കല്പറ്റ: കേരളം വീണ്ടും മഹാപ്രളയത്തിന്റെ പിടിയിൽ. നാടിനെ കണ്ണീരിലാഴ്ത്തി വയനാട്ടിൽ വൻദുരന്തം. മേപ്പാടി പുത്തുമലയിലുണ്ടായ ഉരുൾപൊട്ടലിൽ ഒട്ടേറെപ്പേർ മണ്ണിനടിയിൽപ്പെട്ടതായി സംശയിക്കുന്നു. 40 പേർ മണ്ണിനടിയിൽപ്പെട്ടതായി വാർഡംഗം പി. ചന്ദ്രൻ പറഞ്ഞു.

രണ്ട് എസ്റ്റേറ്റ് പാടികൾ, മൂന്നു വീടുകൾ, ഒരു മുസ്‌ലിം പള്ളി, ഒരു ക്ഷേത്രം, വാഹനങ്ങൾ എന്നിവ പൂർണമായും മണ്ണിനടിയിലായെന്ന് മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. സഹദ് പറഞ്ഞു. എഴുപതോളം വീടുകൾ തകർന്നതായി നാട്ടുകാർ പറയുന്നു. പരിക്കേറ്റ പത്തുപേരെ മേപ്പാടി വിംസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ രണ്ടുപേർക്ക് തലയ്ക്ക് ഗുരുതരമായ പരിക്കുണ്ട്.

വ്യാഴാഴ്ച വൈകീട്ട് 5.30-ഒാടെയാണ് ദുരന്തം. സെൻറിനൽ റോക്ക് തേയില എസ്റ്റേറ്റിന് നടുവിലെ ചെരിഞ്ഞ പ്രദേശമാണിത്. പെട്ടെന്ന് വൻശബ്ദത്തോടെ ഒരു പ്രദേശമാകെ ഇടിഞ്ഞുവരികയായിരുന്നു. ഈ സമയം എസ്റ്റേറ്റ് പാടിയിലും ആരാധനാലയങ്ങളിലും ആളുകളുണ്ടായിരുന്നു. ശക്തമായ വെള്ളത്തിൽപ്പെട്ട് ഒഴുകിയെത്തിയ മൂന്നുപേരെ നാട്ടുകാർ രക്ഷപ്പെടുത്തി.

രാവിലെ ആളുകളോട് ഇവിടെനിന്ന് ഒഴിഞ്ഞുപോവാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ഭൂരിഭാഗംപേരും പോയിട്ടില്ലെന്നാണ് കരുതുന്നത്. പ്രദേശത്തേക്ക് എത്തിപ്പെടാനാവാത്ത സാഹചര്യമാണ്. കള്ളാടി എന്ന സ്ഥലത്തുനിന്ന് അഞ്ചുകിലോമീറ്ററോളം നടന്നാൽ മാത്രമേ സ്ഥലത്തെത്താനാകൂ. ഉരുൾപൊട്ടൽ സാധ്യതയുള്ള മേഖലയാണിവിടം. തുടക്കത്തിൽ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. പിന്നീട് കളക്ടർ ഉൾപ്പെടെ ഉദ്യോഗസ്ഥരും പോലീസും അഗ്നിരക്ഷാസേനയും കേന്ദ്രസേനയുടെ ഒരു യൂണിറ്റും രാത്രിയോടെ സ്ഥലത്തെത്തി. രാത്രി വൈകി 300-ഓളം പേരെ സമീപ പ്രദേശങ്ങളിൽനിന്ന് മുണ്ടക്കൈ ഫോറസ്റ്റ് ഓഫീസിലേക്ക് മാറ്റിപ്പാർപ്പിച്ചു. പുത്തുമലയ്ക്കുസമീപം കാർയാത്രക്കാരായ നാലുപേരെ കാണാതായതായും സംശയമുണ്ട്.

ഇതിനുപുറമേ, വയനാട്ടിൽ മണ്ണിടിഞ്ഞ് മൂന്നുപേർകൂടി മരിച്ചു. മുട്ടിലിൽ മണ്ണിടിഞ്ഞ് ദമ്പതിമാരും പനമരത്ത് വെള്ളപ്പൊക്കത്തിൽ വീടൊഴിയുന്നതിനിടെ യുവതിയുമാണ് മരിച്ചത്. മാതോത്തുപൊയിൽ കാക്കത്തോട് കോളനിയിലെ ബാബുവിന്റെ ഭാര്യ മുത്തു (24), മുട്ടിൽ പഴശ്ശി കോളനിയിലെ ഉരുൾപൊട്ടലിൽ മഹേഷ് (23), ഭാര്യ പ്രീതു (19) എന്നിവരുമാണ് മരിച്ചത്. സംസ്ഥാനത്ത് മഴക്കെടുതിയിൽ വ്യാഴാഴ്ച മാത്രം 11പേർ മരിച്ചതായി സ്ഥിരീകരിച്ചു. ഇടുക്കി (3), കണ്ണൂർ, തൃശ്ശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിൽ ഒരോരുത്തരുമാണ് മരിച്ചത്.

ഇന്നും നാളെയും ശക്തമായ മഴ

:വെള്ളിയാഴ്ചയും ശനിയാഴ്ചയും സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. തിങ്കളാഴ്ചവരെ മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും ഞായറാഴ്ചയോടെ ശക്തി കുറയാനാണ് സാധ്യത. ഇടുക്കി, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളുടെ

പലഭാഗങ്ങളും ഉരുൾപൊട്ടലും വെള്ളപ്പൊക്കവുംകാരണം ഒറ്റപ്പെട്ടു. ഈ ജില്ലകളിൽ കനത്ത മഴതുടരുകയാണ്. ഇവിടെ തീവ്രമഴയ്ക്കുള്ള അതിജാഗ്രതാ നിർദേശമായ റെഡ് അലർട്ട് വെള്ളിയാഴ്ചത്തേക്ക് നീട്ടി.

Content Highlights: flash flood in kerala-11 dead