പഠിപ്പിന്റെ പൊടിപൂരമാവാന്‍ തൃശ്ശൂരും നിലമ്പൂരും
യുനെസ്‌കോയ്ക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ശുപാര്‍ശ

ന്യൂഡല്‍ഹി :യുനെസ്‌കോയുടെ ആഗോളപഠനനഗര(ഗ്‌ളോബല്‍ ലേണിങ് സിറ്റി) ശൃംഖലയില്‍ തൃശ്ശൂരിനെയും നിലമ്പൂരിനെയും ഉള്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ശുപാര്‍ശ ചെയ്തു.

ഇതുവരെ ഇന്ത്യയില്‍നിന്ന് ഒരു നഗരവും ഈ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. ജനുവരി/ഫെബ്രുവരിയില്‍ യുെനസ്‌കോയുടെ ഔദ്യോഗിക പ്രഖ്യാപനം വരും. ഇതോടെ ബെയ്ജിങ് (ചൈന), ആതന്‍സ് (ഗ്രീസ്), ഡബ്ലിന്‍ (അയര്‍ലന്‍ഡ്), ഗ്ലാസ്ഗോ (യു.കെ.), ഹാംബര്‍ഗ് (ജര്‍മനി), ഒക്കയാമ (ജപ്പാന്‍), മെല്‍റ്റണ്‍ (ഓസ്ട്രേലിയ), സാവോ പൗലോ (ബ്രസീല്‍), ഇഞ്ചിയോണ്‍ (സൗത്ത് കൊറിയ), സുറബായ (ഇന്‍ഡൊനീഷ്യ) മുതലായ നഗരങ്ങളുള്‍പ്പെടുന്ന ആഗോള ലേണിങ് സിറ്റികളുടെ പട്ടികയില്‍ കേരളത്തിലെ ഈ രണ്ടു നഗരങ്ങളും ഇടംപടിക്കും.

വാറങ്കല്‍ ആണ് ശുപാര്‍ശ ചെയ്യപ്പെട്ട മറ്റൊരു നഗരം. മുനിസിപ്പല്‍ കോര്‍പ്പറേഷനും 'കില'യും തൃശ്ശൂര്‍ എന്‍ജിനിയറിങ് കോളേജിലെ സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ച്ചര്‍ ആന്‍ഡ് പ്ലാനിങ്ങും സംയുക്തമായിട്ടാണ് തൃശ്ശൂരിലെ പദ്ധതി നടപ്പാക്കുക. ഇതിനായി കോര്‍പ്പറേഷന്‍ മേയര്‍ എം.കെ. വര്‍ഗീസ് അധ്യക്ഷനും കില ഡയറക്ടര്‍ ജനറല്‍ ഡോ. ജോയ് ഇളമണ്‍ സഹഅധ്യക്ഷനുമായി 24 അംഗ സ്റ്റീറിങ് കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. പത്തുവര്‍ഷത്തേക്കുള്ള പദ്ധതികളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. തൃശ്ശൂര്‍ കോര്‍പ്പറേഷന്റെ പദ്ധതിയുമായി നഗരവികസന മന്ത്രാലയത്തിനു കീഴിലെ 'നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അര്‍ബന്‍ അഫയേഴ്സ്' സഹകരിക്കും.

വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കിടയില്‍ വിജ്ഞാനം പങ്കിടലിനും വിദ്യാഭ്യാസ സാങ്കേതിക മേഖലയില്‍ ആഗോളതലത്തില്‍ തൃശ്ശൂരിനെ കേന്ദ്രസ്ഥാനമാക്കി മാറ്റാനും പദ്ധതി വിഭാവനം ചെയ്യുന്നു. തൃശ്ശൂരിലുള്ളവരെയും ജില്ലയുമായി ബന്ധമുള്ള പ്രവാസികളെയും ഇതുമായി ബന്ധിപ്പിക്കും. ഉന്നത വിദ്യാഭ്യാസ രംഗത്തും ടെക്നോളജിയിലും സ്റ്റാര്‍ട്ടപ്പുകളിലും ചെറുപ്പക്കാര്‍ക്ക് സാധ്യതകളും അവസരങ്ങളും ഉണ്ടാക്കാനുള്ള സ്ഥാപന സംവിധാനം രൂപവത്കരിക്കും. ലൈബ്രറികളുടെ ആധുനികീകരണം, കമ്യൂണിറ്റി ലേണിങ് സെന്ററുകള്‍ സ്ഥാപിക്കല്‍, നൈപുണി വികസനം, സംരഭകത്വം എന്നിവയ്ക്ക് സൗകര്യമൊരുക്കല്‍ തുടങ്ങിയവും പദ്ധതിയുടെ ഭാഗമാണ്.

വിജ്ഞാനത്തിന്റെ ഹബ്ബായി കേരളത്തെ മാറ്റുന്നതിലേക്കുള്ള ഒരു പ്രധാനപടിയാണ് 'ലേണിങ് സിറ്റി'യെന്ന് തദ്ദേശസ്ഥാപന മന്ത്രി എം.വി. ഗോവിന്ദന്‍ 'മാതൃഭൂമി'യോട് പറഞ്ഞു. വിദ്യാഭ്യാസ-സാംസ്‌കാരിക കേന്ദ്രമാണ് തൃശ്ശൂര്‍. അവിടത്തെ എല്ലാ അറിവുകളും വൈദഗ്ധ്യങ്ങളും പങ്കുവെക്കാനും അവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരെ ഏകോപിപ്പിക്കാനും പദ്ധതികളുണ്ട്്്.

കേരളത്തിലെ ഓരോ കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി മേഖലകളുടെ പ്രത്യേകത അടിസ്ഥാനമാക്കി പ്രദേശങ്ങളെ വിജ്ഞാന കേന്ദ്രങ്ങളായി വികസിപ്പിക്കും. വിവിധ നഗരങ്ങള്‍ക്കായി അതനുസരിച്ചുള്ള പദ്ധതികള്‍ യുനെസ്‌കോയ്ക്കും അതുപോലുള്ള അന്താരാഷ്ട്ര ഏജന്‍സികള്‍ക്കും സമര്‍പ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Content Highlights: Thrissur, Nilambur to be listed as UNESCO’s Global Network of Learning Cities