾ’ (ഗോൾഡ് ഇ.ടി.എഫ്.) ഈ വർഷം ആദ്യ പകുതിയിൽ 734 ടൺ സ്വർണമാണ് വാങ്ങിക്കൂട്ടിയത്.

അകലെയല്ല 50,000

നിലവിലെ ആഗോള സാമ്പത്തിക സാഹചര്യം കണക്കിലെടുത്താൽ കേരളത്തിൽ പവൻവില 50,000 രൂപയിലെത്താനുള്ള സാധ്യത വിദൂരമല്ല. വില പുതിയ ഉയരങ്ങളിലെത്തിയതോടെ ഏതുസമയത്തും നിക്ഷേപകർ ലാഭമെടുത്ത് പിന്മാറാൻ സാധ്യതയുള്ളതിനാൽ തിരുത്തലും പ്രതീക്ഷിക്കാം.

സ്വര്‍ണവില (ഒരു ഗ്രാം 22 കാരറ്റിന്)

നഗരം വില

ദുബായ് 238.50 ദിര്‍ഹം

ലണ്ടന്‍ 48.31 പൗണ്ട്

സിങ്കപ്പൂര്‍ 79.77 സിങ്കപ്പൂര്‍ ഡോളര്‍

ഇന്ത്യന്‍ നഗരങ്ങളില്‍

ബെംഗളൂരു 5,050 രൂപ

ചെന്നൈ 5,125 രൂപ

മുംബൈ 5,111 രൂപ

ഡല്‍ഹി 5,220 രൂപ

(മറ്റ് ഇന്ത്യന്‍ നഗരങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ സ്വര്‍ണവില കുറവാണ്. കേരളത്തില്‍ അടിസ്ഥാനവിലയുടെമേല്‍ മാര്‍ജിന്‍ എടുക്കാത്തതാണ് കാരണം)

content highlights: gold price rising