കൊച്ചി: വിശാല കൊച്ചി വികസന അതോറിറ്റി (ജി.സി.ഡി.എ.) കോടികള്‍ ചെലവഴിച്ചു നടത്തിയ കൂടുമത്സ്യകൃഷിയില്‍ അടിമുടി അപാകം. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് 2015-ലാണ് മുണ്ടംവേലിയില്‍ ആറു കോടിയോളം ചെലവു പ്രതീക്ഷിക്കുന്ന പദ്ധതി നടത്തിയത്. രാമേശ്വരം വികസന പദ്ധതിക്കു വേണ്ടി ജി.സി.ഡി.എ. പൊന്നുംവിലയ്ക്ക് എടുത്ത പാടത്തിന് ആഴം കൂട്ടിയാണ് മത്സ്യകൃഷി പദ്ധതി തുടങ്ങിയത്. കാളാഞ്ചി കൃഷിയാണ് നടത്തിയത്.

സംസ്ഥാന ഓഡിറ്റ് വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ കോടികള്‍ ചെലവഴിച്ച് ഇങ്ങനെയൊരു പദ്ധതി തുടങ്ങിയതുതന്നെ സാമ്പത്തിക നഷ്ടസാധ്യതയുള്ള പ്രവൃത്തിയാണെന്ന് ചൂണ്ടിക്കാട്ടുന്നു. ഒരു പദ്ധതി നടത്താന്‍ വേണ്ടി നാല്പത്തിയേഴോളം ഫയലുകളാണ് ജി.സി.ഡി.എ. തുറന്നത്. ഇതുതന്നെ ക്രമക്കേടിന് കാരണമാകാമെന്ന് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.

2015-16 ബജറ്റില്‍ അഞ്ചു കോടി ചെലവില്‍ വികസന പദ്ധതി നടത്താനിരുന്ന സ്ഥലത്താണ് ബജറ്റില്‍ ഒരു തുക പോലും വകയിരുത്താതെ മത്സ്യകൃഷിക്കായി പണം ചെലവഴിച്ചത്. ഇതേക്കുറിച്ച് വിശദീകരണം ചോദിച്ചതിനൊന്നും ജി.സി.ഡി.എ. വ്യക്തമായ മറുപടി നല്‍കിയില്ല.

ആറു കോടി ചെലവഴിക്കുന്ന പദ്ധതിയായിട്ടു കൂടി ഒരു സാധ്യതാ പഠനം നടത്തി ലാഭസാധ്യത നോക്കാതെയാണ് പദ്ധതി നടപ്പാക്കിയത്. പാരിസ്ഥിതികാനുമതി പദ്ധതിക്കില്ല. ചെളി കോരി കണ്ടല്‍ പ്രദേശത്ത് ഇട്ടത് നിയമവിരുദ്ധമായാണ്. വെറ്റ് ലാന്‍ഡ് റെഗുലേറ്ററി അതോറിറ്റിയുടെയോ, സര്‍ക്കാരിന്റെയോ സാങ്കേതികാനുമതി ഇല്ലാതെയാണ് പദ്ധതി നടപ്പാക്കിയത്. കൊച്ചിയില്‍ സി.എം.എഫ്.ആര്‍.ഐ. യും കുസാറ്റ് ഗവേഷണ വിഭാഗവുമെല്ലാം ഉള്ളപ്പോഴാണ് ജി.സി.ഡി.എ. യാതൊരു സാങ്കേതികാടിത്തറയുമില്ലാതെ പദ്ധതി ആരംഭിച്ചത്. കൂടുകൃഷി പോലെ വൈദഗ്ദ്ധ്യവും അറിവും വേണ്ട പദ്ധതി അതൊന്നുമില്ലാതെ കരാറുകാര്‍ മുഖേന നടപ്പാക്കാന്‍ തുനിഞ്ഞത് സാമാന്യ യുക്തിക്ക് നിരക്കാത്തതാണെന്ന് ഓഡിറ്റില്‍ കുറ്റപ്പെടുത്തുന്നു. 2015-16 വര്‍ഷത്തില്‍ തന്നെ മൂന്നുകോടി 19 ലക്ഷത്തിലധികം രൂപ പദ്ധതിക്കായി ചെലവഴിച്ചു.

