മംഗളൂരു: പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി ഓസ്കർ ഫെർണാണ്ടസിനെ വിളിച്ചൊരു ഓമനപ്പേരുണ്ട്,-‘ജയന്റ് കില്ലർ.’ ആ വിളിപ്പേരിനുപിന്നിൽ ഉഡുപ്പിയിൽ അദ്ദേഹം നടത്തിയൊരു ഉജ്ജ്വല തിരഞ്ഞെടുപ്പ് വിജയത്തിന്റെ കഥയുമുണ്ട്. ദേശീയതലത്തിൽ കോൺഗ്രസ് പിളർന്നശേഷം നടന്ന ആദ്യ ലോക്‌സഭാ തിരഞ്ഞെടുപ്പ്. ഉഡുപ്പിയിൽ ഇന്ദിരാ കോൺഗ്രസിനെതിരേ അരശു കോൺഗ്രസ് നിർത്തിയത് സിറ്റിങ് എം.പി.യും പ്രമുഖ നേതാവുമായ ടി.എ.പൈയെ.

ഇന്ദിരാഗാന്ധിയുടെ കർണാടകയിലെ അടുത്ത അനുയായി ജനാർദൻ പൂജാരി പറഞ്ഞു, നമുക്കൊരു യുവനേതാവുണ്ട് ഉഡുപ്പിയിൽ. അവിടത്തെ ഓട്ടോ യൂണിയൻ നേതാവാണ്. പേര് ഓസ്കർ ഫെർണാണ്ടസ്. ജില്ലാ യൂത്ത് കോൺഗ്രസ് നേതാവ് കൂടിയാണ്. നമുക്ക് പൈക്കെതിരെ ഒാസ്കറിനെ നിർത്താം. ഇന്ദിരാഗാന്ധി ആ വാക്ക് കേട്ടു. 1980-ലെ തിരഞ്ഞെടുപ്പിൽ ഓസ്കറിനെ പൈക്കെതിരെ മത്സരിപ്പിച്ചു. അവിശ്വസനീയമായിരുന്നു ആ തിരഞ്ഞെടുപ്പ് ഫലം. പൈയെ മലർത്തിയടിച്ച് ഓസ്കർ ഫെർണാണ്ടസ് വിജയിച്ചു. എതിരാളിക്ക് കെട്ടിവച്ച കാശുപോലും നഷ്ടപ്പെട്ടു. അന്നാണ് ഇന്ദിരാഗാന്ധി ഓസ്കറിന് ആ ഓമനപ്പേരിട്ടത്-‘ജയന്റ് കില്ലർ’.

ഉഡുപ്പി നഗരം മാത്രം കണ്ടുവളർന്ന ഓസ്കർ ആദ്യമായി എം.പി.യായി ഡൽഹിയിലെത്തി. തുടർന്നിങ്ങോട്ട് ഇന്ദിരാഗാന്ധിക്കൊപ്പവും പിന്നീടുള്ള നാലുപതിറ്റാണ്ടോളം കോൺഗ്രസിന്റെ എല്ലാ പ്രധാന നേതാക്കൾക്കൊപ്പവും അദ്ദേഹം തിളങ്ങി.

മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ ആദ്യ പ്രസിഡന്റ് റോക്കി ഫെർണാണ്ടസിന്റെയും ഇന്ത്യയിലെ ആദ്യ വനിതാ മജിസ്‌ട്രേറ്റായ ലിയോണിസ ഫെർണാണ്ടസിന്റെയും 12 മക്കളിൽ ഒരാളായ ഒാസ്കർ എൽ.ഐ.സി. ഉഡുപ്പി ഓഫീസിൽ ക്ലർക്കായാണ് ഔദ്യോഗികജീവിതം തുടങ്ങിയത്. സെയ്ന്റ് സിസിലി കോൺവെന്റ് സ്കൂൾ, എം.ജി.എം. കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. കോൺഗ്രസിൽ ആകൃഷ്ടനായ അദ്ദേഹം 1972-ൽ ഉഡുപ്പി മുനിസിപ്പൽ കൗൺസിലറായി രാഷ്ട്രീയജീവിതമാരംഭിച്ചു. തുടർന്ന് ഉഡുപ്പിയിലെ ഓട്ടോ യൂണിയൻ നേതാവായി.

നാഷണൽ ഹെറാൾഡ് പത്രത്തിന്റെ മാതൃസ്ഥാപനമായ ദി അസോസിയേറ്റ് ജേണൽസ് പ്രൈവറ്റ് ലിമിറ്റഡ്, യങ് ഇന്ത്യൻ എന്നിവയുടെ ഡയറക്ടറായിരുന്നു. രണ്ടുതവണ ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് കൗൺസിൽ അംഗവുമായി. മരണവാർത്തയറിഞ്ഞ് സോണിയാഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി തുടങ്ങിയവരുൾപ്പെടെ അദ്ദേഹത്തിന്റെ ഭാര്യ ബ്ലോസം ഫെർണാണ്ടസിനെ ഫോണിൽ വിളിച്ച് അനുശോചനമറിയിച്ചു.

Content Highlights: Former Union minister Oscar Fernandes and indira gandhi