കൊച്ചി: രാജ്യത്ത് പെട്രോൾ, ഡീസൽ വില റെക്കോഡ് ഉയരത്തിലാണ്. പെട്രോൾ വില ലിറ്ററിന് മുംബൈയിൽ 100 രൂപ കടന്നപ്പോൾ കേരളത്തിൽ പലയിടത്തും 95 രൂപയുടെ മുകളിലെത്തി. ഒരു ലിറ്റർ ഡീസലിന് കൊച്ചി നഗരത്തിലൊഴികെ കേരളത്തിലെങ്ങും 90 രൂപയുടെ മുകളിലായി. മുംബൈയിൽ ഡീസൽവില 92 കടന്നു.

വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു കാരണം ഇടക്കാലത്ത് നിർത്തിവെച്ചിരിക്കുകയായിരുന്ന വിലവർധന തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വീണ്ടും നടപ്പാക്കുകയാണ്. മേയ് നാലുമുതൽ ഇതുവരെ ഒരുമാസത്തിനുള്ളിൽ 17 തവണയാണ് ഇന്ധനവില കൂട്ടിയത്.

ചൊവ്വാഴ്ച പെട്രോളിന് 26 പൈസവരെയും ഡീസലിന് 24 പൈസ വരെയുമാണ് കൂടിയത്. കൊച്ചി നഗരത്തിൽ പെട്രോളിന് 94.33 രൂപയിൽനിന്ന് 94.59 രൂപയായും ഡീസലിന് 89.74 രൂപയിൽനിന്ന് 89.98 രൂപയുമായാണ് ചൊവ്വാഴ്ച കൂടിയത്.

അസംസ്കൃത എണ്ണയുടെ വിലവർധന ചൂണ്ടിക്കാട്ടിയാണ് തുടർച്ചയായി വിലകൂട്ടുന്നത്. എന്നാൽ, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഈടാക്കുന്ന നികുതി വൻതോതിൽ വർധിപ്പിച്ചതാണ് വില റെക്കോഡ് ഉയരത്തിലേക്കെത്താൻ കാരണമെന്ന് കണക്കുകൾ തെളിയിക്കുന്നു.

പെട്രോള്‍

  • അടിസ്ഥാന വില: 2014 മേയ്- 47 രൂപ, നിലവിൽ- 35.63
  • കുറവ്- 21 ശതമാനം
  • കാരണം- ആഗോളവിപണിയിൽ അസംസ്കൃത എണ്ണവില കുറഞ്ഞു. കേന്ദ്രനികുതി
  • 2014: 10.39 രൂപ, നിലവിൽ-31.80
  • വർധന: 206 ശതമാനം.

തീരുവ കൂട്ടി പിഴിയുന്നു

2020 മാർച്ച്-മേയ് കാലയളവിൽ ആഗോളവിപണിയിൽ അസംസ്കൃത എണ്ണവില വൻതോതിൽ കുറഞ്ഞപ്പോൾ കേന്ദ്രസർക്കാർ അതിന്റെ പ്രയോജനം ജനത്തിനുനൽകാതെ തീരുവ വർധിപ്പിച്ചു.

  • കൂട്ടിയ തീരുവ: പെട്രോൾ-ലിറ്ററിന് 13 രൂപ, ഡീസലിന് 16 രൂപ.
  • തീരുവയിനത്തിൽ കേന്ദ്രസർക്കാരിന്റെ അധികവരുമാനം (2020-21)-1.71 ലക്ഷം കോടി.
  • 2019-’20-ൽനിന്ന് വർധിച്ച വരുമാനം-2.21 ലക്ഷം കോടിയിൽനിന്ന് 3.92 ലക്ഷം കോടി.
  • കോവിഡ് കാരണം ഈ സമയത്തെ ഇന്ധനവിൽപ്പന കുറഞ്ഞത്- 10.6 ശതമാനം.

സംസ്ഥാനസർക്കാരിനും നേട്ടം

പെട്രോളിന്റെയും ഡീസലിന്റെയും അടിസ്ഥാന വിലയോടൊപ്പം ഗതാഗതച്ചെലവും പമ്പുടമകളുടെ കമ്മിഷനും ചേർന്നാൽ സംസ്ഥാനത്തിന്റെ നികുതികളാണ്.

സംസ്ഥാനനികുതി

* പെട്രോൾ- 30.083 ശതമാനം.

അധികനികുതി- ലിറ്ററിന് ഒരു രൂപ.

സെസ്- ഒരു ശതമാനം.

ഇതൊക്കെ ചേരുമ്പോൾ ലിറ്ററിന്- 95 രൂപ.

(ലിറ്ററിന് മൂന്നുരൂപ കൂടുമ്പോൾ സംസ്ഥാനസർക്കാരിന് ഒരു രൂപയുടെയടുത്ത് നേട്ടം)

* ഡീസൽ-22.76 ശതമാനം(സംസ്ഥാന നികുതി)

അധിക നികുതി-ലിറ്ററിന് ഒരു രൂപ

സെസ്- ഒരു ശതമാനം

(നാലു രൂപ കൂടുമ്പോൾ ഏതാണ്ട് ഒരുരൂപയുടെ നേട്ടം സംസ്ഥാനസർക്കാരിന്)