രാജപുരം: രാജവെമ്പാലയ്ക്കും മുട്ടകൾക്കും സംരക്ഷണമൊരുക്കി വനംവകുപ്പും നാട്ടുകാരും. റാണിപുരം വിനോദസഞ്ചാര കേന്ദ്രത്തിന് സമീപം കുണ്ടുപ്പള്ളിയിലെ സ്വകാര്യ വ്യക്തിയുടെ കശുമാവിൻ തോട്ടത്തിലാണ് വംശനാശ ഭീഷണി നേരിടുന്ന രാജവെമ്പാലയെയും മുട്ടകളും കണ്ടെത്തിയത്. തോട്ടത്തിൽ കശുവണ്ടി ശേഖരിക്കാൻ പോയ പ്രദേശവാസിയാണ് ഒരേസ്ഥലത്ത് രണ്ട് പാമ്പുകളെ കണ്ടത്. വിവരമറിഞ്ഞ് നാട്ടുകാരെത്തിയതോടെ ഇതിൽ ഒന്ന് രക്ഷപ്പെട്ടെങ്കിലും രണ്ടാമത്തേത് സമീപത്തെ കശുമാവിൽ സ്ഥാനം പിടിച്ചു. നാട്ടുകാർ അറിയിച്ചതനുസരിച്ച് വനപാലകരെത്തിയെങ്കിലും കരിയിലകൾക്കകത്തേക്ക് രക്ഷപ്പെട്ട പാമ്പുകളെ കണ്ടെത്താനായില്ല.

തുടർന്നുള്ള ദിവസങ്ങളിലും ഇതേ സ്ഥലത്ത് രാജവെമ്പാലയെ കണ്ടതോടെ നാട്ടുകാർ വീണ്ടും വനപാലകരെ വിവരമറിയിച്ചു. തുടർന്ന് പനത്തടി സെക്‌ഷൻ ഫോറസ്റ്റർ ടി.പ്രഭാകരൻ, പാണത്തൂർ ചെക്ക്പോസ്റ്റ് ഫോറസ്റ്റർ കെ.എ.ബാബു എന്നിവരുടെ നേതൃത്വത്തിൽ വനപാലകരായ എസ്.പുഷ്പാവതി, വിജേഷ്, വന സംരക്ഷണ സമിതി പ്രസിഡന്റ് എസ്.മധുസൂദനൻ, എം.കെ.സുരേഷ് എന്നിവരുടെ സഹായത്തോടെ ആനിമൽ റെസ്‌ക്യുവർ കെ.ടി.സന്തോഷ് പനയാലിനെ എത്തിച്ച് പരിശോധന നടത്തി. പരിശോധനയിലാണ് ഇലകൾകൊണ്ട് കൂടൊരുക്കി മുട്ടകളിട്ട് അടയിരിക്കുന്ന രാജവെമ്പാലയെ കണ്ടെത്തിയത്.

അടയിരിക്കുന്ന പാമ്പിനെ പിടിച്ചാൽ മുട്ടകൾ നശിക്കുമെന്നതിനാൽ വനംവകുപ്പും വനസംരക്ഷണ സമിതിയും നാട്ടുകാരും ചേർന്ന് മുട്ട വിരിയുംവരെ രാജവെമ്പാല കുടുംബത്തെ സംരക്ഷിക്കാൻ തീരുമാനിച്ചു. ഇതിനായി വരുംദിവസങ്ങളിൽ ഇവിടെ നിരീക്ഷണം ഏർപ്പെടുത്തും. പരമാവധി 90 ദിവസമാണ് മുട്ടകൾ വിരിയാൻ വേണ്ടിവരിക. അടയിരിക്കാൻ തുടങ്ങിയിട്ട് ദിവസങ്ങൾ കഴിഞ്ഞതായാണ് കരുതുന്നത്. അടയിരിക്കുന്ന രാജവെമ്പാലയെ കൂടാതെ മറ്റൊരു രാജവെമ്പാലയും സ്ഥലത്തുണ്ടെന്ന് സംശയിക്കുന്നു. അതിനാൽ പൊതുജനങ്ങൾ ഇവിടേക്ക് പോകരുതെന്ന് വനപാലകർ അറിയിച്ചു.

Content Highlight: Forest Department and locals to protect king cobra in Ranipuram