കൊച്ചി: ഓൺലൈൻ ഷോപ്പിങ് സൈറ്റുകൾ വഴി വ്യാപകമായി തട്ടിപ്പുകൾ നടക്കുന്നതായി പോലീസിന്റെ മുന്നറിയിപ്പ്. തട്ടിപ്പിൽ മലയാളികൾക്കു കൂടി പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന തെളിവുകളാണ് പോലീസ് പുറത്തുവിട്ടിരിക്കുന്നത്.

ഓൺലൈൻ ഷോപ്പിങ് സൈറ്റുകളിൽനിന്ന് എന്തെങ്കിലും സാധനങ്ങൾ വാങ്ങിയാൽ തൊട്ടടുത്ത ദിവസം നറുക്കെടുപ്പിൽ വിജയിയാണെന്ന് അറിയിച്ച് ചില വിളിയെത്തിയിരുന്നു. മുമ്പ് ഫോൺ വിളി എത്തിയിരുന്നത് ഇംഗ്ലീഷിലായിരുന്നു. എന്നാലിന്ന് മലയാളികളാണ് വിളിക്കുന്നത്. അതും സ്ത്രീകൾ.

ഓൺലൈനിൽ ഓർഡർ ചെയ്യുന്ന സാധനങ്ങൾ ഡെലിവറി ചെയ്യുന്നതോടെയാണ് തട്ടിപ്പുകാരുടെ ഫോൺ വിളിയെത്തുക. ആദ്യം വിളിക്കുക ഓർഡർ ചെയ്ത സാധനം കിട്ടിയല്ലോ, ഇതിന് പ്രശ്നങ്ങളൊന്നും ഇല്ലല്ലോ എന്ന് തിരക്കിയാകും. ഇത് കഴിഞ്ഞുള്ള ദിവസം വീണ്ടും ഫോൺ വിളിയെത്തും. ഓൺലൈനിൽ സാധനങ്ങൾ വാങ്ങിയവർക്കായി നടത്തിയ നറുക്കെടുപ്പിൽ മെഗാ ബമ്പർ സമ്മാനം ലഭിച്ചു എന്നാകും ഈ വിളിയിൽ അറിയിക്കുക.

ഫെസ്റ്റിവൽ സീസണിൽ ഓൺലൈൻ ഷോപ്പിങ് സൈറ്റുകൾ സമ്മാനങ്ങൾ നൽകുന്നതിനാൽ തന്നെ ഭൂരിഭാഗം പേരും ഈ ഓഫറിൽ വീഴും. പേര്, വിലാസം, ഓർഡർ ചെയ്ത വസ്തു, ഓർഡർ നമ്പർ എന്നിവയെല്ലാം കൃത്യമായി പറയുന്നതിനാൽത്തന്നെ ഷോപ്പിങ് സൈറ്റുകളുടെ പ്രതിനിധിയാണ് വിളിക്കുന്നതെന്ന് വിശ്വസിക്കുകയും ചെയ്യും.

രണ്ട് ഓഫറുകൾ

സമ്മാനമായി കാർ ലഭിച്ചിട്ടുണ്ടെന്നാകും അറിയിക്കുക. ഇതല്ല കാർ വേണ്ടെങ്കിൽ അതിനു പകരം പണം നൽകാമെന്ന് പറയും. പണമാണ് ആവശ്യപ്പെടുകയെങ്കിൽ ഇതിന്റെ ടാക്സ് ഇനത്തിൽ അവർക്ക് പണം നൽകാനാകും. ഇതല്ല കാർ വേണമെന്നു പറഞ്ഞാൽ, കാർ ഡെലിവറി ചെയ്യുന്നത് ഡൽഹിയിലോ അതല്ലെങ്കിൽ മറ്റേതെങ്കിലും വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലോ ആണെന്ന് അറിയിക്കും. ഇവ കേരളത്തിൽ ഡെലിവറി ചെയ്ത് നൽകാം, എന്നാൽ ഇതിന് പ്രത്യേകം ഫീസ് നൽകണമെന്ന് പറയും. ശേഷം ഫീസ്, ടാക്സ്, ഇൻഷുറൻസ് എന്നെല്ലാം പറഞ്ഞ് പണം തട്ടും.

സ്‌ക്രാച്ച് ചെയ്തും തട്ടിപ്പിൽ വീഴ്ത്തും

ഓർഡർ ചെയ്തു കഴിഞ്ഞ് ഇതേ വിലാസത്തിൽ ഓൺലൈൻ ഷോപ്പിങ് സ്ഥാപനത്തിന്റേതെന്ന പേരിൽ വൗച്ചർ തപാലായി എത്തും. വൗച്ചർ സ്‌ക്രാച്ച് ചെയ്യുമ്പോൾ മെഗാ സമ്മാനം ലഭിച്ചതായും കാണിക്കും. ഭാഗ്യം തേടിയെത്തിയതായി കരുതി ആളുകൾ തട്ടിപ്പിൽ വീഴും. പിന്നീട് നികുതിയുടെ പേരുപറഞ്ഞ് തട്ടിപ്പുകാർ പണം കൈക്കലാക്കും.

ഡേറ്റ ചോരുന്നത് എവിടെ നിന്ന്

ഓർഡർ ചെയ്യുന്ന ആളുടെ പേരും വിലാസവും ഫോൺ നമ്പറും ഓർഡർ നമ്പറും വാങ്ങിയ സാധനവുമെല്ലാം തട്ടിപ്പുകാരുടെ കൈകളിൽ എങ്ങനെയാണ് എത്തുന്നത്. കൊറിയർ എത്തിക്കഴിഞ്ഞാണ് വിളിയെത്തുന്നത്. ഇതിനാൽത്തന്നെ കൊറിയർ സർവീസുകാരുടെ ഡേറ്റ ഹാക്ക് ചെയ്യുന്നതായും പോലീസ് സംശയിക്കുന്നുണ്ട്.

തിരിച്ചറിയൽ രേഖകളിലെ കുരുക്ക്

സമ്മാനം നേടിയ ആളെ തിരിച്ചറിയുന്നതിനായി ആധാർ കാർഡ്, പാൻ കാർഡ് എന്നിവയുടെ കോപ്പി തട്ടിപ്പുകാർ വാങ്ങിയെടുക്കും. ഇവ പിന്നീട് തട്ടിപ്പ് സംഘങ്ങൾ മൊബൈൽ കണക്ഷനും ബാങ്ക് അക്കൗണ്ടും മറ്റും എടുക്കുന്നതിനുമെല്ലാം ഉപയോഗിക്കും.

content highlights:  Fraud in the name of online shopping sites: Police with a warning