മലപ്പുറം: ‘വല്ലാത്ത സന്തോഷത്തിലായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ അവൻ. സ്‌പോർട്‌സ് കൗൺസിലിന്റെ നിയമന ഉത്തരവ് കൈയിൽ കിട്ടിയതുമുതൽ മുഖത്തെപ്പോഴും ചിരിയായിരുന്നു. ആ കസേരയിൽ ഇരിക്കുന്നതിനു മുൻപേ ധനരാജ് ഞങ്ങളെ വിട്ടുപോയി’. ബാല്യകാല സുഹൃത്തും സഹകളിക്കാരനുമായിരുന്ന മുഹമ്മദ് റാഫിക്ക് ധനരാജ് രാധാകൃഷ്ണന്റെ വിയോഗം ഇപ്പോഴും ഉൾക്കൊള്ളാനായിട്ടില്ല.

ധനരാജ് ദേഷ്യത്തോടെ സംസാരിക്കുന്നത് ഫുട്‌ബോൾ ലോകം കണ്ടിട്ടില്ല. എല്ലാവരേയും സ്‌നേഹിക്കാൻ മാത്രമേ ആ മുഖത്തിനു കഴിഞ്ഞുള്ളൂ. പന്തിനെപ്പോലും വേദനിപ്പിക്കാതെ തഴുകി കളിക്കുന്നവൻ- അതായിരുന്നു സുഹൃത്തുക്കൾ നൽകിയ വിശേഷണം. ധനരാജിനുനേരെ മഞ്ഞക്കാർഡുയർത്തിയ റഫറിമാർ അപൂർവമാണ്.

പാലക്കാട് ജില്ലാ ഫുട്‌ബോൾ അസോസിയേഷൻ നടത്തിയ ക്യാമ്പിലൂടെ പത്താം വയസ്സിലാണ് ഫുട്‌ബോളിൽ പിച്ചവെച്ചത്. തുടർന്ന് സബ് ജൂനിയർ, ജൂനിയർ, യൂത്ത് വിഭാഗങ്ങളിലായി പാലക്കാടിനു കളിച്ചു.

ഉയരം വേണ്ട, ബുദ്ധി മതി

ഉയരക്കുറവുമൂലം തന്നെ പല ക്ലബ്ബുകളും തഴയുന്നതായി ധനരാജിന് കരിയറിന്റെ തുടക്കകാലത്ത് തോന്നിയിരുന്നു. ടീമിലെടുക്കാം എന്നുപറഞ്ഞവർ വിളിക്കാതായപ്പോൾ നിരാശയിലായിരുന്നു അക്കാലം. 170 സെന്റീ മീറ്ററായിരുന്നു ഉയരം.

അങ്ങനെ 2003-ലാണ് പരിശീലകൻ ടി.കെ. ചാത്തുണ്ണി വിവാ കേരളയിലേക്ക് ക്ഷണിക്കുന്നത്. ‘ഞാനില്ല സാറെ, എനിക്ക് ഉയരമില്ലല്ലോ’ എന്നു പറഞ്ഞ ധനരാജിനു ചാത്തുണ്ണി നൽകിയ മറുപടി ഇതായിരുന്നു-നിന്റെ ഉയരമല്ല, ബുദ്ധിയാണ് വേണ്ടത്.

അന്ന് ചാത്തുണ്ണിയുടെ പിന്നാലെപോയ ധനരാജ് പിന്നെ തിരിഞ്ഞുനോക്കിയില്ല. രണ്ടുവർഷം വിവാ കേരളയുടെ ക്യാപ്റ്റനായി. മോഹൻബഗാൻ, ഈസ്റ്റ് ബംഗാൾ, ചിരാഗ് യുണൈറ്റഡ്, മുഹമ്മദൻസ് സ്‌പ്പോർട്ടിങ് ക്ലബ്ബുകൾക്കായി തുടർന്ന് ജേഴ്‌സിയണിഞ്ഞു.

നാലുവർഷം മുമ്പാണ് പ്രൊഫഷണൽ ഫുട്‌ബോളിനോട് വിടപറഞ്ഞത്. ശേഷം എ.ഐ.എഫ്.എഫ്. ഡി ലൈസൻസ് നേടി പാലക്കാട് ടാലന്റ് ഫുട്‌ബോൾ അക്കാദമിയുടെ മുഖ്യപരിശീലകനായി പ്രവർത്തിക്കുകയായിരുന്നു.

16-ാം വയസ്സിൽ താജ് അപ്പോൾസ്റ്ററി പാലക്കാടിനുവേണ്ടിയായിരുന്നു സെവൻസിലെ അരങ്ങേറ്റം. ഇത്രയുംനാൾ വളർത്തിയ സെവൻസ് മൈതാനത്തുനിന്നാണ് ധനരാജ് യാത്രപറഞ്ഞത്. പെരിന്തൽമണ്ണ കാദറലി ടൂർണമെന്റിൽ പന്തിനെ സ്‌നേഹിച്ചിരിക്കുമ്പോഴുള്ള വിടപറച്ചിൽ ധനരാജിനെ സ്‌നേഹിക്കുന്നവർക്ക് എന്നും വേദനയായിരിക്കും.

Content Highlights: Footballer Dhanarajan died due to cardiac arrest