കോട്ടയം: വരുമാനം, തൊഴിലവസരം എന്നിവയിൽ സ്ത്രീപുരുഷ അസമത്വം രാജ്യത്ത് ഏറിയതായി 2021-ലെ ഗ്ലോബൽ ജെൻഡർ ഗ്യാപ് ഇൻഡെക്‌സ് റിപ്പോർട്ട്. വേൾഡ് ഇക്കണോമിക്‌സ് ഫോറം തയ്യാറാക്കിയ റിപ്പോർട്ടനുസരിച്ച് ഇന്ത്യയിലെ സ്ത്രീപുരുഷ അസമത്വം 62.5 ശതമാനമാണ്. പുരുഷന്മാരുമായി താരതമ്യം ചെയ്യുമ്പോൾ അഞ്ചിലൊന്നുവരുമാനം മാത്രമേ സ്ത്രീകൾക്കുള്ളൂ.

ഐസ്‌ലൻഡ്, ഫിൻലൻഡ്, നോർവെ, ന്യൂസിലാൻഡ്, സ്വീഡൻ എന്നിവയാണ് സ്ത്രീപുരുഷ തുല്യതയിൽ മുൻപിലുള്ള അഞ്ച് രാജ്യങ്ങൾ. മറ്റ് ഭൂരിഭാഗം രാജ്യങ്ങളും റാങ്കിങ്ങിൽ ചെറിയ തോതിലെങ്കിലും പിന്നിലേക്കായി. അന്തരംകൂടിയതിന് പിന്നിൽ കോവിഡ് ഒരു ഘടകമായെന്നും റിപ്പോർട്ടിലുണ്ട്.

ലോകരാജ്യങ്ങളുടെ റാങ്കിങ്ങിൽ മുൻവർഷത്തേതിൽനിന്ന് 28 സ്ഥാനംകൂടി ഇന്ത്യ പിന്നിലാണ്. 156 രാജ്യങ്ങളുടെ കണക്കെടുപ്പിൽ രാജ്യത്തിന്റെ റാങ്ക് 140 ആണ്. ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ പാക്കിസ്താനും അഫ്ഗാനിസ്താനും മാത്രമാണ് ഇന്ത്യയുടെ പിന്നിലുള്ളത്. 2020-ലെ റിപ്പോർട്ടുമായി താരതമ്യം ചെയ്യുമ്പോൾ അന്തരം 2021 ജനുവരിയിൽ മൂന്നുശതമാനം കൂടി.

തൊഴിലവസരങ്ങളിൽ 24.8 ശതമാനമായിരുന്നു നേരത്തേ പങ്കാളിത്തം. ഇപ്പോഴത് 22.3 ശതമാനമായി കുറഞ്ഞു. രാഷ്ട്രീയാധികാരത്തിലും സ്ത്രീപങ്കാളിത്തം കുറഞ്ഞു. രാജ്യത്ത് 23.1 ശതമാനം സ്ത്രീകൾക്ക് മന്ത്രിസഭകളിൽ പങ്കാളിത്തമുണ്ടായിരുന്നത് 2021 ജനുവരി ആയപ്പോഴേക്ക് 9.1 ശതമാനം മാത്രമായി. വാണിജ്യ, വ്യവസായ രംഗങ്ങളിൽ ഉയർന്ന പദവിയിലുള്ള സ്ത്രീകളുടെ എണ്ണവും കുറഞ്ഞു. മാനേജർ, മാനേജിങ് ഡയറക്ടർ പദവികളിൽ 14.6 ശതമാനം പങ്കാളിത്തം മാത്രമേയുള്ളൂ.