കൊച്ചി: മോഡലുകൾ വാഹനാപകടത്തിൽ മരിച്ച സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ കൊച്ചി ചിലവന്നൂരിൽ പ്രവർത്തിച്ചിരുന്ന ചൂതാട്ടകേന്ദ്രം കണ്ടെത്തി. വിദേശരാജ്യങ്ങളിലെ ചൂതാട്ടകേന്ദ്രങ്ങൾക്ക്‌ സമാനമാണ് ഇത്. സംസ്ഥാനത്തുതന്നെ ആദ്യമാണ് ഇത്തരം ഒന്ന് കണ്ടെത്തുന്നതെന്ന് പോലീസ് പറഞ്ഞു. നടത്തിപ്പുകാരൻ നോർത്ത് പറവൂർ എളന്തിക്കര സ്വദേശി ടിപ്‌സൺ ഫ്രാൻസിസിനെ (33) അറസ്റ്റ് ചെയ്തു. ഇയാളുടെ കൈയിൽനിന്ന്‌ അഞ്ചുഗ്രാം കഞ്ചാവും കണ്ടെടുത്തു.

Tipson
ടിപ്സണ്‍ ഫ്രാന്‍സിസ്

സൈജു തങ്കച്ചന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ മയക്കുമരുന്ന് പാർട്ടി നടന്ന ഫ്ലാറ്റുകളിൽ ശനിയാഴ്ച മുതൽ പോലീസ് റെയ്ഡ് തുടങ്ങിയിരുന്നു. ചിലവന്നൂരിലെ സലാഹുദ്ദീന്റെ ഫ്ളാറ്റിൽ പരിശോധന നടത്താനാണ് പോലീസ് എത്തിയത്. എന്നാൽ, ഫ്ളാറ്റ് മാറി ടിപ്സണിന്റെ ഫ്ളാറ്റിൽ പരിശോധന നടത്തുകയായിരുന്നു. ഇതോടെയാണ് ചൂതാട്ടകേന്ദ്രം കണ്ടെത്തിയത്.

ചൂതാട്ടത്തിന് ഉപയോഗിച്ചിരുന്ന സാമഗ്രികൾ പോലീസ് പിടിച്ചെടുത്തു. 5,000 മുതൽ 10,000 രൂപ വരെ വാങ്ങിയാണ് ചൂതാട്ടത്തിൽ പങ്കെടുപ്പിച്ചിരുന്നത്‌.

സിനിമയിലേതുപോലെ ചൂതാട്ടം  

സിനിമയില്‍മാത്രം കണ്ടുപരിചയമുള്ള 'പോക്കര്‍ ഗെയിം' മോഡല്‍ ചൂതാട്ടകേന്ദ്രമായിരുന്നു കൊച്ചിയിലെ ഫ്‌ളാറ്റില്‍ പോലീസ് കണ്ടെത്തിയത്. പണം മുന്‍കൂറായി വാങ്ങിയാണ് ചൂതാട്ടത്തില്‍ പങ്കെടുപ്പിച്ചിരുന്നത്. 5000 മുതല്‍ 10000 രൂപവരെ ഫീസ് നല്‍കി ടോക്കണ്‍ എടുത്തുവേണം പ്രവേശിക്കാന്‍.

ബാറിലേതുപോലെ ഇവിടെ മദ്യം വിളമ്പിയതായും കണ്ടെത്തിയിട്ടുണ്ട്. പൂര്‍ണമായി ശീതീകരിച്ച ഫ്‌ലാറ്റ് 60,000 രൂപയ്ക്ക് വാടകയ്‌ക്കെടുത്ത് അത്യാഡംബര സൗകര്യങ്ങളോടെയാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പിന്റെ മറവിലായിരുന്നു ചൂതാട്ടം. ഇതിലുള്‍പ്പെട്ട എല്ലാവരെയും ചോദ്യംചെയ്യും. ചൂതാട്ടസാമഗ്രികള്‍ എങ്ങനെ കൊച്ചിയില്‍ എത്തിച്ചെന്നും അന്വേഷണമുണ്ടാകും.

കളിക്കാന്‍ വന്നവര്‍ കുടുങ്ങും

ഫ്‌ളാറ്റിലേക്കെത്തിയവരുടെ വിവരം റെയ്ഡിനുശേഷം ഫ്‌ളാറ്റിലെ സന്ദര്‍ശക രജിസ്റ്ററില്‍നിന്ന് പോലീസ് ശേഖരിച്ചിട്ടുണ്ട്. ഇവരെ വരുംദിവസങ്ങളില്‍ ചോദ്യംചെയ്യും. ഫ്‌ലാറ്റിലെ സി.സി.ടി.വി. കേന്ദ്രീകരിച്ചും അന്വേഷണമുണ്ടാകും. ഇതോടൊപ്പം അറസ്റ്റിലായ പ്രതിയുടെ ബാങ്ക് അക്കൗണ്ടും പരിശോധിക്കും. ഇതിലൂടെ ചൂതാട്ടത്തില്‍ പങ്കെടുത്ത മുഴുവന്‍ ആളുകളെയും കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ. പണത്തിനുപകരം ലഹരിവസ്തുക്കള്‍വെച്ചും ചൂതാട്ടമുണ്ടായിരുന്നോ എന്നും സംശയിക്കുന്നുണ്ട്.

