കോഴിക്കോട്: വനംസംരക്ഷണ നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരാനുദ്ദേശിക്കുന്ന ഭേദഗതി നിയമത്തില്‍ നിര്‍ദേശം സമര്‍പ്പിക്കുന്നതില്‍ സാവകാശം തേടാന്‍ കേരളം തീരുമാനിച്ചു.

നവംബര്‍ രണ്ടിനകം നിര്‍ദേശം സമര്‍പ്പിക്കണമെന്നാണ് കേന്ദ്രവനം, പരിസ്ഥിതി മന്ത്രാലയം എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടത്. ഭേദഗതിയുടെ കരടില്‍ സാങ്കേതികമായി പല സംശയങ്ങളും ഉണ്ടെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സാവകാശം തേടുന്നതെങ്കിലും ഭേദഗതിയിലെ ഇളവുകള്‍ വനവിസ്തൃതി കുറയ്ണക്കുമെന്ന ആശങ്ക സര്‍ക്കാരിനുണ്ട്. കരട് ഭേദഗതി പ്രകാരം കൂടുതല്‍ വനപ്രദേശം നഷ്ടപ്പെടാനാണ് സാധ്യത.

വനനശീകരണം തടയുന്നതിനായി 1980-ലാണ് കര്‍ശന വ്യവസ്ഥകളോടെ കേന്ദ്രവനം സംരക്ഷണനിയമം (ഫോറസ്റ്റ് പ്രൊട്ടക്ഷന്‍ആക്ട്) നിലവില്‍വന്നത്. 1996 ഡിസംബര്‍ വരെ വനനിയമങ്ങള്‍ പ്രകാരം വിജ്ഞാപനം ചെയ്ത പ്രദേശങ്ങള്‍ക്കാണ് വനസംരക്ഷണനിയമം ബാധകമായത്. ഇതുപ്രകാരം വനം അല്ലാത്ത പ്ലാന്റേഷനുകള്‍ ഉള്‍പ്പെടെ വനപ്രദേശമായി കണക്കാക്കും. ഇത്തരം പ്രദേശങ്ങളില്‍ വികസനപ്രവര്‍ത്തനം നടത്തുന്നതിനും തരംമാറ്റുന്നതിനും കേന്ദ്രത്തിന്റെ മുന്‍കൂര്‍ അനുമതി വേണം. ഈ വ്യവസ്ഥ ഇളവ് ചെയ്യാന്‍ പുതിയ ഭേദഗതിയില്‍ ഉദ്ദേശിക്കുന്നു.

റോഡുകളുടെയും റെയില്‍വേ ലൈനിന്റെയും വശങ്ങളില്‍ ഉള്ള സ്ട്രിപ് പ്ലാന്റേഷനുകള്‍ ഇപ്പോള്‍ വനങ്ങളായാണ് കണക്കാക്കുന്നത്. ഇത്തരം സ്ഥലങ്ങള്‍ വഴിക്കായി വിട്ടുകൊടുക്കുന്നതിനും കേന്ദ്രസര്‍ക്കാറിന്റെ അനുമതി വേണം. ഭേദഗതി പ്രകാരം 0.05 ഹെക്ടര്‍ വരെ ഭൂമി വഴിയാവശ്യത്തിന് വിട്ടുകൊടുക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം ലഭിക്കും.

ഇങ്ങനെ ഒട്ടേറേ ഇളവുകള്‍ നല്‍കുന്നതാണ് കരട് ഭേദഗതി. വിശദമായി പഠിച്ചശേഷമേ നിര്‍ദേശം സമര്‍പ്പിക്കാനാവൂ എന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രന്‍ വ്യക്തമാക്കി.

2000 ഹെക്ടര്‍ വനഭൂമി നഷ്ടപ്പെടും

ഭേദഗതി നിയമം നടപ്പായാല്‍ സംസ്ഥാനത്ത് നിലവില്‍ സ്വകാര്യവനങ്ങളില്‍ പട്ടയം നല്‍കിയ 2000-ത്തോളം ഹെക്ടര്‍ വനഭൂമി നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. ഈ വനഭൂമി നഷ്ടപ്പെടാതിരിക്കാന്‍ സംസ്ഥാനം നിയമസഭയില്‍ ബില്‍ അവതരിപ്പിക്കാനിരിക്കുമ്പോഴാണ് കേന്ദ്രം കൂടുതല്‍ ഇളവുകളുമായി വരുന്നത്. ഈ സാഹചര്യത്തില്‍ നിയമവകുപ്പിന്റെകൂടി അഭിപ്രായം തേടി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കേരളം സാവകാശം തേടുന്നത്. പരിസ്ഥിതിസംഘടനകളുടെയും അഭിപ്രായം തേടാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു.