പെരിയ: കളിക്കുന്നതിനിടെ ടാർവീപ്പയിൽ വീണ 12 വയസ്സുകാരിക്ക് രക്ഷകരായി അഗ്നിരക്ഷാസേന. പുക്കളത്തെ ബന്ധുവീട്ടിലെത്തിയ തൃക്കരിപ്പൂർ മാണിയാട്ടെ കുട്ടിയാണ് വീപ്പയ്ക്കകത്തെ ടാറിൽ വീണത്‌. ശനിയാഴ്ച വൈകിട്ട് ആറുമണിയോടെയാണ് സംഭവം.

ടാറിങ്ങിനുശേഷം ബാക്കിയായ ടാർ വീപ്പയിൽ പുക്കളത്തെ മൈതാനത്ത് സൂക്ഷിച്ചിരുന്നു. കളിക്കുന്നതിനിടെ ടാർവീപ്പയിൽ കയറിയപ്പോൾ കുട്ടി അതിലകപ്പെടുകയായിരുന്നു. കാൽമുട്ടുവരെ ടാറിൽ പൂണ്ടതിനാൽ കുട്ടിക്ക്‌ അനങ്ങാനായില്ല. നാട്ടുകാർ കുട്ടിയെ വലിച്ചെടുക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന്‌ സിവിൽ ഡിഫൻസ് അംഗം ആർ.സുധീഷ് കാഞ്ഞങ്ങാട്ടുള്ള അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. അഗ്നിരക്ഷാസേന എത്തുംവരെ നാട്ടുകാർ കുട്ടിയെ താങ്ങിപ്പിടിച്ചുനിന്നു.

അഗ്നിരക്ഷാസേനാംഗങ്ങൾ കട്ടിങ്‌ യന്ത്രം ഉപയോഗിച്ച് ടാർവീപ്പ ചെറിയ കഷണങ്ങളായി മുറിച്ച് നീക്കുകയായിരുന്നു. മണ്ണെണ്ണയൊഴിച്ച് നേർപ്പിച്ച ശേഷമാണ് അരമണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിൽ കുട്ടിയുടെ കാൽ ടാറിൽനിന്ന്‌ ഇളക്കിയെടുത്തത്‌. കാലിൽ പുരണ്ട ടാർ പൂർണമായും മണ്ണെണ്ണയിൽ വൃത്തിയാക്കിയ ശേഷമാണ് അഗ്നിരക്ഷാസേന മടങ്ങിയത്.

ഫയർ ആൻഡ്‌ റസ്ക്യൂ ഓഫീസർമാരായ വി.എൻ.വേണുഗോപാലൻ, വി.വി.ദിലീപ്, ജി.എ.ഷിബിൻ, മുഹമ്മദ് അജ്മൽ ഷാ, ഡ്രൈവർ കെ.പി.നസീർ, ഹോം ഗാർഡുമാരായ പി.കൃഷ്ണൻ, വി.സന്തോഷ് കുമാർ എന്നിവർ നേതൃത്വം നൽകി.

 

Content Highlights: Girl fell into tar barrel rescued in Kasarkode