തിരുവനന്തപുരം: സംസ്ഥാനത്ത് 2018-ലുണ്ടായ മഹാപ്രളയത്തെത്തുടർന്ന് കേന്ദ്രസർക്കാർ നൽകിയ 3004.85 കോടിയിൽ 2344.80 കോടി രൂപ ചെലവഴിച്ചതായി റവന്യൂ വകുപ്പ്. ഇതുസംബന്ധിച്ച ഏറ്റവും ഒടുവിലത്തെ റിപ്പോർട്ട് ജനുവരി 14-ന് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി വി. വേണു സമർപ്പിച്ചു. അനുവദിച്ച സഹായധനത്തിൽ പകുതിയോളം തുക ചെലവഴിച്ചില്ലെന്ന കേന്ദ്രത്തിന്റെ വാദമാണ് ഇതോടെ ഇല്ലാതായത്.

2018-ലെ പ്രളയസമയത്ത് അടിയന്തരമായി 100 കോടി രൂപ ലഭിച്ചിരുന്നു. പിന്നീട് അധികസഹായമായി 2904.85 കോടികൂടി കിട്ടി. 5616 കോടി രൂപയുടെ സഹായമാണ് കേന്ദ്രസർക്കാരിനോടു ചോദിച്ചത്. സംസ്ഥാന ദുരന്തപ്രതികരണ നിധിയിൽനിന്ന് 1141.81 കോടി ഇനി കൊടുത്തുതീർക്കണം. ജലസേചനസംവിധാനങ്ങളുടെ പുനർനിർമാണത്തിന് 536.7 കോടി, വീടുകളുടെ നഷ്ടയിനത്തിൽ കൊടുത്തുതീർക്കേണ്ടത് 200 കോടി, പ്രളയസമയത്ത് കേരളത്തിനുനൽകിയ അരിയുടെ വിലയായി 204 കോടി, റോഡുകൾ പുനർനിർമിക്കാൻ നൽകിയ ഇനത്തിൽ 201.11 കോടി രൂപ എന്നിങ്ങനെയാണ് ബാധ്യത.

പ്രളയദുരിതാശ്വാസമായി 2019 മാർച്ച് 31 വരെ 1317.64 കോടിയാണു ചെലവഴിച്ചത്. ഇക്കഴിഞ്ഞ ജനുവരി ഒൻപതുവരെ 1027.16 കോടിയും ചെലവിട്ടു. രണ്ടു സാമ്പത്തികവർഷത്തെ ചെലവും കണക്കാക്കുമ്പോൾ 2344.80 കോടി രൂപയാണ്‌ ചെലവായത്.

രണ്ടാമത്തെ പ്രളയദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ 2109 കോടി രൂപയുടെ അധികസഹായം അഭ്യർഥിച്ച് കേന്ദ്രത്തിന് വീണ്ടും സംസ്ഥാനം മെമ്മോറാണ്ടം നൽകിയെങ്കിലും ഒന്നുംകിട്ടിയില്ല.

Content Highlight: Floods: Kerala has spent Rs 2344 crore