കൊച്ചി: ലോക്ഡൗൺ മുതലുള്ള ഒരു വർഷത്തിനിടെ പെട്രോളിനും ഡീസലിനും കൂടിയത് ലിറ്ററിന് 20 രൂപ. ഗാർഹിക ആവശ്യത്തിനുള്ള പാചകവാതകത്തിന് ആറുമാസത്തിനുള്ളിൽ 238 രൂപ വർധിച്ചു. കഴിഞ്ഞദിവസം 25 രൂപയാണ് പാചകവാതകത്തിന് വർധിച്ചത്. ഡീസൽ വിലയ്ക്കനുസരിച്ച് വാഹനവാടക കൂടുന്നതോടെ പച്ചക്കറിയടക്കമുള്ള നിത്യോപയോഗ സാധനങ്ങളുടെ വിലയും കൂടുകയാണ്.

കോവിഡ് രൂക്ഷമായ 2020 മാർച്ച് മുതൽ ആഗോള എണ്ണവില ഇടിയാൻ തുടങ്ങിയതോടെ ഇന്ധനവില കുറഞ്ഞിരുന്നു. മാർച്ച് പകുതിയോടെ കേരളത്തിൽ പെട്രോളിന് 70-72 രൂപയായും ഡീസലിന് 65-67 രൂപയായും കുറഞ്ഞു. ജൂൺമുതൽ ഉയരാൻ തുടങ്ങി. 2020 ഡിസംബർ ആദ്യത്തോടെ 82-84ൽ എത്തി. ഈ വർഷം ജനുവരിമുതലുള്ള രണ്ടുമാസത്തിനിടെ മാത്രം പെട്രോളിന് 7.50 രൂപയും ഡീസലിന് എട്ടുരൂപയും വർധിച്ചു.

Content Highlight; Fuel prices record hike in india