ഫോര്‍ട്ടുകൊച്ചി: കൊച്ചിയുടെ മുഖമുദ്രയായ ചീനവലകള്‍ നാശത്തിലേക്ക്. കൊച്ചിയില്‍ അവശേഷിക്കുന്ന 12 ചീനവലകളില്‍ ഒമ്പതും പ്രവര്‍ത്തിക്കുന്നില്ല. മൂന്നെണ്ണം മാത്രമാണ് നാമമാത്രമായെങ്കിലും പ്രവര്‍ത്തിക്കുന്നത്. കൊച്ചി ടൂറിസത്തിന്റെ അടിസ്ഥാനശിലകളിലൊന്നായ ചീനവലകള്‍ സംരക്ഷിക്കുന്നതിനുള്ള സര്‍ക്കാര്‍ പദ്ധതിയാകട്ടെ, സാങ്കേതികക്കുരുക്കിലുമാണ്.

പൗരാണിക സൗന്ദര്യം പേറുന്ന കൊച്ചിയിലെ ചീനവലകള്‍ ചലിക്കുന്ന ചരിത്രസ്മാരകങ്ങളാണ്. ഇത്രയേറെ ചിത്രീകരിക്കപ്പെട്ട ചരിത്രസ്മാരകങ്ങള്‍ കേരളത്തില്‍ വേറെയില്ല. കൊച്ചിയുടെ പൈതൃകക്കാഴ്ചകളിലേക്ക് വിദേശസഞ്ചാരികളെ ആകര്‍ഷിക്കുന്നതും ഈ ചീനവലകള്‍ തന്നെ.

ചീനവല എന്നാണ് അറിയപ്പെടുന്നതെങ്കിലും ഇത്ര വലിപ്പമുള്ള വലകള്‍ ഇപ്പോള്‍ ചൈനയില്‍ പോലുമില്ല. ചൈനക്കാര്‍ക്കും അത്ഭുതമാണ് കൊച്ചിയുടെ ചീനവലകള്‍. രണ്ട് വര്‍ഷം മുമ്പ് കൊച്ചി കാണാനെത്തിയ ചൈനീസ് അംബാസഡര്‍ ചീനവല കണ്ട് അത്ഭുതപ്പെട്ടിരുന്നു. വലകള്‍ സംരക്ഷിക്കുന്നതിന് ചൈനീസ് സഹായത്തോടെ പദ്ധതി നടപ്പാക്കാമെന്ന് അദ്ദേഹം വാഗ്ദാനവും നല്‍കി.

എന്നാല്‍, ഇക്കാര്യത്തില്‍ സംസ്ഥാനത്തിന് താത്പര്യമുണ്ടായില്ല. സര്‍ക്കാര്‍ തന്നെ ചീനവലകളെ സംരക്ഷിക്കുന്നതിന് പദ്ധതി പ്രഖ്യാപിച്ചു. 1.57 കോടി രൂപയാണ് ടൂറിസം വകുപ്പ് ചീനവലകളുടെ സംരക്ഷണത്തിന് അനുവദിച്ചത്. കിറ്റ്‌കോക്കായിരുന്നു ചുമതല. 75 ലക്ഷം രൂപ കിറ്റ്‌കോയ്ക്ക് കൈമാറി. എന്നാല്‍, പണം ഇപ്പോഴും ബാങ്കില്‍ കിടക്കുകയാണ്.

തേക്കിന്‍തടി ഉപയോഗിച്ചാണ് ചീനവലകളുടെ നിര്‍മാണം. വലയുടെ മുകളിലേക്ക് ഉയര്‍ന്ന് നില്‍ക്കുന്ന ബ്രാസ് നിര്‍മിക്കാന്‍ ഒമ്പത് മീറ്റര്‍ നീളമുള്ള തേക്കിന്‍തടികളാണ് വേണ്ടത്. ഇപ്പോള്‍ ആ വലിപ്പത്തില്‍ തേക്കിന്‍തടി കിട്ടുന്നില്ല. ഈ തേക്കിന്‍തടികളാണ് ചീനവലകളുടെ നട്ടെല്ല്.

ആറര മീറ്ററില്‍ കൂടുതല്‍ നീളമുള്ള തടി വെട്ടാന്‍ നിയമതടസ്സമുണ്ട്. വനം വകുപ്പിന്റെ അനുമതിയോടെ തേക്കിന്‍തടി സംഘടിപ്പിക്കാന്‍ ചില ശ്രമങ്ങള്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല. പലരും തേക്കിന്‍തടികള്‍ക്ക് പകരം ഇരുമ്പ് പൈപ്പുകളാണ് ഉപയോഗിക്കുന്നത്. ഇരുമ്പ് പൈപ്പുകള്‍ വരുന്നതോടെ ചീനവലകളുടെ തനതു സൗന്ദര്യം ചോര്‍ന്നുപോകും. ഇതല്ലാതെ മറ്റു മാര്‍ഗമില്ലെന്ന് ചീനവല ഉടമകള്‍ പറയുന്നു.

പണം അനുവദിച്ചിട്ടും പദ്ധതി മുടങ്ങിയതോടെ ചീനവല ഉടമകള്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്. ചീനവല നിര്‍മാണത്തിലും ചില പ്രത്യേകതകളുണ്ട്. പരിചയസമ്പന്നരായ തൊഴിലാളികളെ കിട്ടാനില്ല. തടി കിട്ടിയാല്‍ ജോലിക്കാരെ ഉടമകള്‍ കണ്ടെത്താമെന്നാണ് അവര്‍ പറയുന്നത്.

കടപ്പുറത്ത് മണ്ണടിയുന്നതാണ് ചീനവലകള്‍ നേരിടുന്ന മറ്റൊരു പ്രശ്‌നം. കര രൂപപ്പെടുന്നതിനാല്‍ വലകള്‍ കരയിലായിപ്പോകുന്നു. അതുകൊണ്ടാണ് മിക്ക വലകളും പ്രവര്‍ത്തിക്കാത്തത്. പല വലകളും മാസങ്ങളായി പ്രവര്‍ത്തിക്കുന്നില്ല. ഇവിടെ ഡ്രഡ്ജിങ് നടത്തണമെന്ന ആവശ്യം ചീനവല ഉടമകള്‍ ഉന്നയിക്കുന്നുണ്ട്.

ഇപ്പോള്‍ മുപ്പതോളം തൊഴിലാളികള്‍ മാത്രമാണ് ഇവിടെ ജോലിചെയ്യുന്നത്. 12 ചീനവല ഉടമകളുമുണ്ട്. ചീനവലകള്‍ നിലനില്‍ക്കണമെങ്കില്‍ സര്‍ക്കാരിന്റെ ഇടപെടലുണ്ടാകണം. ഇത് കൊച്ചി ടൂറിസത്തിന്റെ നിലനില്‍പ്പിന് ആവശ്യമാണെന്ന ബോധ്യം സര്‍ക്കാരിനുണ്ടാകണം. പ്രശ്‌ന പരിഹാരത്തിന് അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന് വീണ്ടും നിവേദനം നല്‍കിയതായി കൊച്ചി ചൈനീസ് നെറ്റ് ഓണേഴ്‌സ് അസോസിയേഷന്‍ കോ - ഓര്‍ഡിനേറ്റര്‍ ഡെര്‍സണ്‍ ആന്റണി പറഞ്ഞു.


8കൊച്ചിയിലെ ചീനവലകള്‍