പാമ്പാടി: പീഡനത്തെത്തുടർന്ന് ഗർഭിണിയായ പതിന്നാലുവയസ്സുകാരിയെ രക്തസ്രാവത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടാവസ്ഥയിലായിരുന്ന നാലരമാസം പ്രായമായ ഗർഭസ്ഥശിശു മരിച്ചു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പാമ്പാടി പോലീസ് അന്വേഷണം ആരംഭിച്ചു.

വയറുവേദനയെതുടർന്ന് ഞായറാഴ്ച അമ്മ കുട്ടിയെ പാമ്പാടി താലൂക്ക് ആശുപത്രിയിലെത്തിച്ചപ്പോഴാണ് പെൺകുട്ടി ഗർഭിണിയാണെന്ന വിവരം അറിയുന്നത്. ഗുരുതരാവസ്ഥയിലായിരുന്ന കുട്ടിയെ ഉടൻതന്നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ഗർഭസ്ഥശിശു മരിക്കുകയായിരുന്നു.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്-കുട്ടി അമ്മയ്ക്കും സഹോദരനുമൊപ്പമായിരുന്നു താമസം. ഇവരുടെ അച്ഛൻ വർഷങ്ങൾക്ക് മുമ്പ് മരിച്ചു. തുടർന്ന് ഫാക്ടറിയിൽ ജോലിചെയ്തായിരുന്നു കുടുംബം പുലർത്തിയിരുന്നത്. ലോക്ഡൗണിനെത്തുടർന്ന് അമ്മയുടെ ജോലി നഷ്ടപ്പെട്ടതോടെ കുട്ടികൾ കരകൗശലവസ്തുക്കൾ നിർമിച്ച് കടകളിലും വീടുകളിലും കയറി വിറ്റിരുന്നു.

സംഭവദിവസം സഹോദരൻ ഒപ്പമില്ലായിരുന്നു. ഏപ്രിലിൽ പെരുമാനൂർ കുളംകവലയിൽനിന്ന് മണർകാട് കവലയിലേക്ക്‌ നടന്നുപോകുന്നതിനിടെ ചുവന്ന കാറിലെത്തിയ മദ്ധ്യവയസ്കൻ വാഹനം നിർത്തി കരകൗശലവസ്തു വാങ്ങി. പണം വീട്ടിൽനിന്നെടുത്തുനൽകാമെന്നുപറഞ്ഞ് കാറിൽ കയറാൻ ആവശ്യപ്പെട്ടു. ഭാര്യയും പെൺകുട്ടിയും വീട്ടിലുണ്ടെന്ന് പറഞ്ഞതിനാൽ കാറിൽ കയറി.

തിരുവഞ്ചൂർ ഭാഗത്തേക്ക്‌ കാറോടിച്ചുപോയ മദ്ധ്യവയസ്കൻ വഴിയോരത്തെ ഹോട്ടലിൽനിന്ന് ഭക്ഷണം വാങ്ങി നൽകി. പിന്നീട് കുട്ടിയെ കാറിലിരുത്തിയശേഷം ചോക്ലേറ്റും ജ്യൂസും വാങ്ങി. ഇത് നിർബന്ധിച്ച് കുടിപ്പിച്ചശേഷം കാർ വിട്ടുപോയി. താൻ കാറിൽക്കിടന്ന് ഉറങ്ങിപ്പോയെന്നും വൈകീട്ട് അഞ്ചുമണിയോടെ ഉണർന്നപ്പോൾ കാർ മണർകാട് കവലയിലായിരുന്നെന്നും കുട്ടി പറയുന്നു.

തുടർന്ന് പണവും വാങ്ങി ബസിൽ കയറിപ്പോയി. പിറ്റേന്ന് അടിവയറ്റിൽ വേദന അനുഭപ്പെട്ടെങ്കിലും കാര്യമാക്കിയില്ല. ഞായറാഴ്ച ശക്തമായ വയറുവേദനയും രക്തസ്രാവവുമുണ്ടായതോടെ ആശുപത്രിയിലെത്തുകയായിരുന്നെന്നാണ് കുട്ടി മൊഴിനൽകിയതെന്നും പോലീസ് പറയുന്നു. കുട്ടിയുടെ മൊഴി പോലീസ് പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല.

പോക്സോ നിയമപ്രകാരം പാമ്പാടി പോലീസ് കേസെടുത്തു. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി. കെ.എൽ. സജിമോന്റെ മേൽനോട്ടത്തിൽ പാമ്പാടി, മണർകാട് പോലീസ് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം തുടങ്ങി. മരിച്ച ഗർഭസ്ഥശിശുവിന്റെ ഡി.എൻ.എ. സാമ്പിൾ ശേഖരിച്ചശേഷം ചൊവ്വാഴ്ച ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കും.