തിരുവനന്തപുരം: കഴിഞ്ഞവർഷവും ഇതേ ദിവസങ്ങളിലാണ് കേരളം പ്രളയഭീഷണിയിൽ നടുങ്ങിനിന്നത്. അന്ന് ഓഗസ്റ്റ് എട്ടുമുതൽ 22 വരെ കേരളം കണ്ടത് അഭൂതപൂർവമായ മഴയും മഹാപ്രളയവും. ഇന്നും അതേ ദിവസങ്ങളിൽ കനത്തമഴ പെയ്യുമ്പോൾ നാട് ആശങ്കയിലാണ്.

ഇപ്പോൾ പല ജില്ലകളിലുമുണ്ടായത് മിന്നൽപ്രളയം (ഫ്ലാഷ് ഫ്ലഡ്) എന്നാണ് ദുരന്തനിവാരണ അതോറിറ്റി വിലയിരുത്തുന്നത്. ഏതാനും ദിവസങ്ങൾക്കുള്ളിൽ അതിശക്തമായ മഴപെയ്ത് വെള്ളം പൊങ്ങുന്ന പ്രതിഭാസം. വടക്കൻ ജില്ലകളിൽ, പ്രത്യേകിച്ച് വയനാട്ടിലും കണ്ണൂരിലും കഴിഞ്ഞവർഷം ഇതേ ദിവസങ്ങളിലുണ്ടായതിനെക്കാൾ കൂടുതൽ മഴപെയ്തു.

കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച് വൈത്തിരിയിൽ ഇത്തവണ ഓഗസ്റ്റ് എട്ടിന് 24 സെന്റീമീറ്റർ മഴപെയ്തു. കഴിഞ്ഞവർഷം ഇതേദിവസം 14 സെന്റീമീറ്ററും. മാനന്തവാടിയിൽ ഇത് 25-ഉം 12-ഉം ആണ്. പീരുമേട്ടിലും മൂന്നാറിലുമെല്ലാം ഇതാണ് സ്ഥിതി.

കഴിഞ്ഞ ഓഗസ്റ്റ് 15, 16 തീയതികളിൽ തെക്കൻജില്ലകളിലുണ്ടായ അതിശക്തമായ മഴയാണ് രൂക്ഷമായ പ്രളയത്തിനു കാരണമായത്. അതേതോതിലുള്ള മഴയ്ക്കുള്ള സാധ്യത ഇതുവരെയില്ലെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ വിലയിരുത്തൽ.

കഴിഞ്ഞവർഷം ജൂണിലും ജൂലായിലും അധികം മഴയാണ് കേരളത്തിൽ ലഭിച്ചത്. ഓഗസ്റ്റിലെ കനത്തമഴ കൂടിയായപ്പോൾ മഹാപ്രളയമായി. ഇത്തവണ ജൂണിലും ജൂലായിലും മഴ കുറവായിരുന്നു. വയനാട്ടിൽ ഓഗസ്റ്റ് നാലുവരെ 50 ശതമാനത്തിലേറെ മഴ കുറവായിരുന്നു.

പേടിക്കേണ്ടത് ഉരുൾപൊട്ടലിനെ

മഴ കുറഞ്ഞാലും കൂടിയാലും ഇത്തവണ കൂടുതൽ ജാഗ്രത വേണ്ടത് ഉരുൾപൊട്ടലിനെപ്പറ്റിയാണെന്ന് ദുരന്തനിവാരണ അതോറിറ്റിയിലെ ഹസാഡ് അനലിസ്റ്റ് ഫഹദ് മർസൂക്. ഉരുൾപൊട്ടലുകളും മണ്ണിടിച്ചിലുമായി കഴിഞ്ഞവർഷം അയ്യായിരത്തോളം അപകടങ്ങളുണ്ടായി. 180-ഓളം പേർ മരിച്ചു. അതുകാരണം ഭൂമി ദുർബലമാണ്. മഴവെള്ളമിറങ്ങുമ്പോൾ ഇവിടങ്ങളിൽ വീണ്ടും ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ട്. അപകടസാധ്യതയുള്ള പ്രദേശങ്ങളിൽനിന്ന് അധികൃതരുടെ നിർദേശമനുസരിച്ച് മാറിപ്പോകാൻ ജനം തയ്യാറാകുക മാത്രമാണ് ദുരന്തങ്ങൾ ഒഴിവാക്കാനുള്ള മാർഗം.

13 അണക്കെട്ടുകൾ തുറന്നു; വലിയ അണക്കെട്ടുകൾ സുരക്ഷിതം

കനത്തമഴയെത്തുടർന്ന് 13 അണക്കെട്ടുകൾ തുറന്നു. ഷട്ടറില്ലാത്തതിനാൽ കവിഞ്ഞൊഴുകുന്ന ചെറിയ അണക്കെട്ടുകൾ ഉൾപ്പെടെയാണിത്. എന്നാൽ, വലിയ അണക്കെട്ടുകളിലെ ജലനിരപ്പ് കഴിഞ്ഞവർഷത്തെക്കാൾ വളരെക്കുറവാണ്.

തുറന്ന അണക്കെട്ടുകൾ

മലങ്കര, കല്ലാർകുട്ടി, ലോവർപെരിയാർ, ഹെഡ് വർക്‌സ്, കല്ലാർ ഡൈവേർഷൻ, ഇരട്ടയാർ, കുറ്റ്യാടി, പെരിങ്ങൽക്കുത്ത്, പെരുന്തേനരുവി, മണിയാർ, കുണ്ടല, മംഗളം, കാഞ്ഞിരംപുഴ.

ബാണാസുരസാഗർ തുറക്കും

ഇതിനകം അറുപത് ശതമാനത്തോളം നിറഞ്ഞ ബാണാസുരസാഗർ ഉടൻ തുറക്കാൻ വൈദ്യുതി ബോർഡ് തീരുമാനിച്ചു. എന്നാൽ, വെള്ളമൊഴുകേണ്ട പ്രദേശങ്ങളിൽ ഇപ്പോൾത്തന്നെ വെള്ളമുള്ളതിനാൽ ഇതു കരുതലോടെ വേണമെന്നാണ് നിർദേശം. ഇടുക്കി ഉൾപ്പെടെയുള്ള വലിയ അണക്കെട്ടുകളിൽ ഇത്തവണ ജലനിരപ്പ് താഴ്ന്നാണ്.

മലമ്പുഴയിൽ 33.38 ശതമാനം വെള്ളമാണുള്ളത്. മറ്റു വലിയ അണക്കെട്ടുകളിലെ ജലനിരപ്പ് ശതമാനത്തിൽ. കഴിഞ്ഞവർഷത്തേത് ബ്രായ്ക്കറ്റിൽ. പമ്പ-22.86 (95.84), കക്കി-22.86 (95.84), ഷോളയാർ -31.64 (100), ഇടമലയാർ -28.42 (97.24).