ആലപ്പുഴ: റേഷൻ കടകളിൽ കെട്ടിക്കിടക്കുന്ന പ്രളയകാലത്തെ സൗജന്യ അരി പൊതുവിഭാഗത്തിന് (നോൺ പ്രയോറിറ്റി നോൺ സബ്സിഡി) 10.90 രൂപാ നിരക്കിൽ നൽകാൻ തീരുമാനം. തീരദേശ മത്സ്യതൊഴിലാളികൾക്ക് അഞ്ചുകിലോഗ്രാം സൗജന്യമായി നൽകിയശേഷം മിച്ചംവരുന്നതാണ് വിൽക്കുക. മത്സ്യത്തൊഴിലാളികൾക്ക് അഞ്ചുകിലോ സൗജന്യമായി നൽകാനും പൊതുവിഭാഗത്തിന് വിലയ്ക്ക് നൽകാനും ഇ-പോസിൽ ക്രമീകരണം നടത്തും. ഈ മാസംതന്നെ വിതരണം പൂർത്തിയാക്കും.

ഫിഷറീസ് വകുപ്പിൽനിന്ന് ഈ മാസം 10-നകം സൗജന്യ അരിക്ക് അർഹരായ കുടുംബങ്ങളുടെ പട്ടിക നൽകണം. കൂടുതൽ സ്റ്റോക്കുള്ള കടകളിൽനിന്ന് കുറവുള്ള കടകളിലേക്ക് മാറ്റും.

വിവിധ സന്നദ്ധസംഘടനകൾ പ്രളയബാധിത മേഖലകളിൽ അരി ഉൾപ്പെടെ ഒട്ടേറെ സാധനങ്ങൾ എത്തിച്ചിരുന്നു. ഇതോടെയാണ് സംസ്ഥാന സർക്കാർ അനുവദിച്ച സൗജന്യ അരി 14,000-ൽപരം റേഷൻ കടകളിൽ കെട്ടിക്കിടന്നത്.

ഒരുവർഷത്തോളമായി സൂക്ഷിക്കുന്ന അരി നൽകാൻ അനുവദിക്കണമെന്ന് റേഷൻ വ്യാപാരികൾ പലവട്ടം ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ല. ഒടുവിൽ, കടലേറ്റവും ട്രോളിങ് നിരോധനവുംമൂലം ദുരിതമനുഭവിക്കുന്ന മത്സ്യത്തൊഴിലാളികൾക്ക് നൽകാൻ ജൂണിൽ തീരുമാനിച്ചു. എന്നാൽ, ഇ-പോസിൽ ക്രമീകരണങ്ങൾ നടത്താത്തിനാൽ വിതരണം നടന്നില്ല.

റേഷൻ വ്യാപാരികളുടെയും മത്സ്യമേഖലയിലുള്ള സംഘടനകളുടെയും പ്രതിഷേധം വ്യാപകമായതോടെയാണ് അരിയുടെ കാര്യത്തിൽ തീരുമാനമായത്. ഓരോ റേഷൻ കടയിലും 10 മുതൽ 50 ക്വിൻറൽ അരിവരെയാണ് മിച്ചമുള്ളത്.