കോഴിക്കോട്: കേരളത്തില്‍ ഭരണത്തുടര്‍ച്ചയെന്ന ചരിത്രംസൃഷ്ടിച്ച സാഹചര്യത്തില്‍ പുതിയ മന്ത്രിസഭാ രൂപവത്കരണം ധൃതിപിടിച്ച് വേണ്ടെന്ന തീരുമാനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ ഘടകകക്ഷികളുമായും പ്രത്യേകം ചര്‍ച്ചനടത്തി മാത്രമായിരിക്കും മന്ത്രിമാരുടെ എണ്ണം തീരുമാനിക്കുക. വകുപ്പുവിഭജനത്തില്‍ ഇതുവരെയുള്ള കീഴ്വഴക്കങ്ങളും മാറും. ഇതുസംബന്ധിച്ച ചര്‍ച്ചകളുടെ വിവരം ചോര്‍ന്നുപോകാതിരിക്കാനും മറുതന്ത്രങ്ങള്‍ രൂപംകൊള്ളാതിരിക്കാനുമാണ് സി.പി.എം. നേതൃയോഗങ്ങള്‍വരെ മാറ്റിവെച്ചിരിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയനും പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനുമാണ് ഘടകകക്ഷികളുമായുള്ള ചര്‍ച്ചകള്‍ നയിക്കുന്നത്. ഇടതുമുന്നണി കണ്‍വീനര്‍ എ. വിജയരാഘവനും ചില ചര്‍ച്ചകളില്‍ സംബന്ധിക്കുന്നുണ്ട്. സി.പി.ഐ.യുമായുള്ള പ്രാരംഭചര്‍ച്ച നടന്നുകഴിഞ്ഞു. ഇനിയുള്ള ദിവസങ്ങളില്‍ മറ്റുകക്ഷികളുമായും ചര്‍ച്ചനടത്തും.

പരമാവധി പുതുമുഖങ്ങളും യുവാക്കളുമുള്ള സംഘത്തെയാണ് പുതിയ മന്ത്രിസഭയായി മുഖ്യമന്ത്രി വിഭാവനംചെയ്യുന്നത്. വര്‍ഷങ്ങളായി തുടരുന്ന, വകുപ്പുകള്‍ ഓരോ ഘടകകക്ഷികള്‍ക്ക് വീതംവെക്കുന്ന രീതിക്ക് മാറ്റംവരും. പുതിയ കാലത്തിനനുസരിച്ച് വകുപ്പുകളുടെ ക്രമീകരണത്തിലും മാറ്റംവരും. ഇതുവരെ വിവിധ മന്ത്രിമാരുടെ കീഴിലുണ്ടായിരുന്ന, പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന വകുപ്പുകളെ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതായിരിക്കും വലിയമാറ്റം. ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രിയുടെ പരിഗണനയിലുണ്ട്.

വര്‍ഷങ്ങളായി ഒരേ കക്ഷികള്‍ കൈവശംവെക്കുന്ന വകുപ്പുകളുടെ കാര്യത്തിലും മാറ്റംവരുത്താന്‍ ആലോചിക്കുന്നു. ഇതുസംബന്ധിച്ച അഭിപ്രായമാണ് ഘടകകക്ഷികളുമായുള്ള ചര്‍ച്ചയില്‍ മുഖ്യമന്ത്രിയും കോടിയേരിയും ആരായുന്നത്. എല്ലാവരുടെയും അഭിപ്രായമറിഞ്ഞശേഷം യുക്തമായ നിലപാട് സ്വീകരിക്കാനാണ് തീരുമാനം.

രണ്ടാംവരവില്‍ കൂടുതല്‍ ആസൂത്രിതമായും ക്രിയാത്മകമായും പ്രവര്‍ത്തിക്കാനാവുന്ന മന്ത്രിസഭയാണ് പിണറായി ലക്ഷ്യമിടുന്നത്. മേയ് പതിനെട്ടോടെ കോവിഡ് നിയന്ത്രണങ്ങളില്‍ അയവുവരുത്താനാകുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം. സത്യപ്രതിജ്ഞ ആഘോഷമായി നടത്താന്‍ അപ്പോഴേക്കും അവസരമൊരുങ്ങുമെന്നും പിണറായി കണക്കുകൂട്ടുന്നു.

കേരളത്തിനൊപ്പം തിരഞ്ഞെടുപ്പുനടന്ന പശ്ചിമബംഗാളില്‍ പുതിയ സര്‍ക്കാര്‍ അധികാരമേറ്റു. തമിഴ്നാട്ടില്‍ വെള്ളിയാഴ്ചയാണ് സത്യപ്രതിജ്ഞ. എന്നാല്‍, ഇക്കാര്യത്തില്‍ തിരക്കുപിടിക്കേണ്ടെന്ന നിലപാടിലാണ് പിണറായി വിജയന്‍.

Content Highlights: forming new government in kerala, Pinarayi Vijayan