പ്രളയം രൂക്ഷമായി ബാധിച്ച ഏഴ് ജില്ലകളിലായി 650 സ്കൂളുകൾ തകർന്നെന്ന് വിദ്യാഭ്യാസവകുപ്പ്. മൊത്തം നഷ്ടം കണക്കാക്കുന്നതേയുള്ളൂ. ഇതിനായി ഓരോ സ്കൂളും തദ്ദേശവകുപ്പ് എൻജിനീയർമാരുടെ സഹായത്തോടെ പരിശോധിക്കും.

പലതരത്തിലാണ് സ്കൂളുകളിലെ നാശനഷ്ടം. ചിലേടത്ത് താഴത്തെനില പൂർണമായി തകർന്നു. ചില സ്കൂളുകളിൽ കംപ്യൂട്ടർ, ലാബ്, ലൈബ്രറി, ഉപകരണങ്ങൾ, ഫർണിച്ചറുകൾ എന്നിവ നശിച്ചു. വൈദ്യുതി, വെള്ളം തകരാറുകൾ വേറെ. കെട്ടിടങ്ങൾക്കും നാശനഷ്ടമുണ്ടായി.

കുട്ടനാട്ടിൽ നൂറിലേറെ സ്കൂളുകൾക്ക് തകരാറുണ്ടായി. ഇവയെ പുനരുദ്ധരിക്കാൻ പ്രത്യേക പാക്കേജ് വേണ്ടിവരും. പുതുക്കിപ്പണിയുമ്പോൾ ഭാവിയിൽ വെള്ളം കയറാനുള്ള സാധ്യത പരമാവധി കുറയുന്ന തരത്തിലുള്ള നിർമാണത്തെക്കുറിച്ചും ആലോചനയുണ്ട്.

പൊതുവിദ്യാഭ്യാസ മേഖലയ്ക്കുള്ള പ്ലാൻ ഫണ്ടിൽനിന്ന് ഇതിന് പണം കണ്ടെത്തുക പ്രായോഗികമല്ല. 300 കോടിയോളം രൂപയാണ് പദ്ധതിയിനത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പിന് ലഭിക്കുന്നത്. ഇവ ഓരോ പദ്ധതിക്കായി വിനിയോഗിച്ച് വരുന്നു. പലതിനും ഭരണാനുമതിയായി. ചിലത് മുൻവർഷത്തേതിന്റെ തുടർ പ്രവർത്തനങ്ങൾക്കുള്ളതാണ്. അതുകൊണ്ടുതന്നെ പ്രളയം മൂലമുള്ള നാശനഷ്ടം നികത്താൻ കിഫ്ബി വഴി സർക്കാരിന്റെ പുനരുദ്ധാരണ പാക്കേജിനെ ആശ്രയിക്കേണ്ടിവരും.

ആയിരം കുട്ടികളിൽ കൂടുതൽ പഠിക്കുന്ന സ്കൂളുകൾക്ക് ഒരു കോടി രൂപയുടെ പദ്ധതി സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇത്തരം വലിയ സ്കൂളുകൾക്ക് ഈ ഫണ്ടിൽനിന്ന് പണം കണ്ടെത്താൻ കഴിയും.

എയ്ഡഡ് സ്കൂളുകൾക്ക് സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ച ചാലഞ്ച് ഫണ്ട് തുണയാകും. ഓരോ സ്കൂളും എത്ര തുക അടിസ്ഥാനസൗകര്യ വികസനത്തിനായി കണ്ടെത്തുന്നോ അത്രയും തുക സർക്കാരും നൽകുന്നതാണ് ചാലഞ്ച് ഫണ്ട്. പരമാവധി 50 ലക്ഷം രൂപ സർക്കാരിൽനിന്ന് ചാലഞ്ച് ഫണ്ട് ഇനത്തിൽ ഒരു സ്കൂളിന് ലഭിക്കും. എയ്ഡഡ് സ്കൂളുകൾക്ക് പ്രത്യേകമായി നഷ്ടപരിഹാരം അനുവദിക്കണോ എന്ന കാര്യത്തിലും തീരുമാനമെടുത്തിട്ടില്ല.