കാളികാവ്: കുട്ടിക്കാലത്തിനുശേഷം മൊയ്തീൻകുട്ടി കാഴ്ചയിലേക്കു മിഴിതുറന്നു. നാലുപതിറ്റാണ്ടിനുശേഷം ആദ്യമായി മക്കളെ കൺകുളിർക്കെ കണ്ടു, വർഷങ്ങളായി കൂടെതാമസിക്കുന്ന കാഴ്ചയില്ലാത്ത സുഹൃത്തുക്കളെയും. എന്നാൽ കാഴ്ച തിരിച്ചുകിട്ടിയപ്പോൾ ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ്‌സിന്റെ സ്ഥാപനത്തിലെ അന്തേവാസിയായ മൊയ്തീൻകുട്ടി ചിരിക്കണോ കരയണോ എന്നറിയാത്ത അവസ്ഥയിലായി. കാഴ്ചകൾ കാണാമെന്നത് സന്തോഷിപ്പിക്കുന്നതാണ്. ഏറെക്കാലം കൂടെക്കഴിഞ്ഞവരിൽനിന്ന് മാറിത്താമസിക്കേണ്ടി വന്നത് മാനസികമായി വേദനിപ്പിക്കുന്നതുമായി.

കുട്ടിക്കാലത്ത് നഷ്ടപ്പെട്ട കാഴ്‌ച കോഴിക്കോട് മെഡിക്കൽകോളേജ്‌ ആശുപത്രിയിൽ നടത്തിയ രണ്ടു ശസ്ത്രക്രിയയിലൂടെ അറുപതാംവയസ്സിലാണ് മൊയ്തീൻകുട്ടിക്ക്‌ തിരിച്ചുകിട്ടിയത്. കീഴുപറമ്പിലെ അന്ധരുടെ അഭയകേന്ദ്രത്തിൽ ഇതോടെ ഇടമില്ലാതെയായി.

സൗഹൃദത്തിന്റെ പുതുകാഴ്‌ചകളോടെ മൊയ്തീൻകുട്ടി ഇനി കാളികാവ് അsയ്ക്കാക്കുണ്ട് ഹിമയിൽ കഴിയും. കുട്ടിക്കാലത്തുതന്നെ കാഴ്‌ച മങ്ങിത്തുടങ്ങിയ മൊയ്തീൻകുട്ടി പന്ത്രണ്ടാംവയസ്സിൽ നാടുവിട്ടതാണ്. വിവിധയിടങ്ങളിൽ സഞ്ചരിച്ച് പുത്തനത്താണിയിലെത്തി. കല്യാണം കഴിച്ച് പുത്തനത്താണിയിൽ വാടകവീട്ടിൽ താമസമാക്കി.

ഭാര്യ ജോലിചെയ്താണ് കാഴ്ച നഷ്ടപ്പെട്ട ഭർത്താവിനെയും നാലു മക്കളെയും പോറ്റിയിരുന്നത്. ഒരുദിവസം ജോലിക്കെന്നു പറഞ്ഞുപോയ ഭാര്യ പിന്നീട് തിരിച്ചുവന്നില്ല. പിന്നീട് മക്കളെ പോറ്റുന്നത് പ്രയാസമായി. അഞ്ചുവയസ്സുകാരിയായ മകളെയടക്കം അനാഥാലയം ഏറ്റെടുത്തു. വാടകമുറിയിലെ ദുരിതത്തിൽനിന്ന് സാമൂഹികപ്രവർത്തകരാണ് കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ്‌സിനു കീഴിലുള്ള സ്ഥാപനത്തിലെത്തിച്ചത്.

കാഴ്‌ചയുള്ള മൊയ്തീൻകുട്ടിയെ അന്ധൻമാരുടെ സ്ഥാപനത്തിൽ താമസിപ്പിക്കുന്നതിനുള്ള നിയമതടസ്സമാണ് സ്ഥലംമാറ്റത്തിനു നിർബന്ധിതനാക്കിയത്. സാമൂഹികനീതി വകുപ്പ് ഇടപെട്ടാണ് ഇദ്ദേഹത്തെ കാളികാവ് അടയ്ക്കാക്കുണ്ടിലെ ശരണാലയമായ ഹിമയിലെത്തിച്ചത്.

കാഴ്ചയുടെ പുതുവസന്തത്തോടൊപ്പം പുതിയ സൗഹൃദലോകത്തോട് പൊരുത്തപ്പെടാൻ മൊയ്തീൻകുട്ടി ശ്രമിക്കുകയാണ്. വ്യാഴാഴ്ച ഹിമയിൽ അദ്ദേഹത്തെ ജനറൽസെക്രട്ടറി ഫരീദ് റഹ്‌മാനിയും അന്തേവാസികളും ചേർന്ന് സ്വീകരിച്ചു.