തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയക്കെടുതികളെത്തുടർന്ന് വിവിധ ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിഞ്ഞവർക്ക് 10,000 രൂപ ചൊവ്വാഴ്ചതന്നെ നൽകാൻ സർക്കാർ നിർദേശം. പ്രളയത്തിൽ തകർന്ന വാഹനങ്ങൾക്ക് ഇൻഷുറൻസ് തുക ലഭ്യമാക്കാൻ ഉടൻ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ഇൻഷുറൻസ് കമ്പനി പ്രതിനിധികളുടെ യോഗം വിളിക്കാനും തീരുമാനമായി. നേരത്തേ ഇതിനായി കമ്പനി പ്രതിനിധികളുമായി മുഖ്യമന്ത്രി ചർച്ച നടത്തിയിരുന്നു.

* താത്കാലികാശ്വാസമെന്ന നിലയിലാണ് ക്യാമ്പിൽ കഴിഞ്ഞവർക്ക് 10,000 രൂപ നല്കുന്നത്. തുടർച്ചയായ ബാങ്ക് അവധി കാരണമാണ് പലരുടെയും അക്കൗണ്ടിലേക്ക് പണം നൽകാനാവാതിരുന്നതെന്ന് തിങ്കളാഴ്ച രാവിലെ കളക്ടർമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ വിലയിരുത്തി.

* വെള്ളം കെട്ടിക്കിടക്കുന്ന പ്രദേശങ്ങളിൽനിന്ന് പമ്പുപയോഗിച്ച് വെള്ളം മാറ്റുന്നുണ്ട്. കിണറുകൾ മലിനമായ സ്ഥലങ്ങളിലും കുടിവെള്ളം വിതരണം മുടങ്ങിയ സ്ഥലങ്ങളിലും ജല അതോറിറ്റി കുടിവെള്ളം വിതരണം ചെയ്യും. കുട്ടനാട്, ചെങ്ങന്നൂർ മേഖലകളിൽ വാട്ടർ കിയോസ്കുകൾ സ്ഥാപിക്കും. കൂടാതെ വീടുകളിലും വെള്ളം വിതരണം ചെയ്യും.

* വീടുകളിലേക്ക് തിരിച്ചുപോകുന്ന മുഴുവൻ കുടുംബങ്ങൾക്കും ഭക്ഷണക്കിറ്റ് നൽകും. നേരത്തേ ക്യാമ്പ് വിട്ടുപോയവർക്കും കിറ്റ് നൽകും. തിരിച്ചുപോകുന്നവർക്ക് ഭക്ഷണം പാകംചെയ്യാനുള്ള പാത്രമോ മറ്റു സൗകര്യങ്ങളോ വീടുകളിലുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കാൻ കളക്ടർമാർക്ക് നിർദേശം നല്കി.

* വീടുകൾ താമസയോഗ്യമല്ലാതായവരുടെ വിവരവും നാശനഷ്ടങ്ങളുടെ കണക്കും ഉടൻ ശേഖരിക്കും.

* സ്കൂളുകൾ 29-ന് തുറക്കുമ്പോൾ സ്ഥലം ലഭ്യമല്ലെങ്കിൽ പകരം സംവിധാനം ഒരുക്കണം. കല്യാണമണ്ഡപങ്ങൾ, പൊതുഹാളുകൾ, ആൾത്താമസമില്ലാത്ത വലിയവീടുകൾ എന്നിവ ഇതിനായി ലഭിക്കുമോ എന്ന് പരിശോധിക്കണം.

* പകർച്ചവ്യാധിഭീഷണി നിലവിലുള്ളതിനാൽ വിദ്യാർഥികൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാതെ നോക്കണം. കിണർ ശുചിയാക്കുന്നതുവരെ കുടിവെള്ളം വീടുകളിൽ എത്തിക്കണം. നഷ്ടമായ സർട്ടിഫിക്കറ്റുകളും മറ്റും നല്കാൻ സെപ്റ്റംബർ മൂന്നിന് നടപടി തുടങ്ങും.

* ദുരിതാശ്വാസത്തിന്റെപേരിൽ പണപ്പിരിവ്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഫണ്ട് നൽകരുതെന്ന പ്രചാരണം തുടങ്ങിയവയ്ക്കെതിരേ നടപടിയെടുക്കാൻ പോലീസിന് മുഖ്യമന്ത്രി നിർദേശം നൽകി.

* സാധനങ്ങൾക്ക് കൊള്ളവില ഈടാക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ നടപടിയെടുക്കും.

* രക്ഷാ-ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ നേതൃത്വം നല്കിയ കളക്ടർമാരെ മുഖ്യമന്ത്രി അനുമോദിച്ചു.

ക്യാമ്പുകളിൽ 3.42 ലക്ഷം പേർ

നിലവിൽ 1,093 ദുരിതാശ്വാസ ക്യാമ്പുകളിലായി 3,42,699 പേരുണ്ട്. ഓഗസ്റ്റ് എട്ടു മുതൽ 27 വരെ 322 പേർ മരിച്ചു. കുറച്ചുദിവസംകൂടി ക്യാമ്പുകൾ തുടരാനാണ് തീരുമാനം.

വൈദ്യുതിബന്ധം പുനഃസ്ഥാപിക്കുന്ന നടപടികൾ തുടരുകയാണ്. ഇനി 56,000 കണക്ഷനുകൾ പുനഃസ്ഥാപിക്കാനുണ്ട്. ഇതിനകം നാലു ലക്ഷത്തോളം പക്ഷികളുടെയും 18,532 ചെറിയ മൃഗങ്ങളുടെയും 3,766 വലിയ മൃഗങ്ങളുടെയും ജഡങ്ങൾ സംസ്കരിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.