കേരളത്തിൽ ഇന്ധനവില ഉയർന്നുതന്നെ നിൽക്കുന്നതിനാൽ അതിർത്തിയിലുള്ളവർ മുഴുവൻ ഇന്ധനമടിക്കാൻ അയൽ സംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്. ഇത് കേരളത്തിന്റെ അതിർത്തിക്കുള്ളിലുള്ള ഇന്ധനപമ്പുകാർക്ക് വൻ നഷ്ടമായിക്കൊണ്ടിരിക്കുകയാണ്. സംസ്ഥാനത്തിന്റെ നികുതിയാണ് ഇതോടൊപ്പം ചോരുന്നത്. അതിർത്തികളിലൂടെ ഒരു യാത്ര...   

തിരുവനന്തപുരം

കേരള-തമിഴ്‌നാട് അതിർത്തിയായ പാറശ്ശാല

സംസ്ഥാന അതിർത്തിയിൽനിന്ന്‌ മൂന്നുകിലോമീറ്റർ അകലെയായി രണ്ടുപമ്പുകൾ. തമിഴ്‌നാട്ടിൽ പെട്രോളിന് 3.97 രൂപയും ഡീസലിന് 1.03 രൂപയുടെയും വിലക്കുറവ്. പാറശ്ശാലയിലെ പെട്രോൾവില -106.63. ഡീസൽവില -93.74. നാഗർകോവിൽ: പെട്രോൾ -102.66, ഡീസൽ- 92.71.

കേരളത്തിൽ വിൽപ്പന കുറഞ്ഞു

അതിർത്തിയിലെ കേരളപമ്പുകളിൽ വിൽപ്പന കുത്തനെ കുറഞ്ഞു. പാറശ്ശാലയിലെ പമ്പിൽമാത്രം പെട്രോളിന്റെയും ഡീസലിന്റെയും വിൽപ്പനയിൽ ശരാശരി 500 ലിറ്ററിലധികം കുറവുണ്ട്. തമിഴ്നാട്ടിൽനിന്ന് 30 ലിറ്റർ പെട്രോൾ നിറച്ചാൽ 120 രൂപയോളം ലാഭിക്കാം.

കോഴിക്കോട്

വടകരയിലെയും മാഹിയിലെയും വിലവ്യത്യാസം:

പെട്രോൾ

വടകര 104.87

മാഹി 92.52

വ്യത്യാസം 12.35 രൂപ

ഡീസൽ

വടകര 92.11

മാഹി 80.94

വ്യത്യാസം 11.17 രൂപ

കണ്ണൂർ

പെട്രോൾ -104.40

ഡീസൽ -91.67

വടകര ടൗണിലെയും പരിസരങ്ങളിലെയും പമ്പുകളിൽ 10മുതൽ 50വരെ ശതമാനം വ്യാപാരം കുറഞ്ഞു. 50 ലിറ്റർ ഡീസൽ മാഹിയിൽനിന്നടിച്ചാൽ ലാഭം -558.5 രൂപ. പെട്രോളിന് ലാഭം -617.5 രൂപ.

കണ്ണൂർ ജില്ലയിൽ 185 പമ്പുകൾ. മാഹി മേഖലയിൽ 16.

മാഹിയിൽ ദിവസം ഏകദേശം 110 കിലോ ലിറ്റർ പെട്രോളും 215 കിലോലിറ്റർ ഡീസലും. അതിൽ ശരാശരി 60-70 ശതമാനം വർധനയുണ്ടായി. ദേശീയപാതയോരത്തെ ഒരുപമ്പിൽ നാലായിരത്തോളം വാഹനങ്ങൾ ഇപ്പോൾ എണ്ണയടിക്കാനെത്തുന്നു. മുമ്പ് രണ്ടായിരത്തിനടുത്തായിരുന്നു.

തലശ്ശേരി, കൂത്തുപറമ്പ് മേഖലകളിലെ പന്ത്രണ്ടോളം പമ്പുകളെ സാരമായി ബാധിച്ചു. ഈ പമ്പുകളിൽ ദിവസം 2000-2500 ലിറ്റർ എണ്ണവിൽപ്പന കുറഞ്ഞു. ജില്ലയിൽ ആകെ ദിവസം 25,000-30,000 ലിറ്ററിന്റെ കുറവ്.

തലശ്ശേരിയിൽനിന്ന് മാഹിയിൽപോയി എണ്ണയടിച്ചുവരാൻ മൂന്നോ നാലോ ലിറ്റർ എണ്ണ ചെലവാക്കിയാൽമതി (തലശ്ശേരി-മാഹി ദൂരം ഇരുവശത്തേക്കും കൂടി 18 കിലോമീറ്റർ; ആറുകിലോമീറ്ററിന് ഒരു ലിറ്റർ ഡീസൽ എന്നാണ് ബസിന്റെ കണക്ക്).

