പനജി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ വിദഗ്ധ ചികിത്സയ്ക്കായി ഈ ആഴ്ച അമേരിക്കയിലേക്ക് പോകും. പാന്‍ക്രിയാസ് വീക്കംവന്നതിനെത്തുടര്‍ന്ന് ഇദ്ദേഹം മുംബൈയില്‍ ഒരാഴ്ചത്തെ ചികിത്സയിലായിരുന്നു. മുഖ്യമന്ത്രിയുടെ ചുമതല മൂന്നംഗ മന്ത്രിസഭാ ഉപസമിതിക്ക് നല്‍കി. ബി.ജെ.പി.യില്‍നിന്നുള്ള മുതിര്‍ന്ന മന്ത്രിയായ ഫ്രാന്‍സിസ് ഡിസൂസ, സഖ്യകക്ഷിയായ എം.ജി.പി.യുടെ മന്ത്രി സുധിന്‍ ദവലിക്കര്‍, ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുടെ മന്ത്രിയായ വിജയ് സര്‍ദേശായി എന്നിവരാണ് കമ്മറ്റി അംഗങ്ങള്‍. ഒന്നരമാസത്തോളം മുഖ്യമന്ത്രി വിദേശത്തായിരിക്കും. ഈ കാലയളവില്‍ ഈ കമ്മിറ്റി ആയിരിക്കും സര്‍ക്കാരിനെ നിയന്ത്രിക്കുക. അഞ്ചുകോടി രൂപവരെയുള്ള പദ്ധതികള്‍ക്ക് അനുവാദം നല്‍കാന്‍ ഈ കമ്മിറ്റിക്ക് അധികാരമുണ്ടാകും.

മന്ത്രിസഭാ യോഗങ്ങളില്‍ മുഖ്യമന്ത്രിതന്നെ വീഡിയോ കോണ്‍ഫെറെന്‍സിങ് വഴി ആധ്യക്ഷ്യംവഹിക്കും. എന്നാല്‍ മുഖ്യമന്ത്രിയുടെ ചുമതല ഒരു മന്ത്രിക്ക് മാത്രമായി നല്‍കാതെ മൂന്നംഗ കമ്മിറ്റിയെ ഏല്‍പ്പിച്ചത് ഭരണഘടനാവിരുദ്ധമാണെന്നും ഇത് ഭരണത്തെ ബാധിക്കുമെന്നും പ്രതിപക്ഷകക്ഷിയായ കോണ്‍ഗ്രസ് ആരോപിച്ചു.

തന്റെ വസതിയിലേക്ക് ചീഫ് സെക്രട്ടറിയെയും പ്രിന്‍സിപ്പല്‍ സെക്രട്ടറിയെയും വിളിച്ചുവരുത്തി നിര്‍ദേശങ്ങള്‍ നല്‍കിയതിനുശേഷമാണ് മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ പ്രത്യേക വിമാനത്തില്‍ മുംബൈയിലേക്ക് പോയത്.