തിരുവനന്തപുരം: മുല്ലപ്പെരിയാർ മരംമുറിയുമായി ബന്ധപ്പെട്ട്‌ ജലവിഭവ അഡീഷണൽ ചീഫ് സെക്രട്ടറി വിളിച്ച യോഗത്തിൽ പങ്കെടുത്തിരുന്നതായി വനം പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ് കുമാർ സിങ്‌, ചീഫ് സെക്രട്ടറി വി.പി. ജോയിയെ അറിയിച്ചു. സെക്രട്ടറിതല ചർച്ചകൾ സംബന്ധിച്ച വിശദാംശങ്ങൾ 2017 മുതൽ ബന്ധപ്പെട്ട മന്ത്രിമാരുടെ ശ്രദ്ധയിൽ കൊണ്ടുവരാറില്ലായിരുന്നെന്നും ചീഫ് സെക്രട്ടറിക്ക് വിശദീകരണം നൽകിയതായാണ് സൂചന.

ഉദ്യോഗസ്ഥതലത്തിൽ വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കാൻ കഴിഞ്ഞയാഴ്ച മന്ത്രിസഭായോഗം ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരുന്നു. കേന്ദ്ര ജലകമ്മിഷൻ പ്രതിനിധി, തമിഴ്‌നാട് പൊതുമരാമത്തു സെക്രട്ടറി എന്നിവരും അഡീഷണൽ ചീഫ് സെക്രട്ടറി വിളിച്ച യോഗത്തിൽ പങ്കെടുത്തിരുന്നു. സെക്രട്ടറിമാരുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് റിപ്പോർട്ട് കൈമാറും.

മരംമുറിക്കാൻ അനുമതി നൽകിയ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിന് കൂടുതൽ വീഴ്ചകൾ സംഭവിച്ചതായാണ് സർക്കാർ വിലയിരുത്തൽ. വിശദാന്വേഷണം വേണ്ടിവരുമെന്നാണ് കരുതുന്നത്.

Content Highlights: forest secretary confirms that he attended meetings