തലപ്പാടി കേരള-കർണാടക അതിർത്തി

പെട്രോൾ

കേരളത്തിൽ -105.69

കർണാടകയിൽ -99.90

വ്യത്യാസം -5.79

ഡീസൽ

കേരളത്തിൽ -92.88

കർണാടകയിൽ -84.36

വ്യത്യാസം -8.52

തലപ്പാടി, പെർള, മുള്ളേരിയ, അഡൂർ, ബന്തടുക്ക എന്നിവിടങ്ങളിലായി സംസ്ഥാന അതിർത്തിയോടുചേർന്ന് ഒമ്പത് പെട്രോൾ പമ്പുകൾ. അതിർത്തി പെട്രോൾ പമ്പുകളിലെ വ്യാപാരം മൂന്നിലൊന്നായി കുറഞ്ഞതായി ഉടമകൾ.

പാലക്കാട്

പാലക്കാട് അതിർത്തിക്കപ്പുറം തമിഴ്നാട്ടിലെ ഇന്ധനവില:

വേലന്താവളം: പെട്രോൾ -101.86, ഡീസൽ -91.92 രൂപ

ഗോപാലപുരം: പെട്രോൾ -102.17 രൂപ, ഡീസൽ -91.92 രൂപ.

കേരളത്തിലെ ഇന്ധനവില

ഗോപാലപുരം-മൂങ്കിൽമട: പെട്രോൾ -105.72, ഡീസൽ -92.87

കഞ്ചിക്കോട് ദിവസം 2500 ലിറ്റർ വിറ്റിരുന്നിടത്ത് ഇപ്പോൾ 2000 ലിറ്റർമാത്രമെന്ന് പമ്പുകാർ.

കൊല്ലം

കൊല്ലം-തിരുമംഗലം ദേശീയപാതയിൽ തെന്മല ഉറുകുന്നിലെ അണ്ടൂർപച്ചയിലാണ് കേരളത്തിലെ പമ്പ്. 30 കിലോമീറ്റർ അകലെ തമിഴ്നാട്ടിലെ പുളിയറയിലാണ് അടുത്ത പമ്പ്.

കേരളം: പെട്രോൾ -105.76 രൂപ, ഡീസൽ -92.92

തമിഴ്നാട്: പെട്രോൾ -102.21, ഡീസൽ -91.21

പ്രതിദിനം 6000 ലിറ്റർ ഡീസൽ വിൽപ്പന നടന്നിരുന്നിടത്ത് ഇപ്പോൾ വിൽപ്പന 3500-4000 ലിറ്റർ മാത്രമെന്ന് കേരളത്തിലെ പമ്പുടമ. പെട്രോളിന് കൂടുതലും പ്രാദേശിക ആവശ്യക്കാരായതിനാൽ വിൽപ്പനയെ സാരമായി ബാധിച്ചിട്ടില്ല.

കേരളത്തിൽ വിൽക്കുന്നത് 1.2 കോടി ലിറ്റർ ഇന്ധനം

കേരളത്തിൽ ദിവസം ശരാശരി 1.2 കോടി ലിറ്റർ ഇന്ധനം വിൽക്കുന്നുണ്ടെന്നാണ് കണക്ക്. ഇതിൽ 60 ശതമാനത്തോളം ഡീസലും 40 ശതമാനത്തോളം പെട്രോളുമാണ്. പെട്രോൾ ഇനത്തിൽ ദിവസം 47 കോടി രൂപയുടെയും ഡീസൽ ഇനത്തിൽ 63 കോടി രൂപയുടെയും വ്യാപാരമാണ് നടക്കുന്നത്.

കേരളത്തിൽ വിൽക്കുന്ന ഡീസലിൽ 45 ശതമാനം ഉപയോഗവും അയൽസംസ്ഥാനങ്ങളിലെ വണ്ടികളാണ്. കേരളം മൂല്യവർധിതനികുതി (വാറ്റ്) കുറയ്ക്കാത്ത സാഹചര്യത്തിൽ അയൽസംസ്ഥാന വണ്ടികൾ കേരളത്തിന്റെ അതിർത്തിപ്രദേശങ്ങളെ ആശ്രയിക്കുന്ന സ്ഥിതിയിലേക്ക് നീങ്ങും. ഇതോടെ കേരളത്തിൽ വിൽക്കുന്ന ഇന്ധനം കുറയുകയും അത് സംസ്ഥാനത്തിന്റെ നികുതിവരുമാനം കുറയാനുമിടയാക്കും.