കുഞ്ചിത്തണ്ണി: പവർഹൗസിൽ വെള്ളിയാഴ്ച കുത്തേറ്റ്‌ മരിച്ച പ്ലസ് ടു വിദ്യാർഥിനി രേഷ്മയുടെ ഘാതകനെന്ന് സംശയിക്കുന്ന അനുവെന്നു വിളിക്കുന്ന അരുണിനെ(28) തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. രേഷ്മയുടെ മൃതദേഹം കിടന്ന സ്ഥലത്തുനിന്ന് ഇരുന്നൂറ്റിയമ്പത് മീറ്റർ അകലെയുള്ള മരക്കൊമ്പിലാണ് അരുണിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മുതിരപ്പുഴയാറിന്റെ തീരത്ത് നിൽക്കുന്ന മാവിലാണ് മൃതദേഹം കണ്ടെത്തിയത്. കൊല്ലപ്പെട്ട രേഷ്മയുടെ പിതാവിന്റെ അർധസഹോദരനാണ് നീണ്ടപാറ സ്വദേശി വണ്ടിത്തറയിൽ(ചോക്കാട്ട്) അംബുജാക്ഷന്റെ മകൻ അരുൺ.

അനു, അനൂപ് എന്നീ വിളിപ്പേരുകളിലാണ് നാട്ടിലറിയപ്പെടുന്നത്. ചൊവ്വാഴ്ച രാവിലെ എട്ടരയോടെയാണ് ഈ പുരയിടത്തിലെ മേൽനോട്ടക്കാരനായ ജോയി മൃതദേഹം കണ്ടത്. നാലുദിവസം മുൻപാണ് രേഷ്മയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പെൺകുട്ടിയെ സ്കൂളിൽനിന്ന്‌ കൂട്ടിക്കൊണ്ടുപോയ അരുണിനെ കൊലപാതകത്തിനുശേഷം കാണാതാവുകയായിരുന്നു. പോലീസ് തിരച്ചിൽ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെടുത്തത്.

മൂന്നാർ ഡിവൈ.എസ്.പി. ആർ.സുരേഷ്, ഇടുക്കി ഡിവൈ.എസ്.പി. ഫ്രാൻസിസ് ശെൽവി, ദേവികുളം ആർ.ഡി.ഒ., ഡോഗ് സ്ക്വാഡ്, ഫൊറൻസിക് വിദഗ്‌ധർ, മെറ്റൽ ഡിറ്റക്ടർ ടീം, വിരലടയാളവിദഗ്‌ധർ എന്നിവരെല്ലാം സ്ഥലത്തെത്തിയതിനുശേഷമാണ് മൃതദേഹം താഴെയിറക്കിയത്. മാതാവ്: ശാന്ത. സഹോദരൻ: വിനോദ്.

Content Highlights: Girl's murder in Pallivasal: Accused found hanging