ഗാന്ധിനഗര്‍ : പ്രണയം നിരസിച്ചതിലുള്ള പ്രതികാരമാണ് ആദര്‍ശിനെ കൊടുംക്രൂരതയ്ക്ക് പ്രേരിപ്പിച്ചതെന്ന് പോലീസ്. തന്നെ ഒഴിവാക്കാന്‍ ശ്രമിച്ചതിനാലാണ് ലക്ഷ്മിയെ അപായപ്പെടുത്തിയശേഷം സ്വയം തീ കൊളുത്തിയതെന്ന് ആദര്‍ശ് ആശുപത്രിയില്‍വച്ച് പോലീസിനോട് പറഞ്ഞു. രണ്ട്തവണ ലക്ഷ്മിയുടെ വീട്ടിലെത്തി ആദര്‍ശ് വിവാഹാഭ്യര്‍ത്ഥന നടത്തിയിരുന്നു. ഈ ശ്രമം തുടര്‍ന്നതോടെ വിദ്യാര്‍ഥിനിയുടെ മാതാപിതാക്കള്‍ പോലീസ് സ്റ്റേഷനില്‍ നേരത്തെ പരാതി നല്‍കിയിരുന്നു.
 
വ്യക്തമായ പദ്ധതി തയ്യാറാക്കിയാണ് ആദര്‍ശ് ബുധനാഴ്ച കോളേജിലെത്തിയതെന്ന് അന്വേഷണസംഘം കരുതുന്നു.ശരീരത്തില്‍ തീപിടിച്ചപ്പോള്‍ രക്ഷപ്പെടുത്താന്‍ വന്നവരോട് ആദര്‍ശ് ആദ്യം കയര്‍ത്തുസംസാരിച്ചു. വെള്ളം ഒഴിക്കാന്‍ വിസമ്മതിച്ചു. തീയണച്ചുകഴിഞ്ഞപ്പോള്‍ ആംബുലന്‍സില്‍ കയറാന്‍പോലും വിസമ്മതിച്ചതായും കോളേജിലുള്ളവര്‍ പറയുന്നു. മാത്രമല്ല ക്ലാസ് മുറിയിലെത്തുന്നതുവരെ സംഭവത്തെക്കുറിച്ച് ആര്‍ക്കും മനസ്സിലാകാത്തവിധത്തിലായിരുന്നു നീക്കങ്ങള്‍.

കൃത്യം നടത്തുന്നതിന്, കോളേജിലെ പൂര്‍വ്വവിദ്യാര്‍ഥിയെന്ന പരിചയവും സഹായമായി. ചൊവ്വാഴ്ച സപ്ലിമെന്ററി പരീക്ഷയ്ക്കായി ആദര്‍ശ് കോളേജിലെത്തുകയും പരീക്ഷപൂര്‍ത്തിയാക്കി മടങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ യാതൊരുതരത്തിലുള്ള മാറ്റവും കൂട്ടുകാരുടെ ശ്രദ്ധയില്‍പെട്ടിരുന്നില്ല. എന്നാല്‍ ബുധനാഴ്ച രാവിലെ പത്തുമണിയോടെ ആദര്‍ശ് കാമ്പസിലെത്തി. സ്‌നേഹബന്ധം സംബന്ധിച്ചും ചില കൂട്ടുകാരുമായി സംസാരിച്ചെന്നാണ് വിവരം. തുടര്‍ന്ന് ആദര്‍ശ് കോളേജില്‍നിന്ന് പുറത്തുപോയി. ഉച്ചയ്ക്ക് മടങ്ങിയെത്തിയാണ് കൃത്യം നടത്തിയത്. കൈയില്‍ കരുതിയിരുന്ന പെട്രോള്‍ നിറഞ്ഞ ജാര്‍ ലക്ഷ്മിയുടെ തലയിലേക്കാണ് ഒഴിച്ചത്.
 
ക്ലാസ്സില്‍ സമീപത്തുണ്ടായിരുന്ന വിദ്യാര്‍ഥികളുടെ ശരീരത്തിലേക്കും പെട്രോള്‍ തെറിച്ചു. ഇവരും നിലവിളിച്ച് പുറത്തേക്കോടി.തീ കൊളുത്താനായി ലൈറ്റര്‍ എടുത്തപ്പോള്‍ ലക്ഷ്മിയും ഓടി. ഇടനാഴിയിലൂടെ 40 മീറ്ററോളം അകലമുള്ള ലൈബ്രറിയിലേക്കെത്തി. വായനാമുറിയുടെ മേശയുടെ ചുറ്റും ഓടി രക്ഷയ്ക്ക് ശ്രമിച്ച ലക്ഷ്മിയെ ആദര്‍ശ് വളഞ്ഞിട്ട് പിടികൂടി തീകൊളുത്തി. ആദര്‍ശിന് 80 ശതമാനത്തിലധികവും ലക്ഷ്മിക്ക് 70 ശതമാനത്തിലധികവും തീപ്പൊള്ളലേറ്റിരുന്നു.
ആദര്‍ശിന്റെ ബാഗില്‍ ഇരുപത്തയ്യായിരം രൂപയും മറ്റ് രേഖകളും കണ്ടെത്തി. യാത്രക്കാവശ്യമായ സാധനങ്ങളും ബാഗിലുണ്ടായിരുന്നു.