തിരുവനന്തപുരം: പരിസ്ഥിതിദിനത്തിന്റെ ഭാഗമായി കഴിഞ്ഞ മൂന്നുവർഷത്തിനിടെ വൃക്ഷത്തൈ നടീലിന് വനംവകുപ്പ് ചെലവിട്ടത് 27.58 കോടി രൂപ. തൈകളിൽ പകുതിയോളവും നശിച്ചതായി വനംവകുപ്പുതന്നെ സമ്മതിക്കുന്നു. തൈകൾ വേണ്ടരീതിയിൽ പരിപാലിക്കാത്തതാണ് കാരണം.

വനംവകുപ്പിന്റെ കണക്കെടുപ്പിൽ തൈകളുടെ അതിജീവനനിരക്ക് 50-നും 60 ശതമാനത്തിനും ഇടയിലാണ്. യഥാർഥ അതിജീവനം ഇതിലും താഴെയാണെന്നാണ് അനൗദ്യോഗിക വിവരം. 2012-നുശേഷം ഇതുവരെ ആറുകോടി വൃക്ഷത്തൈകൾ വിതരണംചെയ്തു.

2016-ലും 2017-ലും വിതരണംചെയ്ത തൈകളുടെ സ്ഥിതി വിലയിരുത്തിയത് 20 കോളേജുകളിലെ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിന്റെ സഹകരണത്തോടെയാണ്. 2016-ൽ വിതരണം ചെയ്ത തൈകളിൽ 55.24 ശതമാനവും 2017-ൽ 62.53 ശതമാനവും അതിജീവിച്ചു. നേരത്തേ വൃക്ഷത്തൈ തയ്യാറാക്കാൻ വനംവകുപ്പിന്റെ മേൽനോട്ടത്തിൽ കൺവീനർമാരുണ്ടായിരുന്നു. ഇപ്പോൾ കരാറ്‌് നൽകിയിരിക്കുകയാണ്.

സ്കൂൾ, കോളേജ് വിദ്യാർഥികൾ, പൊതുജനങ്ങൾ, വിവിധ സംഘടനകൾ, സർക്കാർ വകുപ്പുകൾ എന്നിവർക്കാണ് തൈകൾ നൽകുന്നത്. സ്കൂൾ വളപ്പുകൾ, പാതയോരം, പുഴയോരം, കടൽത്തീരം, കനാൽ തീരം, പൊതുസ്ഥാപനങ്ങൾ എന്നിവിടങ്ങളിലാണ് തൈ നടാറ്്. ആഘോഷത്തോടെ നടീൽ നിർവഹിക്കുമെങ്കിലും തുടർ പരിപാലനത്തിന് മിക്കവരും മുതിരാറില്ല. സ്കൂളുകൾ കേന്ദ്രീകരിച്ചുള്ള എന്റെ മരം, നമ്മുടെ മരം പദ്ധതികൾ മാത്രമാണ് അല്പമെങ്കിലും ശ്രദ്ധപുലർത്തുന്നത്. മരങ്ങൾ സംരക്ഷിക്കാൻ പൊതുവിദ്യാഭ്യാസവകുപ്പും ഉന്നതവിദ്യാഭ്യാസവകുപ്പും തദ്ദേശവകുപ്പും സർക്കുലർ ഇറക്കാറുണ്ടെങ്കിലും ഒന്നും നടപ്പാകാറില്ല.

തൈകളുടെ നിലനിൽപ്പും വളർച്ചയും വിലയിരുത്താൻ സ്കൂൾ-കോളേജ്-പഞ്ചായത്തുതലങ്ങളിൽ സമിതികളുണ്ട്. സാമൂഹികവനവത്‌കരണ വിഭാഗത്തിന്റെ പ്രത്യേക പരിശോധനയും രജിസ്റ്റർ സൂക്ഷിക്കലുമൊക്കെയായി വനംവകുപ്പ് സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും വഴിപാടായി മാറുകയാണ്.

നടീലിന് ചെലവിട്ട തുക (കോടിയിൽ)

2016-17 10.17

2017-18 7.79

2018-19 9.61

content highlights: forest department tree planting programme