കരിപ്പൂര്‍: കോഴിക്കോട് വിമാനത്താവളത്തില്‍ വിമാനത്തിന്റെ സീറ്റിനിടയില്‍ ഒട്ടിച്ചുവെച്ച നിലയില്‍ 1.399 കിലോഗ്രാം സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം കണ്ടെടുത്തു.

ഇന്‍ഡിഗോ എയറിന്റെ 6E 089 ദുബായ്- കോഴിക്കോട് വിമാനത്തിന്റെ സീറ്റുകള്‍ക്കിടയിലെ ടൈ ബാറില്‍ കറുത്ത ഇന്‍സുലേഷന്‍ ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ചുവെച്ച നിലയിലായിരുന്നു സ്വര്‍ണം. വണ്ണംകൂടിയ ചങ്ങലയുടെ രൂപത്തിലുള്ള സ്വര്‍ണത്തിന് 1.339 കിലോ തൂക്കമുണ്ട്. കോഴിക്കോടുനിന്ന് അഭ്യന്തര സര്‍വീസായി മുംബൈയിലേക്ക് പോകുന്നതാണ് ഈ വിമാനം. ഇവിടെനിന്ന് ആഭ്യന്തരയാത്രക്കാരനായി വിമാനത്തില്‍ കയറുന്ന കള്ളക്കടത്തുമാഫിയ അംഗത്തെ ലക്ഷ്യംവെച്ചാണ് സ്വര്‍ണം ഒളിപ്പിച്ചുവെച്ചതെന്ന് കരുതുന്നു.
 
ദുബായില്‍നിന്നെത്തുന്ന വിമാനമായതിനാല്‍ യാത്രക്കാര്‍ക്ക് കോഴിക്കോട് കസ്റ്റംസ് പരിശോധന നിര്‍ബന്ധമാണ്. എന്നാല്‍ കോഴിക്കോട്ടുനിന്ന് മുംബൈയിലേക്ക് പോകുന്ന വിമാനത്തിലെ ആഭ്യന്തര യാത്രക്കാര്‍ക്ക് മുംബൈയില്‍ കസ്റ്റംസ് പരിശോധന ഉണ്ടാകില്ല. ഈ സൗകര്യമാണ് കള്ളക്കടത്ത് മാഫിയ ഉപയോഗിക്കാന്‍ ശ്രമിച്ചതെന്നാണ് സൂചന. ദുബായില്‍നിന്ന് സ്വര്‍ണവുമായി കയറുന്ന യാത്രക്കാരന്‍ അത് വിമാനത്തില്‍ ഒളിപ്പിച്ചുവെക്കാനും കോഴിക്കോട്ടുനിന്ന് ആഭ്യന്തര യാത്രക്കാരനായി കയറുന്നയാള്‍ മുംബൈയില്‍ പരിശോധനയില്ലാതെ പുറത്തെത്തിക്കാനുമാകാം ലക്ഷ്യമിട്ടത്. വിമാനത്താവള ജീവനക്കാരുടെ സഹായത്തോടെ സ്വര്‍ണം പുറത്തുകടത്താനുള്ള ശ്രമമാണോ നടന്നതെന്നും കസ്റ്റംസ് പരിശോധിച്ചുവരികയാണ്. പിടികൂടിയ സ്വര്‍ണത്തിന് ഇന്ത്യന്‍ വിപണിയില്‍ 42,73,945 രൂപ വിലവരും.