13 വര്‍ഷംമുമ്പ് പതിമ്മൂന്നാം വയസ്സില്‍, ജില്ലാ ഫുട്‌ബോള്‍ ടീമിലേക്ക് തിരഞ്ഞെടുപ്പിനുവേണ്ടി ബൈക്കില്‍ പോവുമ്പോള്‍ ബസ്സിടിച്ചുണ്ടായ അപകടം വൈശാഖിന്റെ ജീവിതത്തെ മാറ്റിമറിച്ചു.

ഫുട്‌ബോളിനെയും മൈതാനങ്ങളെയും ഏറെ പ്രണയിച്ച കോഴിക്കോട് പേരാമ്പ്ര ആവളക്കൊട്ടോത്തെ വൈശാഖിന്റെ വലതുകാല്‍ മുറിച്ചുമാറ്റി. എന്നാല്‍, അപകടം വൈശാഖിന്റെ കായികസ്വപ്നങ്ങള്‍ക്ക് ലോങ് വിസിലായെന്ന് കരുതിയെങ്കില്‍ തെറ്റി. ഊന്നുവടികളുമായി അതിവേഗം പന്തിനൊപ്പം സഞ്ചരിക്കാന്‍ കഴിയുന്ന ഈ ഇരുപത്തിയാറുകാരന്‍ ഇന്ന് അംഗപരിമിതരുടെ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റനാണ്. ഭിന്നശേഷിക്കാര്‍ക്കുള്ള സിറ്റിങ് വോളിബോള്‍ കളിയുടെ കേരള ക്യാപ്റ്റനും ഇന്ത്യന്‍ താരവുമാണ്.

ഫുട്‌ബോളിനോടുള്ള താത്പര്യവും മൈതാനങ്ങളുടെ ആരവവുമാണ് സ്വപ്നങ്ങളിലേക്ക് ഒറ്റക്കാലില്‍ ഓടിയെത്താന്‍ വൈശാഖിനെ പ്രേരിപ്പിക്കുന്നത്. പല രാജ്യങ്ങളിലും ഇന്ത്യന്‍ ജേഴ്‌സിയണിഞ്ഞ് ഫുട്‌ബോളും വോളിബോളും കളിച്ചു. ഗുവാഹാട്ടിയില്‍ കഴിഞ്ഞതവണ നടന്ന ഐ.എസ്.എല്‍. ഫുട്‌ബോളില്‍ ഒരുമത്സരത്തിലെ മുഖ്യാതിഥി വൈശാഖായിരുന്നു.

മറ്റുള്ളവരെ പ്രചോദിപ്പിക്കുന്ന പ്രസംഗകനായ വൈശാഖിന്റെ മനക്കരുത്ത് പകരുന്ന വാക്കുകള്‍ വെറും വാക്കുകളല്ല, അത് സ്വന്തംജീവിതംതന്നെയാണ്. പാലക്കാട് എരിമയൂര്‍ ഗവ. ഹോമിയോ ഡിസ്‌പെന്‍സറിയില്‍ ഫാര്‍മസിസ്റ്റാണ് വൈശാഖ്. അടുത്തമാസം വിവാഹമാണ്, വധു ഒപ്പം പഠിച്ച ബാല്യകാലസഖിയും.

ജീവിതത്തിന്റെ സുവര്‍ണകാലത്ത് എല്ലാം നഷ്ടപ്പെട്ടു എന്നു കരുതുന്നവര്‍ക്ക്, പഴയകാലം തിരിച്ചുപിടിക്കാന്‍ പ്രചോദനമാണ് വൈശാഖിന്റെ ജീവിതം.