പുറത്തൂർ (മലപ്പുറം): വ്യത്യസ്ത സംഭവങ്ങളിലായി പെരുംതേനീച്ചകളുടെ കുത്തേറ്റ് ഒരാൾ മരിക്കുകയും രണ്ട് സ്കൂൾ വിദ്യാർഥികളടക്കം എട്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. വിദ്യാർഥികളിൽ ഒരാളുടെ പരിക്ക് ഗുരുതരമാണ്.

മംഗലം,പുറത്തൂർ പഞ്ചായത്തുകളിൽ മൂന്നിടങ്ങളിലായാണ് പെരുംതേനീച്ചകളുടെ അക്രമമുണ്ടായത്. ചേന്നര പെരുന്തിരുത്തി തച്ചപറമ്പിൽ ശിവദാസൻ(65) ആണ് തേനീച്ചകളുടെ കുത്തേറ്റ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ടാണ് വീടിനടുത്തുവെച്ച് ശിവദാസന് കുത്തേറ്റത്. തേനീച്ചക്കൂട് ഇളകിയതോടെ സമീപത്തുള്ളവരൊക്കെ ഓടിരക്ഷപ്പെട്ടു. എന്നാൽ പ്രായാധിക്യംകാരണം ശിവദാസന് പെട്ടെന്ന് മാറാൻ കഴിഞ്ഞില്ല. നിമിഷനേരംകൊണ്ട് നൂറിലേറെ തേനീച്ചകളുടെ കുത്തേറ്റ് പരിക്കേറ്റ ശിവദാസനെ നാട്ടുകാർ ആലത്തിയൂർ ഇമ്പിച്ചിബാവ സഹകരണ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. അവിടെനിന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ കൊണ്ടുപോയെങ്കിലും വെള്ളിയാഴ്ച മരിച്ചു.

വെള്ളിയാഴ്ച രാവിലെയാണ് മംഗലം കൂട്ടായിക്കടവ് കറുപ്പം വീട്ടിൽ യാഹു, ഭാര്യ ആയിശ എന്നിവരെ പെരുംതേനീച്ചകൾ കുത്തിപ്പരിക്കേൽപ്പിച്ചത്. തിരൂർ ജില്ലാ ആസ്പത്രിയിൽ ചികിത്സതേടി. ഇവർ വളർത്തുന്ന ആടിനും കുത്തേറ്റു.

ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് മൂന്നാമത്തെ സംഭവമുണ്ടായത്. പുതുപ്പള്ളിയിൽ മദ്രസവിട്ട് വീട്ടിലെത്തിയ കുട്ടി സൈക്കിളെടുത്ത് പുറത്തേക്കിറങ്ങിയപ്പോഴാണ് പെരുംതേനീച്ചകളുടെ കുത്തേറ്റത്. അടക്കാപറമ്പിൽ ഷറഫുദ്ദീന്റെ മകൻ സവാദിനെയാണ് (10) ഗുരുതര പരിക്കുകളോടെ കോട്ടയ്ക്കലിലെ സ്വകാര്യ ആസ്പത്രിയിലെ ഐ.സി.യുവിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. പുതുപ്പള്ളി ശാസ്താ എ.എൽ.പി സ്കൂളിലെ നാലാംക്ലാസ് വിദ്യാർഥിയാണ് സവാദ്. ആദ്യം പ്രവേശിപ്പിച്ച കുറുമ്പടിയിലെ സി.എച്ച്.സിയിൽവെച്ച്‌ കുട്ടിയുടെ ശരീരത്തിൽനിന്ന് അമ്പതിലേറെ തേനീച്ചമുള്ളുകൾ പുറത്തെടുത്തിരുന്നു.

സവാദിനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിലാണ് അയൽവാസി പാക്കിനി കളത്തിലെ ഫിറോസിനും കുടുംബാംഗങ്ങൾക്കും കുത്തേറ്റത്. മറ്റൊരു അയൽവാസി കൈതക്കൽ മുസ്തഫയ്ക്കും പരിക്കേറ്റു. ഫിറോസിന്റെ പിതാവ് മുഹമ്മദലി, മാതാവ് ഫാത്തിമ, മകൾ എട്ടാംക്ലാസ് വിദ്യാർഥി ഫാത്തിമഫിദ എന്നിവരെയും പരിക്കുകളോടെ കുറുമ്പടിയിലെ പുറത്തൂർ സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. സാരമായി പരിക്കേറ്റ ഫിറോസ് കുറുമ്പടിയിൽ ചികിത്സയിലാണ്. പരുന്ത് കൊത്തിയതാണ് തേനീച്ചക്കൂടിളകാൻ കാരണമായതെന്ന് പുതുപ്പള്ളിയിലെ നാട്ടുകാർ പറഞ്ഞു.

സുലോചനയാണ് മരിച്ച ശിവദാസന്റെ ഭാര്യ. മക്കൾ :സിന്ധു, സുഭാഷ്, സുധീഷ്. മരുമക്കൾ: സുധീർ, പ്രമിത.

Content Highlights: giant honey bee attack in purathur malappuram, one died and many injured