പോക്കര്‍ ഗെയിം

'പോക്കര്‍ ഗെയിം' എന്നത് ഒരു കാര്‍ഡ് ഉപയോഗിച്ചുള്ള ചൂതാട്ടക്കളിയാണ്. 'ടെക്‌സസ് ഹോള്‍ഡെം' ആണ് ഇതിലെ ജനപ്രിയമായ ഇനം. മറ്റനേകം തരത്തിലുള്ള പോക്കര്‍ ഗെയിമുകളുണ്ട്. 'ചിപ്സ്' എന്നറിയപ്പെടുന്ന കോയിനുകള്‍ ഉപയോഗിച്ചാണ് പന്തയം വെക്കുന്നത്. ഗെയിമിന്റെ അവസാനം കളിക്കാര്‍ ചിപ്പുകള്‍ പണമാക്കി മാറ്റും.

ഫ്‌ലാറ്റിലെ ഒരു മുറി പൂര്‍ണമായി ചൂതാട്ടകേന്ദ്രമായി മാറ്റിയിരുന്നു. എറണാകുളം സൗത്ത് പോലീസ്, ഡാന്‍സാഫ്, ഡോഗ് സ്‌ക്വാഡ് എന്നിവര്‍ സംയുക്തമായായിരുന്നു പരിശോധന.

ലഹരിക്കൊപ്പം ചൂതാട്ടവും; തുണ ഗുണ്ടാസംഘങ്ങള്‍ 

സിന്തറ്റിക് ലഹരി ഒഴുകുന്ന റേവ് പാര്‍ട്ടികള്‍ മാത്രമല്ല, ഗോവയിലെ ചൂതാട്ടവും കൊച്ചിയിലേക്ക് എത്തിയിരിക്കുന്നു. വിദേശരാജ്യങ്ങളിലെ ചൂതാട്ട കേന്ദ്രങ്ങളില്‍ നടക്കുന്ന 'പോക്കര്‍ ഗെയിം' അടക്കമാണ് കൊച്ചിയിലെ ഫ്‌ളാറ്റുകളില്‍ അരങ്ങേറുന്നത്. ലഹരിമരുന്ന് പാര്‍ട്ടിയിലേക്ക് എത്തുന്ന വമ്പര്‍മാരാണ് ചൂതാട്ടത്തിലും ഭാഗ്യം പരീക്ഷിക്കുന്നത്. ലക്ഷങ്ങളുടെ ഇടപാടുകളാണ് ഇവിടെ നടക്കുന്നത്.

വൈപ്പിന്‍, തൃപ്പൂണിത്തുറ, പള്ളുരുത്തി, എറണാകുളം സിറ്റി എന്നിവിടങ്ങളില്‍ വലിയ തോതില്‍ ചൂതാട്ടം നടക്കുന്നുണ്ട്. ഗുണ്ടാസംഘങ്ങളുടെ പിന്തുണയോടെയാണ് ഇതു നടത്തുന്നത്.

മുമ്പ് ചൂതാട്ടം നടക്കുന്നതിനെക്കുറിച്ച് വിവരം നല്‍കിയ തമ്മനം സ്വദേശിയെ വീട്ടില്‍ക്കയറി ആക്രമിച്ചിരുന്നു. പോലീസിന് നല്‍കിയ രഹസ്യവിവരം അവിടെനിന്ന് ഗുണ്ടകള്‍ക്ക് ചോര്‍ത്തിക്കൊടുക്കുകയായിരുന്നു. പിന്നീട് പോലീസ്തന്നെ ഇയാള്‍ക്കും കുടുംബത്തിനും കാവല്‍ നില്‍ക്കേണ്ട സ്ഥിതിയും വന്നു.

തൃപ്പൂണിത്തുറയിലെ ഒരു സ്‌പോര്‍ട്സ് ക്ലബ്ബില്‍ ചൂതാട്ടം നടക്കാന്‍ തുടങ്ങിയിട്ട് നാളുകളായി. വമ്പന്‍മാര്‍ക്കു മാത്രം മെംബര്‍ഷിപ്പുള്ള ക്ലബ്ബിലാണിത് അരങ്ങേറുന്നത്. പോലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ക്ലബ്ബ് നടത്തിപ്പുകാര്‍ മെംബര്‍ഷിപ്പ് നല്‍കും. ഇതോടെ പോലീസിന്റെ കാവല്‍കൂടി ഇവിടത്തെ ചൂതാട്ടത്തിന് ലഭിക്കും.

'പന്നിമലര്‍ത്ത്' തന്നെ മെയിന്‍

രഹസ്യകേന്ദ്രങ്ങളിലും ക്ലബ്ബുകളിലും ചീട്ട് വെച്ചുള്ള കളികളും വ്യാപകമാണ് 'പന്നിമലര്‍ത്ത്' തന്നെ പ്രധാന കളി. ലക്ഷങ്ങളാണ് ഇവിടെ മറിയുന്നത്. നടത്തിപ്പുകാരായ ഗുണ്ടകള്‍ക്ക് ഓരോ ടേബിളിനും 5,000 മുതല്‍ 10,000 രൂപ വരെയാണ് നല്‍കുന്നത്. സുരക്ഷയാണ് ഇവരുടെ വാഗ്ദാനം. മദ്യവും മയക്കുമരുന്നും ഇവര്‍തന്നെ വിതരണം ചെയ്യും.

പണം തീര്‍ന്നാലും സാരമില്ല

ചൂതാട്ടത്തിനിടെ പണം തീര്‍ന്നാലും അവസാനിപ്പിച്ച് മടങ്ങേണ്ട. സംഘാടകര്‍തന്നെ പണം പലിശയ്ക്ക് നല്‍കും. തൊട്ടടുത്തദിവസം പണം പലിശചേര്‍ത്ത് തിരികെ തരുമെന്ന ഉറപ്പിന്മേലാണ് പണം നല്‍കുന്നത്. ജില്ലയ്ക്ക് പുറത്തുനിന്നടക്കം കളികള്‍ക്കായി ആളുകള്‍ എത്തുന്നുണ്ട്.

Content Highlights : Gambling centre found in Kochi; Similar to foreign gambling centers says Police