ഫാമിലേക്ക് ഓക്‌സിജന്റെ അളവ് ക്രമീകരിക്കുന്നതിന് എയര്‍ ഇന്‍ജക്ടര്‍ വാങ്ങുന്നതിനു പകരം എയറേറ്റര്‍ വാങ്ങി. ഇതിനായി 31.14 ലക്ഷം ചെലവഴിച്ചെങ്കിലും മെഷീന്‍ അതോറിറ്റിയുടെ സ്റ്റോക്കില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. വാങ്ങിയ നാല്പതു മെഷീനുകള്‍ പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തിയില്ല. ഒരു വര്‍ഷം മാത്രം വാറന്റിയിലാണ് ഉപകരണങ്ങള്‍ വാങ്ങിയത്. ഒരു വര്‍ഷം കഴിഞ്ഞാല്‍ തകരാര്‍ സംഭവിച്ചാല്‍ പരിഹരിക്കാന്‍ സ്വന്തം സംവിധാനമില്ലെന്നിരിക്കേ, ഉപകരണങ്ങള്‍ വാങ്ങി സ്റ്റോക്ക് ചെയ്തത് അംഗീകരിക്കാനാവില്ല. എയര്‍ ഇന്‍ജക്ടറിനു പകരം എയറേറ്റര്‍ വാങ്ങിയതു പ്രകാരം ഒരു മെഷീന് 38,000 രൂപ വീതം നഷ്ടമായി. മൊത്തം 15.20 ലക്ഷം രൂപ ഈ ഇനത്തില്‍ നഷ്ടമായിട്ടുണ്ടെന്നും അത് സെക്രട്ടറിയില്‍നിന്നോ കരാറുകാരനില്‍നിന്നോ ഈടാക്കണമെന്നും ഓഡിറ്റ് നിര്‍ദ്ദേശിക്കുന്നു. നാല്പത് എയറേറ്ററില്‍ ആറെണ്ണം കണ്ടെത്താന്‍ പോലും കഴിഞ്ഞിട്ടില്ല.

കരാറില്‍ പറഞ്ഞത്രയും മത്സ്യക്കുഞ്ഞുങ്ങളെ കേജ് ഫാമില്‍ നിക്ഷേപിക്കാത്തതിനാല്‍ അതോറിറ്റിക്ക് വന്‍ നഷ്ടമുണ്ടായി. 4,500 മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചെങ്കിലും 2017 ഫിബ്രവരി 18 വരെയുള്ള വിളവെടുപ്പില്‍ 543 കിലോ കാളാഞ്ചി മാത്രമാണ് ലഭിച്ചത്. 3,600 മത്സ്യക്കുഞ്ഞുങ്ങളെ വിളവെടുക്കാന്‍ സാധിച്ചില്ല. മത്സ്യത്തീറ്റ ആവശ്യത്തിലധികം വാങ്ങിക്കൂട്ടിയതിനാല്‍ ആറു ടണ്ണോളം ഉപയോഗ ശൂന്യമായി. കാലാവധി തീരാറായ മത്സ്യത്തീറ്റ കൂടുതല്‍ വാങ്ങി 6.75 ലക്ഷം നഷ്ടമുണ്ടാക്കിയത് കരാറുകാരനില്‍നിന്നോ സെക്രട്ടറിയില്‍നിന്നോ തിരിച്ചുപിടിക്കണമെന്നും ഓഡിറ്റില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.
 
ഇനിയെന്തു ചെയ്യുമെന്ന് ആലോചിച്ചിട്ടില്ല - ചെയര്‍മാന്‍

കൊച്ചി: മുണ്ടംവേലിയിലെ കൂടുമത്സ്യകൃഷി ഇനിയെന്തു ചെയ്യണമെന്ന കാര്യം ആലോചിച്ചിട്ടില്ലെന്ന് ജി.സി.ഡി.എ. ചെയര്‍മാന്‍ സി.എന്‍. മോഹനന്‍ പറഞ്ഞു. മത്സ്യകൃഷിയില്‍നിന്ന് അതോറിറ്റിക്ക് ഉണ്ടായ വരുമാനം കണക്കാക്കി വരുന്നതേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.