ആലപ്പുഴ: മന്ത്രി ജി. സുധാകരൻ നടത്തിയ പത്രസമ്മേളനത്തിലെ വെളിപ്പെടുത്തലുകളിൽ അമ്പരന്ന് സി.പി.എം. നേതൃത്വം. പത്രവാർത്തയ്ക്കു മറുപടി പറയാൻ വിളിച്ച പത്രസമ്മേളനം പാർട്ടിയെ സമ്മർദത്തിലാക്കിയെന്ന വിലയിരുത്തലിലാണ് പല നേതാക്കളും. പത്രവാർത്തയ്ക്ക് മറുപടി പറയുന്നതിനെക്കാളുപരി തന്നെ ഒറ്റപ്പെടുത്താൻ ശ്രമിക്കുന്ന ചില പാർട്ടി നേതാക്കൾക്കെതിരേ ചുട്ടമറുപടി പറയുകകൂടിയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യമെന്നാണ് നേതാക്കൾ പറയുന്നത്.

സർക്കാരിന്റെ വികസനനേട്ടങ്ങൾ ജി. സുധാകരൻ വ്യക്തിപരമായ നേട്ടമായി പറഞ്ഞുവെന്ന വിമർശനമുയർന്നിരുന്നു. പൊതുമരാമത്ത് വകുപ്പ് നടത്തിയ വികസന നേട്ടങ്ങളെ മുൻനിർത്തി “ഞാൻ പണിത പാലവും റോഡും കാണിച്ചല്ലേ 140 മണ്ഡലങ്ങളിലും വോട്ടുപിടിച്ചത്” എന്ന് അദ്ദേഹം പറഞ്ഞുവെന്ന് ചിലർ ചൂണ്ടിക്കാട്ടിയിരുന്നു. ‘ചെങ്ങന്നൂരിൽ സജി ചെറിയാനുൾപ്പെടെ എന്റെ പാലവും റോഡും കാണിച്ചാണ് വോട്ടുപിടിച്ചത്’ എന്ന് പേരെടുത്തു പറയുകയും ചെയ്തു.

പി. കൃഷ്ണപിള്ള സ്മാരകം ആക്രമിച്ച് പ്രതിമ തകർത്ത സംഭവം ഇപ്പോഴും പാർട്ടിയെ വേട്ടയാടുന്ന വിഷയമാണ്. ഇതിന്റെ കനലുകൾ അടങ്ങിയെന്നു തോന്നിക്കുന്ന വേളയിലാണ് സുധാകരൻ വീണ്ടും അത് ചർച്ചയാക്കിയത്. പ്രതിമ തകർത്ത രാഷ്ട്രീയ ക്രിമിനലുകളാണ് തനിക്കെതിരേയും പ്രവർത്തിക്കുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. സ്മാരകം ആക്രമിച്ച കേസിലെ പ്രതികളെ കോടതി വെറുതേവിട്ടെങ്കിലും പാർട്ടിയിലുള്ളവർക്ക് പങ്കുണ്ടെന്ന് പ്രതിപക്ഷ നേതാക്കൾ പറയുന്നതിനിടയിലാണ് ഇത്തരമൊരു പരാമർശം.

തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടിവരില്ലെന്ന് അദ്ദേഹമോ ജില്ലയിലെ പാർട്ടിയോ വിചാരിച്ചിരുന്നില്ല. സുധാകരനെ അമ്പലപ്പുഴയിലും തോമസ് ഐസക്കിനെ ആലപ്പുഴയിലും മത്സരിപ്പിക്കണമെന്നാണ് അവസാനനിമിഷംവരെ ജില്ലാഘടകം ആവശ്യപ്പെട്ടിരുന്നത്. പാർട്ടി മാനദണ്ഡം എല്ലാവർക്കും ബാധകമാണെന്ന് സുധാകരൻ പരസ്യമായി പറഞ്ഞെങ്കിലും സ്ഥാനാർഥിത്വം നിഷേധിക്കപ്പെട്ടതിൽ അദ്ദേഹത്തിനൊപ്പം നിൽക്കുന്നവർക്ക് കടുത്ത അതൃപ്തിയുണ്ടായിരുന്നു.

ഇതിനുപിന്നാലെയാണ് അമ്പലപ്പുഴയിൽ പാർട്ടി സ്ഥാനാർഥി എച്ച്. സലാമിന്റെ പ്രചാരണത്തിനായി അദ്ദേഹം സജീവമായി രംഗത്തിറങ്ങുന്നില്ലെന്ന ആരോപണമുയർന്നത്. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പങ്കാളിയായിട്ടും തന്റെ പ്രവർത്തനത്തെ ചോദ്യംചെയ്യുന്ന രീതിയിൽ ചില നേതാക്കൾ പ്രവർത്തിക്കുകയും നേതൃത്വത്തിന് പരാതിനൽകുകയും ചെയ്തതായാണ് അദ്ദേഹം കരുതുന്നത്. ഇതും പ്രകോപനത്തിനു കാരണമായിട്ടുണ്ടെന്നാണ് അടുപ്പമുള്ളവർ പറയുന്നത്.

തിരഞ്ഞെടുപ്പുഫലം എതിരായാൽ ജില്ലയിലെ പാർട്ടിയിൽ വലിയ വിവാദങ്ങൾക്ക് തുടക്കംകുറിക്കുമെന്നാണു സൂചന.