കോട്ടയം: ഇന്ധനവില വർധന, വൈദ്യുതിനിരക്കിലെ തിരിച്ചടികൾ, ഓൺലൈൻ പഠനമുണ്ടാക്കിയ ഡേറ്റാച്ചെലവ്... ശരാശരി മലയാളിയുടെ ഈ ദിനങ്ങൾ പൊള്ളുന്നത് ഇങ്ങനെയാണ്. ആ ചെലവുകൾ എങ്ങനെ? എത്ര? ഒരന്വേഷണം...
രണ്ടുജോലിക്കാരുള്ള കുടുംബത്തിൽ
രണ്ടുപേരും ഇരുചക്രവാഹനം ഉപയോഗിക്കുന്നു. കോവിഡ് ഭീതികാരണം പൊതുവാഹനം ഉപയോഗിക്കുന്നത് വേണ്ടെന്നുവെച്ചതിനാൽ സ്വന്തം ബൈക്ക് വേണം.
നേരത്തേ
30 കിലോമീറ്റർ ദിവസയാത്ര 200 രൂപയുടെ പെട്രോൾ പരമാവധി ആറുദിവസത്തേക്ക്
ഇപ്പോൾ
30 കിലോമീറ്റർ ദിവസയാത്ര 200 രൂപയുടെ പെട്രോൾ നാലര ദിവസത്തേക്ക് (മൈലേജ് ശരാശരി 55 കിലോമീറ്റർ ഉള്ള ബൈക്കിന്)
അധികച്ചെലവ്
മുമ്പത്തെ അപേക്ഷിച്ച് ഒന്നരദിവസത്തേക്കുള്ള ഇന്ധനം അധികം കണ്ടെത്തണം. രണ്ടുപേർ സമാനദൂരം യാത്രപോകുന്ന വീട്ടിൽ മൂന്നുദിവസത്തേക്കുള്ള അധികച്ചെലവ് വരും. ശരാശരി 120 രൂപ ആറുദിവസം കൂടുമ്പോൾ അധികം.
മൊബൈൽ, ലാപ്ടോപ്പ്-പുതിയ ചെലവ്
ഗൃഹനാഥനും നാഥയും സ്മാർട്ട് ഫോൺ ഉപയോഗിച്ചിരുന്ന വീട്. രണ്ടുമക്കൾ വിദ്യാർഥികൾ. അധികം വേണ്ടത് രണ്ട് സ്മാർട്ട് ഫോൺ. ശരാശരി നിലവാരമുള്ള ഒരു സ്മാർട്ട് ഫോണിന് 8000 രൂപ. രണ്ട് ഫോൺ വാങ്ങിയാൽ 16000 രൂപ (ഒരെണ്ണംകൊണ്ടും ഒപ്പിക്കാം). ലാപ്ടോപ്പ് ശരാശരി വില 30,000 രൂപമുതൽ. ടാബിന് 8000 രൂപമുതൽ.
ഡേറ്റാ-പുതിയ ചെലവ്
കുട്ടികൾക്ക് ആറുമാസത്തേക്ക് 449 രൂപയുടെ മൊബൈൽ ഡേറ്റാ ചെലവ്. (ബി.എസ്.എൻ.എൽ.). ഒരു ഫോണിലെ ഹോട്സ്പോട്ടുകൊണ്ട് രണ്ടുപേർക്ക് പഠിക്കാം.
ഭക്ഷണസാധനങ്ങൾ
നേരത്തേ
മൂന്നുപേരുള്ള കുടുംബത്തിൽ പലചരക്ക് വാങ്ങാൻ ഒരുമാസം നേരത്തേ 1400 രൂപ. അരി 500 രൂപയുടെ പാക്കറ്റ്. പച്ചക്കറി ആഴ്ചയിൽ 250 രൂപ പ്രകാരംമാസം 1000 രൂപ. മീൻ, ഇറച്ചി എന്നിവയ്ക്ക് മാസം 1500 രൂപ.
ഇപ്പോൾ
പലചരക്ക് മൂന്നുപേരുള്ള കുടുംബത്തിന് ശരാശരി 2500 രൂപയായി. പച്ചക്കറി ആഴ്ചയിൽ 300 രൂപ പ്രകാരം 1200 രൂപയായി. മീൻ, ഇറച്ചി ചെലവ് 2000 രൂപ. ഉദാഹരണത്തിന് കിലോഗ്രാമിന് 140 രൂപയായിരുന്ന മത്തിവില ഇപ്പോൾ 200 മുതൽ 250 രൂപവരെ. (പലചരക്ക്, പച്ചക്കറി, മത്സ്യ-മാംസവില വിപണിയനുസരിച്ച് വ്യത്യാസപ്പെടാം).
വൈദ്യുതി
ചെറിയ കുടുംബത്തിന്റെ ശരാശരി വൈദ്യുതി ഉപയോഗം ശരാശരി 100 യൂണിറ്റ് വരും. ലോക്ഡൗൺ കാലത്ത് അധിക ഉപയോഗം, ബില്ലിലെ അപാകം എന്നിവമൂലം മാസം 150 യൂണിറ്റാകും. രണ്ടുമാസത്തെ ബില്ല് ഇതോടെ 300 യൂണിറ്റ്. 600 രൂപ വരാവുന്ന ബില്ല് 1200 വരെ ആകും. 240 യൂണിറ്റ് വരെയുള്ള ഉപയോഗം കടന്നാൽ ബില്ലിൽ വലിയ വ്യത്യാസം വരും.