തിരുവനന്തപുരം: വനംവകുപ്പിന്റെ പരിശീലനം പൂർത്തിയാക്കി സർട്ടിഫിക്കറ്റ് നേടുന്നവർക്കു മാത്രമേ ഇനി സംസ്ഥാനത്ത് പാമ്പുകളെ പിടികൂടാൻ അനുവാദം നൽകൂ. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനത്ത് ഇത്തരത്തിൽ മാർഗനിർദേശങ്ങൾ തയ്യാറാക്കി താത്‌പര്യമുള്ളവർക്ക് പരിശീലനം നൽകുന്നത്.

പാമ്പുകളെ ശാസ്ത്രീയമായി പിടികൂടി അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ സുരക്ഷിതമായി വിട്ടയയ്ക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ സുരേന്ദ്രകുമാർ അറിയിച്ചു.

പാമ്പുകളുടെ സംരക്ഷണവും ജനങ്ങളുടെ സുരക്ഷിതത്വവും ഉറപ്പാക്കാൻ ‘സർപ്പ’ എന്ന മൊബൈൽ ആപ്ളിക്കേഷനും തയ്യാറാക്കിയിട്ടുണ്ട്. അംഗീകൃത പാമ്പുപിടിത്തക്കാർക്ക് ഗ്രൂപ്പ് ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കാനുള്ള നടപടികളും വകുപ്പിന്റെ പരിഗണനയിലാണ്.

content highlights: from now onwards certificate must for catching snakes