കൊച്ചി: കളിച്ചുനേടിയ ട്രോഫികൾ നിറഞ്ഞ ഷോക്കേസിനു മുന്നിൽനിന്ന് പൊന്നുമോനെ താലോലിക്കുമ്പോൾ സനീഷിന്റെ മുഖത്ത് പ്രതീക്ഷകളും സങ്കടങ്ങളും ഒരുപോലെയുണ്ടായിരുന്നു. കരൾരോഗം ബാധിച്ച് ഗുരുതരാവസ്ഥയിലുള്ള കുഞ്ഞിന് സ്വന്തംകരൾ പകുത്തുനൽകി ജീവിതത്തിലേക്കു തിരികെയെത്തിച്ചതിന്റെ പ്രതീക്ഷ. അതേസമയം, ജീവനുതുല്യം സ്നേഹിച്ച ഫുട്‌ബോളിന്റെ കളിക്കളങ്ങളിലേക്ക് ഇനിയൊരു തിരിച്ചുവരവുണ്ടാകുമോ എന്നറിയാത്തതിന്റെ സങ്കടവും. രണ്ടിനുമിടയിൽ സനീഷ് ഇപ്പോൾതേടുന്നത് ഒന്നുമാത്രം, മകന്റെ ചികിത്സ തുടരണം. അതിനു പണംകണ്ടെത്താൻ വായ്പയടക്കമുള്ള സാധ്യതകൾതേടുകയാണ് സനീഷ്.

കേരളത്തിനുവേണ്ടി സന്തോഷ് ട്രോഫി അടക്കമുള്ള ടൂർണമെന്റുകളിൽ കളിച്ച വരാപ്പുഴ ചിറക്കകം സ്വദേശി പി.എസ്. സനീഷിന്റെ ജീവിതം സങ്കടങ്ങളുടെ ഫൗൾപ്ലേ ആയതു പൊടുന്നനെയാണ്. രണ്ടാമത്തെ മകൻ ഒമ്പതുമാസം പ്രായമുള്ള അദ്വൈത് ശിവയ്ക്ക് കരളിലെ പിത്തസഞ്ചിയിലേക്ക് പിത്തരസം ഒഴുകുന്നത് തടസ്സപ്പെട്ടതായിരുന്നു തുടക്കം.

പിന്നാലെ രക്തത്തിൽ ബിലിറൂബിന്റെ അളവ് ക്രമാതീതമായി കൂടിയതോടെ കരൾ മുഴുവൻ തകരാറിലായി. ശരീരഭാരം വല്ലാതെ കുറഞ്ഞുവന്ന കുഞ്ഞ് കഴിക്കുന്ന ഭക്ഷണം ഛർദിക്കാനും തുടങ്ങിയതോടെ ആരോഗ്യനില ഗുരുതരമായി. ഒടുവിൽ ആസ്റ്റർ മെഡ്‌സിറ്റി ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് കരൾ മാറ്റിവെക്കുകയല്ലാതെ മാർഗമില്ലെന്നു തിരിച്ചറിഞ്ഞത്.

കുഞ്ഞിനുവേണ്ടി സ്വന്തംകരൾ പകുത്തുനൽകാൻ സനീഷ് തീരുമാനിച്ചു. പോസ്റ്റൽവകുപ്പിലെ ജോലിയടക്കം ജീവിതത്തിലെ എല്ലാംനൽകിയ ഫുട്‌ബോൾ 32-ാംവയസ്സിൽ ഉപേക്ഷിക്കേണ്ടിവരുമെന്ന സങ്കടമുണ്ടായിരുന്നെങ്കിലും കുഞ്ഞിനെക്കാൾ വലുതായിരുന്നില്ലയൊന്നും. നാട്ടുകാരും സുഹൃത്തുക്കളും ചേർന്നു ധനസമാഹരണം നടത്തിയാണ് കുഞ്ഞിന്റെ ശസ്ത്രക്രിയക്കുള്ള തുക കണ്ടെത്തിയത്.

കുഞ്ഞ് സുഖംപ്രാപിച്ചുവരുന്നുണ്ടെങ്കിലും ജീവിതകാലംമുഴുവൻ മരുന്ന് കഴിക്കേണ്ടിവരുമെന്നാണ് ഡോക്ടർമാർ പറഞ്ഞത്. നാലുമാസത്തെ വിശ്രമത്തിനുശേഷം സനീഷ് ജോലിക്കു പോയിത്തുടങ്ങിയെങ്കിലും ഭാരമുള്ള ജോലികളൊന്നും ചെയ്യരുതെന്ന് ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്.

തേവര പോസ്‌റ്റോഫീസിൽ പോസ്റ്റൽ അസിസ്റ്റന്റായ സനീഷിന് പാർസലൊക്കെ കൈകാര്യംചെയ്യുമ്പോൾ ഭാരമെടുക്കേണ്ടിവരുമെങ്കിലും അതൊന്നും ചെയ്യിക്കാതെ സഹപ്രവർത്തകർ കരുതലെടുക്കുന്നുണ്ട്.

ഭാര്യ നിത്യയും മൂത്തമകൻ നാലുവയസ്സുകാരൻ ആരോഹിത്തും അടങ്ങുന്ന കുടുംബവുമായി മുന്നോട്ടുപോകുമ്പോഴും ഫുട്‌ബോൾ ഒരുസങ്കടമായി സനീഷിന്റെ മനസ്സിലുണ്ട്. “മൈതാനവും ഫുട്‌ബോളും ഇല്ലാത്ത ഒരുജീവിതം എനിക്കു സങ്കല്പിക്കാൻപോലുമാകില്ലായിരുന്നു. പക്ഷേ, കുഞ്ഞിന്റെ ജീവനെക്കാൾ വലുതല്ലല്ലോ അതൊന്നും. എന്നാലും ഞാനിപ്പോൾ ഒരുസ്വപ്നം കാണുന്നുണ്ട്. കരൾരോഗം ബാധിച്ചശേഷം ഫുട്‌ബോളിലേക്കു തിരിച്ചുവന്ന ലോകതാരം എറിക് അബിദാലിനെപ്പോലൊരു തിരിച്ചുവരവ്”- സനീഷ് പ്രതീക്ഷയോടെ പറഞ്ഞു.

content highlights: football player saneesh donates liver to son