പനജി: എ.ടി.എം. കവര്‍ച്ചയ്‌ക്കെത്തിയ മോഷ്ടാക്കള്‍ക്ക് അമളിപറ്റി. ഗോവ പാര്‍സത്തെ എസ്.ബി.ഐ. എ.ടി.എം. കൗണ്ടറിലാണ് കഴിഞ്ഞ ദിവസം രാത്രി മോഷണം നടന്നത്. മോഷ്ടാക്കള്‍ എ.ടി.എമ്മിനു പകരം അടുത്തുള്ള പാസ്ബുക്ക് പ്രിന്റിങ് മെഷീന്‍ ഇളക്കിയെടുത്തു ചുമന്നുകൊണ്ടുപോവുകയായിരുന്നു. 500 മീറ്റര്‍ ദൂരെ ഈ മെഷീന്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ പോലീസ് പിന്നീട് കണ്ടെത്തി. ഇത് കുത്തിത്തുറന്ന നിലയിലായിരുന്നു.

കൗണ്ടറില്‍നിന്ന് കിട്ടിയ സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു. മുഖംമൂടി ധരിച്ച രണ്ടുപേരാണ് കവര്‍ച്ച നടത്തിയതെന്ന് മനസ്സിലായി. ഇവര്‍ കാലിലും കൈയിലും ഉറകളും ധരിച്ചിരുന്നു. കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് പറഞ്ഞു.