ചെറുതോണി: ഇടുക്കി അണക്കെട്ടിൽ സോളാർപാനൽ സ്ഥാപിച്ചും വൈദ്യുതി ഉത്പാദനം നടത്താമെന്ന് സാധ്യതാപഠനത്തിൽ കണ്ടെത്തി. റിസർവോയറിന്റെ കുളമാവ്, വെള്ളാപ്പാറ, അഞ്ചുരുളി പ്രദേശങ്ങളിൽ സോളാർ പാനൽ സ്ഥാപിക്കുന്നതിനാണ് പഠനം നടത്തിയത്.

ഓരോ സ്ഥലത്തും കുറഞ്ഞത് 100 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുവാൻ ശേഷിയുള്ള സോളാർ പാനലാണ് സ്ഥാപിക്കുന്നത്. വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന രീതിയിലാകും ഇവ.

കല്ലാർകുട്ടി, ചെങ്കുളം, ആനയിറങ്കൽ അണക്കെട്ടുകളിലും പാനൽ സ്ഥാപിക്കാനുള്ള സാധ്യത പരിശോധിച്ചു. റിസർവോയറിലൂടെ ബോട്ടിൽ സഞ്ചരിച്ചായിരുന്നു പഠനം.

കെ.എസ്.ഇ.ബി.യും എൻ.ടി.പി.സി.യും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. എൻ.ടി.പി.സി. സീനിയർ മാനേജർ അഭിലാഷ് കുമാർ, ആഷിക് തോമസ്, സതീഷ് യാദവ്, ബോർഡ് ഇലക്‌ട്രിക്കൽ എക്‌സിക്യൂട്ടീവ് എൻജിനിയർ വിൻസന്റ് വർഗീസ്, ഡാം സേഫ്റ്റി എക്‌സിക്യൂട്ടീവ് എൻജിനീയർ വി.എസ്.ബാലു തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പഠനം.

Content Highlights: Floating Solar Panel, Idukki Dam,