കാക്കനാട്: യു.എസിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ഒഴുക്കില്‍പ്പെട്ട കുടുംബത്തെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് കാക്കനാട്ടെ സൗമ്യയുടെ വീടു ദുഃഖസാന്ദ്രമായി. ഡോറക്രീക്കില്‍ ഉണ്ടായ വെള്ളപ്പൊക്കത്തിലാണ് പറവൂര്‍ തോട്ടപ്പള്ളി സന്ദീപ് (42), ഭാര്യ സൗമ്യ (38), മക്കളായ സിദ്ധാന്ത് (12), സാച്ചി (ഒന്‍പത്) എന്നിവരെ വ്യാഴാഴ്ച രാത്രി കാണാതായത്.

കാക്കനാട് പടമുകള്‍ സാറ്റലൈറ്റ് ടൗണ്‍ഷിപ്പിലെ അക്ഷയയില്‍ സോമനാഥ പിള്ളയുടെയും രത്‌ന ലതയുടെയും മകളാണ് സൗമ്യ. കാണാതായ നാലു പേരേയും കണ്ടെത്താനുള്ള ശ്രമം നടത്തുകയാണ്. കൂടുതല്‍ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നാണ് സൗമ്യയുടെ വീട്ടുകാരും ബന്ധക്കളും പറയുന്നത്. ഓറിഗോണിലെ പോര്‍ട്ട്‌ലാന്‍ഡില്‍ നിന്ന് സനോസെയിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം ഈല്‍ നദിയില്‍ വീഴുകയായിരുന്നു. ദക്ഷിണ കാലിഫോര്‍ണിയയിലെ വലന്‍സിയയിലായിരുന്നു സന്ദീപിന്റെയും കുടുംബത്തിന്റെയും താമസം. ഇവര്‍ ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ പോയതായിരുന്നു. ഇതിനിടെയാണ് അപകടമുണ്ടായത്.

പറവൂര്‍ സ്വദേശിയായ തോട്ടപ്പിള്ളിയില്‍ ബാബു സുബ്രഹ്മണ്യത്തിന്റെ മകനാണ് സന്ദീപ്. സന്ദീപിന്റെ കുടുംബം വര്‍ഷങ്ങളായി സൂററ്റിലാണ് താമസിക്കുന്നത്. സന്ദീപ് യു.എസില്‍ ബാങ്ക് ഉദ്യോഗസ്ഥനാണ്. 13 വര്‍ഷം മുമ്പായിരുന്നു സന്ദീപ് - സൗമ്യ ദമ്പതിമാരുടെ വിവാഹം. അപകട വിവരം അറിഞ്ഞ് സൗമ്യയുടെ സഹോദരന്‍ ലിഖിത് ദുബായിയില്‍ നിന്ന് വ്യാഴാഴ്ച നാട്ടിലെത്തി.

യു.എസിലെ ബന്ധുവീട്ടില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ സഞ്ചരിച്ച മറൂണ്‍ നിറത്തിലുള്ള ഹോണ്ട പൈലറ്റ് വാഹനം വെള്ളപ്പൊക്കത്തില്‍ ഒഴുക്കില്‍പ്പെട്ടതായി വിവരം ലഭിക്കുന്നത്. സംഭവമറിഞ്ഞ് സന്ദീപിന്റെ സഹോദരന്‍ സച്ചിന്‍ അപകടസ്ഥലത്തെത്തിയിട്ടുണ്ടെന്ന് സൗമ്യയുടെ ബന്ധുക്കള്‍ പറഞ്ഞു.