കോട്ടയം: ലോകത്ത് ആദ്യമായി ജനിതക മാറ്റം വരുത്തിയ റബർ വിള (ജി.എം. റബർ) മണ്ണിൽ നട്ട് റബർ ബോർഡ് പുതുചരിത്രം കുറിച്ചു. അസമിലെ ഗുവാഹാട്ടിയിൽ ബോർഡിന്റെ ഉടമസ്ഥതയിലുള്ള സരുതരി ഫാമിലാണ് പരീക്ഷണാടിസ്ഥാനത്തിൽ ജി.എം. റബർതൈ നട്ടത്.

കോട്ടയത്തെ റബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ബയോ ടെക്നോളജി ലാബിലാണ് ജി.എം. റബർ ഗവേഷണത്തിലൂടെ വികസിപ്പിച്ചെടുത്തത്. അതിശൈത്യം, വരൾച്ച തുടങ്ങിയ കാലാവസ്ഥാവ്യതിയാനത്തെ അതിജീവിക്കാൻ ജി.എം. റബറിന് കഴിയുമെന്നാണ് വിലയിരുത്തൽ.

പരീക്ഷണാടിസ്ഥാനത്തിൽ ജി.എം. റബർതൈ നടുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറുകയാണ്. രാജ്യത്തെ റബർകൃഷിക്ക് പുത്തൻ ഉണർവ് പകരുന്നതാണ് ജി.എം. റബറിന്റെ പരീക്ഷണമെന്ന് അസമിലെ ഫാമിൽ തൈ നട്ട ശേഷം റബർ ബോർഡ് ചെയർമാനും എക്സിക്യുട്ടീവ് ഡയറക്ടറുമായ ഡോ. കെ.എൻ.രാഘവൻ പറഞ്ഞു.

മാംഗനീസ് മൂലകമടങ്ങിയ എം.എൻ.എസ്.ഒ.ഡി. എന്ന ജീനാണ് റബർ ബോർഡ് വികസിപ്പിച്ചെടുത്തത്.

റബർചെടിയിൽനിന്നുതന്നെയാണ് ഈ ജീൻ വേർതിരിച്ചെടുത്തത്. പത്തു വർഷത്തിലേറെക്കാലത്തെ ഗവേഷണമാണ് ഇപ്പോൾ ഫലം കണ്ടതെന്ന് റബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. ജെയിംസ് ജേക്കബ് പറഞ്ഞു. വടക്കുകിഴക്കൻ മേഖലയിലെ അതിശൈത്യത്തിൽ റബർചെടികളുടെ വളർച്ച മുരടിക്കുന്ന അവസ്ഥയുണ്ടായിരുന്നു. അതിശൈത്യത്തെ മറികടക്കാനും വേഗത്തിൽ വളരാനും ജനിതക മാറ്റം വരുത്തിയ റബറിന് കഴിയുമെന്നാണ് കണക്കാക്കുന്നത്. വ്യാവസായികാടിസ്ഥാനത്തിലല്ല, പരീക്ഷണാടിസ്ഥാനത്തിലാണ് ജി.എം. വിള കൃഷി ചെയ്യുന്നതെന്ന് ചെയർമാൻ പറഞ്ഞു.

ജി.എം. റബർ പരീക്ഷണത്തിന് വർഷങ്ങൾക്ക് മുമ്പ് കേന്ദ്രസർക്കാർ അനുവാദം കൊടുത്തിരുന്നു. എന്നാൽ അസം സർക്കാരാണ് ഇത് നടാൻ അനുമതി നൽകിയത്.