കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻമന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായ വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എൽ.എ. അറസ്റ്റിൽ. നാടകീയനീക്കങ്ങൾക്കൊടുവിലാണ് അദ്ദേഹത്തെ ആശുപത്രിയിൽവെച്ച് വിജിലൻസ് അറസ്റ്റുചെയ്തത്. വിജിലൻസ് കോടതി ജഡ്ജി ആശുപത്രിയിലെത്തി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ട് പരിഗണിച്ച ജഡ്ജി ജോബിൻ സെബാസ്റ്റ്യൻ ആശുപത്രിയിലെത്തുകയായിരുന്നു. ഇതിനു തൊട്ടുമുമ്പാണ് ഇബ്രാഹിംകുഞ്ഞിന്റെ വക്കീൽ ജാമ്യാപേക്ഷയുമായി എത്തിയത്. ഇത് ജഡ്ജി പരിഗണിച്ചില്ല. ചികിത്സയ്ക്കായി ഇബ്രാഹിംകുഞ്ഞ് ആശുപത്രിയിൽ തുടരും.
ബുധനാഴ്ച രാവിലെ 8.40-നാണ് തിരുവനന്തപുരത്തുനിന്ന് ഡിവൈ.എസ്.പി. വി. ശ്യാംകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ആലുവയിലെ ഇബ്രാഹിംകുഞ്ഞിന്റെ വീട്ടിലെത്തിയത്. ചോദ്യംചെയ്തശേഷം അറസ്റ്റായിരുന്നു പദ്ധതി. എന്നാൽ, ഇബ്രാഹിംകുഞ്ഞ് വീട്ടിലില്ലെന്നും ലേക്‌ഷോർ ആശുപത്രിയിലാണെന്നും ഭാര്യ അറിയിച്ചതോടെ വിജിലൻസിന്റെ നീക്കം പാളി.
മൊഴിയിൽ വിശ്വാസംവരാതെ വിജിലൻസ് വീടിനകത്ത് പരിശോധന നടത്താൻ തീരുമാനിച്ചു. സ്ത്രീ മാത്രമുള്ള വീട്ടിൽ പരിശോധനനടത്താൻ വനിതാ പോലീസിനെ വിട്ടുനൽകാൻ ആലുവ പോലീസ് സ്റ്റേഷനിൽ വിവരം നൽകി. മൂന്നു വനിതാ പോലീസുകാരുടെ സാന്നിധ്യത്തിൽ ഒമ്പതുമണിക്ക് പരിശോധന തുടങ്ങി. ഒരു സംഘം ആശുപത്രിയിലേക്കു പോയി.
ഓങ്കോളജി വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയായിരുന്ന ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യസ്ഥിതി ഡോക്ടർമാരോട് ചോദിച്ചറിഞ്ഞശേഷം മുറിയിലെത്തി നോട്ടീസ് നൽകി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
പാലാരിവട്ടം പാലം അഴിമതിക്കേസിൽ അഞ്ചാം പ്രതിയാണ് ഇബ്രാഹിംകുഞ്ഞ്. കഴിഞ്ഞവർഷം ഓഗസ്റ്റ് 30-ന്, പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന ടി.ഒ. സൂരജ്, കരാർ കമ്പനി ആർ.ഡി.എസ്. പ്രോജക്ട് എം.ഡി. സുമിത് ഗോയൽ, കിറ്റ്‌കോ മുൻ എം.ഡി. ബെന്നിപോൾ, ഉദ്യോഗസ്ഥനായ പി.ഡി. തങ്കച്ചൻ എന്നിവർ അറസ്റ്റിലായിരുന്നു. ഫെബ്രുവരി നാലിനാണ് ഇബ്രാഹിംകുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ അനുമതിനൽകിയത്.
കുരുക്കിയത് സൂരജിന്റെ മൊഴി
ഇബ്രാഹിംകുഞ്ഞിന് അഴിമതിയിൽ പങ്കുണ്ടെന്ന് ജാമ്യഹർജിയിൽ ടി.ഒ. സൂരജ് വെളിപ്പെടുത്തിയതാണ് മുൻമന്ത്രിക്കു കുരുക്കായത്. കരാറുകാരന് മുൻകൂർ പണം നൽകാൻ ഉത്തരവിട്ടത് ഇബ്രാഹിംകുഞ്ഞാണെന്നും പലിശ ഈടാക്കാതെ 8.25 കോടി രൂപ നൽകാനായിരുന്നു ഉത്തരവെന്നുമാണ് സൂരജ് അറിയിച്ചത്.